കോവളം ജങ്ഷനിൽ എംഡിഎംഎയും ഹാഷിഷ് ഓയിലുമായി യുവാക്കൾ അറസ്റ്റിലായ സംഭവം; മുഖ്യപ്രതി പിടിയിൽ

#ന്യൂസ് ഡെസ്ക്
കോവളം പോലീസ് അറസ്റ്റുചെയ്ത ആകാശ്
കോവളം പോലീസ് അറസ്റ്റുചെയ്ത ആകാശ്

കോവളം: എം.ഡി.എം.എ.യും ഹാഷിഷ് ഓയിലുമായി യുവാക്കളെ സിറ്റി ഡാൻസാഫ് സംഘം പിടികൂടിയ സംഭവത്തിലെ മുഖ്യപ്രതിയെ കോവളം പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തു. കുളത്തൂർ വാർഡിൽ പനയുടെമൂട് നാലാഞ്ചിറ ശ്രീഭഗവതി ക്ഷേത്രത്തിന് സമീപം വിളയിൽ വീട്ടിൽ ആകാശ്(26) ആണ് അറസ്റ്റിലായത്.

ആകാശിന്റെ സംഘത്തിലുളള തുമ്പ സ്വദേശി സച്ചു, ശ്രീകാര്യം സ്വദേശി അഖിൽ കൃഷ്ണൻ എന്നിവരെ നാലുമാസം മുമ്പ് ദേശീയപാതയിലെ കോവളം ജങ്ഷനിൽവെച്ച് സിറ്റി ഡാൻസാഫ് സംഘം പിടികൂടിയിരുന്നു. ആ സമയത്ത് അവരുടെ പക്കൽനിന്ന് 190 ഗ്രാം എം.ഡി.എം.എ.യും ഹാഷിഷ് ഓയിലും പിടിച്ചെടുത്തിരുന്നു.

ഈ പ്രതികളെ കോവളം പോലീസിന് കൈമാറിയിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഘത്തിലെ മുഖ്യ കണ്ണിയായ ആകാശിനെക്കുറിച്ച് വിവരം ലഭിച്ചത്. കോവളം സി.ഐ. വി.എം. ശ്രീകുമാർ, എസ്.സി.പി.ഒ.മാരായ ശ്രീനാഥ്, പ്രവീൺ എന്നിവരുൾപ്പെട്ട സംഘമാണ് ആകാശിനെ അറസ്റ്റുചെയ്തത്.

ആകാശിന്റെ പേരിലുളള കാറ് ഉൾപ്പെട്ട നാലുവാഹനങ്ങൾ കണ്ടുകെട്ടും. ഇതേ കേസിൽ നേരത്തെ കോവളം പോലീസ് അറസ്റ്റുചെയ്തിരുന്ന സച്ചു, അഖിൽ കൃഷ്ണൻ എന്നിവരുടെ സ്വത്തുക്കളും കണ്ടുകെട്ടുന്നതിനുളള നടപടികൾ പൂർത്തിയായി വരുന്നുണ്ടെന്നും സി.ഐ. വി.എം. ശ്രീകുമാർ അറിയിച്ചു.