ഇറിഡിയം തട്ടിപ്പ്; ഇടപാടുകാർക്ക് നോട്ടെണ്ണുന്ന യന്ത്രം വിറ്റു, കോടികൾ മാത്രം കിട്ടിയില്ല

#വർഗീസ് സി. ജോർജ്
കോട്ടയം നഗരത്തിലെ ലോഡ്ജിൽ, പണം എണ്ണാനുള്ള യന്ത്രം വിതരണം ചെയ്യുന്നു (തട്ടിപ്പിന് ഇരയായവർ, അവരുടെ മുഖം മറച്ചാണ് ചിത്രം മാതൃഭൂമിക്ക് നൽകിയത്)
കോട്ടയം നഗരത്തിലെ ലോഡ്ജിൽ, പണം എണ്ണാനുള്ള യന്ത്രം വിതരണം ചെയ്യുന്നു (തട്ടിപ്പിന് ഇരയായവർ, അവരുടെ മുഖം മറച്ചാണ് ചിത്രം മാതൃഭൂമിക്ക് നൽകിയത്)

കോട്ടയം : ഇറിഡിയം വ്യവസായത്തിന്റെ പേരിൽ കോടികൾ ലാഭം വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിൽ കോട്ടയത്തുമാത്രം ഇരയായത് ഇരുനൂറിലേറെ പേർ. ഇവരിൽനിന്ന് 200 കോടിയിലേറെ രൂപയാണ് പ്രതികൾ തട്ടിയെടുത്തത്.

വിദേശത്തുനിന്ന് തിരിച്ചെത്തി സമൂഹസേവനത്തിന്റെ ഭാഗമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തുന്ന പൊതിച്ചോർ വിതരണം ചെയ്യുമ്പോഴാണ് കോട്ടയം സ്വദേശിനിയെ, തട്ടിപ്പുസംഘത്തിലെ കൊല്ലം സ്വദേശിയെ പരിചയപ്പെടുന്നത്. ഇയാളാണ് തട്ടിപ്പുകാരുടെ പ്രധാന ഇടനിലക്കാരനായ ഹരിപ്പാട് സ്വദേശിയുമായി അടുപ്പിച്ചത്. കോട്ടയം സ്വദേശിനിക്ക് നഷ്ടമായത് 50 ലക്ഷത്തിലേറെ രൂപയാണ്.

ഒരുലക്ഷം നൽകിയാൽ ഒരുകോടിയാണ് കോട്ടയം സ്വദേശിനിക്ക് നൽകിയ വാഗ്ദാനം. ആദ്യം അഞ്ച് ലക്ഷം നൽകിയ ഇവരോട് പലതവണകളായി 30 ലക്ഷം രൂപ തട്ടിപ്പുകാർ വാങ്ങി. പിന്നീട് ഇവർ കടം വാങ്ങിയും പ്രതിക്ക് പണം നൽകി. ലാഭമായി ‘ലഭിച്ച തുക’ പിൻവലിക്കുന്നതിന്റെ നികുതി അടയ്ക്കാനെന്ന് പറഞ്ഞ് വീണ്ടും പണം ആവശ്യപ്പെട്ടു. ഇതിന് പണം ഇല്ലാതെ വന്നതോടെ 20 പവൻ സ്വർണവും തട്ടിപ്പുസംഘത്തെ എല്പിച്ചു.

തട്ടിപ്പിനിരയായവർ പണം മടക്കി ആവശ്യപ്പെട്ടതോടെ, തുക നൽകാനെന്ന പേരിൽ എല്ലാവരേയും ദുബായ്, മുബൈ, ഡൽഹി, ചെന്നൈ എന്നിവിടങ്ങളിലെത്തിച്ചും കബളിപ്പിച്ചു. ഒൻപത് തവണയാണ് കോട്ടയം സ്വദേശിനിയെ പ്രതികൾ ചെന്നൈയിൽ വിളിച്ചുവരുത്തിയത്. എല്ലാവരെയും വെറുംകൈയോടെയാണ് തിരിച്ചയച്ചത്.

ലഭിക്കുന്ന കോടികൾ എണ്ണിത്തിട്ടപ്പെടുത്താൻ യന്ത്രം വാങ്ങണമെന്നും തട്ടിപ്പുകാർ ആവശ്യപ്പെട്ടു. കിട്ടിയാലുടൻ എണ്ണണമെന്നും പിന്നീടുള്ള പരാതി സ്വീകരിക്കില്ലെന്നും അറിയിച്ചതോടെ എല്ലാവരും നോട്ടെണ്ണൽ യന്ത്രം വാങ്ങാൻ തയ്യാറായി. ഇതിനുള്ള പണവും ഇരകളിൽനിന്ന് ഈടാക്കി. മാസങ്ങൾമുമ്പ് കോട്ടയത്തെ ലോഡ്ജിൽ യോഗം വിളിച്ച് യന്ത്രങ്ങൾ നൽകി. യന്ത്രവുമായി കാത്തിരുന്ന് മാസങ്ങൾ കഴിഞ്ഞിട്ടും നോട്ട് മാത്രം കിട്ടിയില്ല.

തട്ടിപ്പിന് ഉപയോഗിച്ചത് റിസർവ് ബാങ്കിന്റെ വ്യാജ കത്ത്

ഇറിഡിയം വ്യവസായത്തിൽ, റോയൽ ബാങ്ക് ഓഫ് കാനഡയിൽനിന്ന് രാജമാണിക്യം എന്നയാളുടെ പേരിൽ ക്രെഡിറ്റ് ചെയ്തിട്ടുള്ള തൊണ്ണൂറ്റാറായിരം കോടി രൂപ ഉടമയ്ക്ക് നൽകാൻ തീരുമാനമായെന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലെറ്റർ പാഡിലുള്ള കത്ത് തെളിവായി കാണിച്ചാണ് സംഘം തട്ടിപ്പിനുള്ള ഇരകളെ പിടിച്ചിരുന്നത്. 2014 മുതൽ 2021 വരെയുള്ള തുകയാണിതെന്ന് റിസർവ് ബാങ്ക് ഗവർണറുടെ ഒപ്പും സീലുംപതിച്ച വ്യാജ കത്തിൽ ഉണ്ട്.

കുമരകത്ത് റിസോർട്ടിൽ ചേർന്ന ഇടപാടുകാരുടെ യോഗത്തിന്, സംഘത്തിന്റെ പ്രധാനി അഹമ്മദ് ഷാ, രാജമാണിക്യം എന്നിവർ എത്തിയിരുന്നു. അന്ന് സുരക്ഷയ്ക്കായി കുമരകം സ്റ്റേഷനിലെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർ, മുതിർന്ന ഉദ്യോഗസ്ഥന്റെ നിർദേശപ്രകാരം ഹോട്ടലിലെത്തി. ഷാ, രാജമാണിക്യം എന്നിവർ പോലീസുകാരെ ഇടംവലം നിർത്തി ഫോട്ടോയെടുത്തും ഇരകൾക്ക് വിതരണംചെയ്തു. പോലീസ് ഉദ്യോഗസ്ഥന് ഐ ഫോൺ വാങ്ങിനൽകണമെന്ന് പറഞ്ഞും, യോഗത്തിനെത്തിയവരിൽനിന്ന് പണവും പിരിച്ചു.

Content Highlights: Over 200 people in Kottayam were scammed of more than 200 crore rupees., Fraudsters used a forged Reserve Bank of India (RBI) letter to establish credibility.