11 കേസുകളിലെ പ്രതി എം.ഡി.എം.എ.യുമായി വീണ്ടും അറസ്റ്റിൽ; പിടികൂടിയത് നിർത്താതെപോയ കാർ പിന്തുടർന്ന്

#സ്വന്തം ലേഖകൻ
അഫ്നാസ്, റിൻഷ ഫാത്തിമ
അഫ്നാസ്, റിൻഷ ഫാത്തിമ

കോഴിക്കോട്: 11 കേസിൽ പ്രതിയായ ആൾ എം.ഡി.എം.എ.യുമായി വീണ്ടും പോലീസ് പിടിയിൽ. പേരാമ്പ്ര പള്ളിച്ചാലിൽ അഫ്നാസ് (27), പാലക്കാട് എടത്തനാട്ടുകര കല്ലിങ്ങൽ റിൻഷാ ഫാത്തിമ (23) എന്നിവരാണ് പിടിയിലായത്. കുന്ദമംഗലം പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് കഴിഞ്ഞദിവസം രാത്രി പത്തരയോടെ ചാത്തമംഗലം എൻ.ഐ.ടി.ക്ക് അടുത്തുവെച്ച് പ്രതികൾ പിടിയിലാകുന്നത്.

അഫ്നാസിനെതിരെ പേരാമ്പ്ര, ബാലുശ്ശേരി, താമരശ്ശേരി തുടങ്ങി വിവിധ പോലീസ് സ്റ്റേഷനുകളിൽ എൻ.ഡി.പി.എസ്. അടക്കം 11 കേസുകളുണ്ട്. റിൻഷാ ഫാത്തിമയ്ക്കെതിരേ മൂന്ന് കേസുകളുമുണ്ട്. എൻ.ഐ.ടി.യിലെ തത്വ 2026-ന്റെ സുരക്ഷയുടെ ഭാഗമായുണ്ടായിരുന്ന കുന്ദമംഗലം എസ്.ഐ. ഏലിയാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംശയകരമായ സാഹചര്യത്തിൽ അതുവഴിവന്ന കാറിന് കൈകാണിക്കുകയായിരുന്നു.

എന്നാൽ, പോലീസിനെ കണ്ടതോടെ കാർ അതിവേഗത്തിൽ നിർത്താതെ ഓടിച്ചുപോയി. ഉടൻതന്നെ പോലീസ് വാഹനത്തെ പിന്തുടർന്നു. കാർ പിന്നീട് എൻ.ഐ.ടി. മെഗാ ഹോസ്റ്റലിന് സമീപമുള്ള അപ്പാർട്ട്മെന്റിന്റെ പാർക്കിങ് ഏരിയയിൽ നിർത്തിയ നിലയിൽ പോലീസ് കണ്ടെത്തി. തുടർന്ന്, പോലീസ് നടത്തിയ പരിശോധനയിൽ കാറിൽ 11.90 ഗ്രാം എം.ഡി.എം.എ. കണ്ടെത്തി. കസ്റ്റഡിയിലെടുത്ത ഇരുവരെയും കുന്ദമംഗലം പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.

Content Highlights: Afnas (27), accused in 11 cases, and Rinsha Fathima (23) arrested near NIT Kozhikode., Police seized 11.90 grams of MDMA from their car after a brief chase.