15 ലക്ഷം തന്നില്ലെങ്കിൽ പോക്സോ കേസിൽ കുടുക്കും; 73-കാരനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം

കോട്ടുവള്ളി: വയോധികനെ പോക്സോ കേസിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമം. കോതകുളത്ത് താമസിക്കുന്ന എഴുപത്തിമൂന്നുകാരൻ ഇതുസംബന്ധിച്ച് പറവൂർ പോലീസിലും മുനമ്പം ഡിവൈ.എസ്.പി.ക്കും പരാതി നൽകി.
തപാലിൽ ലഭിച്ച ഊമക്കത്തിൽ അയൽവാസിയുടെ കുട്ടികളോട് മോശമായി പെരുമാറിയതിന്റെ വീഡിയോ കൈവശമുണ്ടെന്നും ചോദിക്കുന്ന പണം തന്നില്ലെങ്കിൽ ഇദ്ദേഹത്തിന്റെ മകൾക്കുൾപ്പടെ ഇത് അയച്ചു കൊടുക്കുമെന്നും പറയുന്നു. പ്രശ്നം പുറത്തു വരാതിരിക്കണമെങ്കിൽ 15 ലക്ഷം രൂപ നൽകണമെന്നും മുൻകൂറായി രണ്ടുലക്ഷം രൂപ തൊട്ടടുത്ത കടയിൽ എൽപ്പിക്കണമെന്നും ഇല്ലെങ്കിൽ സാമൂഹിക മാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിക്കുമെന്നും കത്തിലുണ്ട്.
സംശയമുള്ള വ്യക്തിയുടെ പേര് പോലീസിനെ അറിയിച്ചിട്ടുണ്ടെന്നും തനിക്കെതിരേ ഗൂഢാലോചന നടത്തുന്നയാളെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നും വയോധികൻ ആവശ്യപ്പെട്ടിട്ടുണ്ട്. പറവൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Content Highlights: A 73-year-old man in Kottuvally faces extortion threats of Rs 15 lakh via a fake POCSO case letter.