'മരിച്ചാലും ഒരു ഇതിഹാസമായി മരിക്കും'; നായ്ക്കളും ആമകളും,ഒരുദിവസം കൊണ്ട് കാർ പൊളിച്ചു,എല്ലാം വിചിത്രം

കോട്ടയം: കുമാരനല്ലൂര്‍ വല്യാലുംചുവട്ടില്‍നിന്ന് കരിയംപാടത്തേക്ക് പോകുന്ന ചെറിയ വഴി. ഏഴ് വീടുകള്‍. അതിലൊന്നാണ് ഡെല്‍റ്റ കെ-9 എന്ന് ഗേറ്റില്‍ എഴുതിയ റോബിന്‍ വാടകയ്ക്ക് താമസിക്കുന്ന ഭവനം. ഉടമ കെട്ടിയ മതില്‍ പോരാഞ്ഞ് മുന്‍ഭാഗത്ത് അലുമിനിയം ഷീറ്റുകൊണ്ട് അധികപൊക്കമുണ്ടാക്കി. എല്ലാറ്റിനും അയാള്‍ക്ക് ന്യായമുണ്ടായിരുന്നു. നായ്ക്കള്‍ പലതരമാണ്.
അവ പുറത്തു വരാതെ നോക്കണം. അതിനാല്‍ പരിസരവാസികളില്‍നിന്നു അകലം പാലിക്കണം. പക്ഷേ അയാളുടെ നാട്യമെല്ലാം ലഹരിവില്‍പ്പനയ്ക്കുള്ളതായിരുന്നുവെന്ന് ഞായറാഴ്ച രാത്രി തെളിഞ്ഞു. ജനം സംശയിച്ചത് ശരിയെന്ന് ബോധ്യപ്പെട്ടു.
18 കിലോഗ്രാം കഞ്ചാവാണ് ഞായറാഴ്ച രാത്രി 10-നു ശേഷം നടന്ന പോലീസ് നടപടിയില്‍ റോബിന്‍ ജോര്‍ജിന്റെ വീട്ടില്‍നിന്ന് കണ്ടെടുത്തത്. ഒന്നര വര്‍ഷമായി ഇവിടെ താമസിച്ചുവരുന്ന റോബിന്‍ ദുരൂഹത ഏറെയുള്ള വ്യക്തിയായിരുന്നു. നായ പരിശീലകന്‍ എന്ന് അറിയിക്കാന്‍ ഡെല്‍റ്റ കെ-9 എന്ന ബോര്‍ഡ് വെച്ചിരുന്നു എന്ന് മാത്രം. നായ്ക്കളെ നിശ്ചിത ദിവസത്തേക്ക് സൂക്ഷിക്കാനുള്ള ഹോസ്റ്റല്‍ സൗകര്യവും ഇവിടെയുണ്ടായിരുന്നു. കൊണ്ടുവരുന്നതും സ്വന്തവുമായ പത്തിലധികം നായ്ക്കള്‍ വളപ്പിലുണ്ടാകും.
ചിലപ്പോഴൊക്കെ നായ്ക്കള്‍ മതില്‍ ചാടി പുറത്ത് വഴിയില്‍ വരും. പരിപാലിക്കുന്ന വ്യക്തിയെ ഒഴികെ മറ്റുള്ളവരെ ആക്രമിക്കുന്ന സ്വഭാവമുള്ള വേട്ടനായ്ക്കള്‍ പലരെയും ഓടിച്ചിട്ടുണ്ട്. സമീപത്തെ റിട്ട. കോളേജ് അധ്യാപകന്റെ ഭാര്യയെ അവരുടെ വളപ്പില്‍ ചാടിച്ചെന്ന് കടിക്കാന്‍ ശ്രമിച്ചു. പരിസരവാസികള്‍ സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ കയര്‍ത്തു. പരാതി വരട്ടെ. അധികാരികള്‍ വരട്ടെ. അപ്പോള്‍ നോക്കാം എന്നായി. സഹികെട്ട് ജനം കൗണ്‍സിലര്‍ എം.ടി.മോഹനനെ സമീപിച്ചു. അദ്ദേഹം സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും റോബിന്‍ വഴങ്ങിയില്ല. ഇതോടെ പരാതി നഗരസഭയ്ക്ക് കൈമാറി. നായ പരിശീലനത്തിന് ഇയാള്‍ക്ക് ലൈസന്‍സില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നഗരസഭ വ്യക്തമാക്കിയത്.
നായ്ക്കള്‍, ആമ, മീനുകള്‍
റോബിന്റെ വീടിന്റെ പൂമുഖത്ത് ഒരു സര്‍ട്ടിഫിക്കറ്റ് ഫ്രെയിം ചെയ്തുവെച്ചിട്ടുണ്ട്. സ്‌കൂള്‍ ഓഫ് ഡോഗ്‌സ് ആന്‍ഡ് ഡോഗ് ട്രെയിനേഴ്‌സ് വിങ് എന്ന് എഴുതിയിട്ടുണ്ട്. അയാള്‍ക്ക് നായ പരിപാലനത്തില്‍ കിട്ടിയ സാക്ഷ്യപത്രമാണെന്ന് അവകാശപ്പെടുന്നത്. നായ്ക്കള്‍ക്കുള്ള പലവിധം ഉപകരണങ്ങള്‍ വീട്ടിലുണ്ട്. വിവിധ ഇനം ബെല്‍റ്റുകള്‍, അലങ്കാരങ്ങള്‍, മരുന്ന്, ഭക്ഷണം എന്നിവയെല്ലാം.മുറ്റത്തെ ടാങ്കില്‍ അരാപൈമ, അലിഗേറ്റര്‍ ഗാര്‍, റെഡ് ടൈല്‍ ക്യാറ്റ് ഫിഷ് തുടങ്ങിയ ഇനങ്ങളുണ്ട്. ഒരു ടാങ്കില്‍ ആമകളും. മുറ്റത്തെ ഹോസ്റ്റലില്‍ ആളുകള്‍ സൂക്ഷിക്കാന്‍ കൊടുത്തതെന്ന് കരുതുന്ന നായ്ക്കളുമുണ്ട്.
വെളുപ്പിന് വെറുതേ ശല്യംചെയ്യരുത്...
നായ്ക്കളുമായി മുറ്റത്ത് എപ്പോഴും കാണാം റോബിനെ. റോബിനെ കാണാന്‍ വരുന്നത് ഈ നാട്ടിലെങ്ങും ഇല്ലാത്ത അനേകരും. ബൈക്കുകളും കാറുകളും രാത്രിയും പകലും തുടര്‍ച്ചയായി വരും. രാത്രി വലിയ പ്രകാശമുള്ള ലൈറ്റുകളുമായി മുറ്റത്ത് നൃത്തമുണ്ടാകും. ശല്യം സഹിക്കാതെ പരിസരവാസികള്‍ പരാതിയുമായി ചെന്നെങ്കിലും റോബിന്‍ പരിഗണിച്ചില്ല.
ഒരു ദിവസം ഗേറ്റിന് പുറത്തുവെച്ചുകണ്ട അപരിചിതനോട് ഒരാള്‍ കാര്യങ്ങള്‍ തിരക്കിയപ്പോള്‍ അയാള്‍ ഒന്നും വെളിപ്പെടുത്തിയില്ല. റോബിനെ കാണട്ടേ എന്ന് ചോദിച്ചപ്പോള്‍ അയാള്‍ മറുപടി പറഞ്ഞുവത്രെ-ക്ഷമിക്കണം വെളുപ്പിനെ മൂന്ന് മുതല്‍ രാവിലെ ഒന്‍പതു വരെ അദ്ദേഹത്തെ കിട്ടില്ല. അപ്പോഴാണ് വിശ്രമം. ഉറക്കം.
വിചിത്രമായ പല കാഴ്ചകളും നാട്ടുകാര്‍ വളപ്പില്‍ കണ്ടിട്ടുണ്ട്. ഒരു കാര്‍ കഴിഞ്ഞ ദിവസം കൊണ്ടുവന്നു. ഒറ്റദിവസംകൊണ്ട് അയാള്‍ അത് പൊളിച്ച് കഷണമാക്കി. കെന്നല്‍ ഷെഡിലെ ഗ്രാഫിറ്റിയില്‍ അയാള്‍ സ്വന്തം രൂപം ചിത്രീകരിച്ചിട്ടുണ്ട്. മദ്യപിച്ച് നായ്ക്കള്‍ക്കൊപ്പം നില്‍ക്കുന്ന രൂപം. അതില്‍ എഴുതിയിട്ടുണ്ട് ഇങ്ങനെ.-'ഞാന്‍ മരിച്ചാലും ഒരു ഇതിഹാസമായി മരിക്കും' എന്ന്. ഇതിഹാസം സൃഷ്ടിക്കാന്‍ ലഹരിയാണ് കൂട്ടെന്ന് പക്ഷേ അയാള്‍ വിചാരിച്ചു.
പരിസരവാസികള്‍ക്ക് എന്നും പ്രയാസം
നായ്ക്കളും അതിനെ വൃത്തിയായി പരിപാലിക്കാത്തതും എന്നും പരിസരവാസികള്‍ക്ക് വലിയ തലവേദനയായിരുന്നു. ദുര്‍ഗന്ധം ഒരു വലിയ പ്രശ്‌നമാണ്. രാത്രി ശബ്ദവും ബഹളവും. പരിചയമില്ലാത്ത വണ്ടികളുടെ വരവും പോക്കും. പലതവണ റോബിനോട് സംസാരിച്ചു. പക്ഷേ അയാള്‍ കേട്ടെന്ന് നടിച്ചില്ല. നായ്ക്കള്‍ പുറത്തുവന്ന് ആളുകളെ ഉപദ്രവിക്കുന്ന സാഹചര്യമുണ്ടായപ്പോഴാണ് നഗരസഭയെ അറിയിച്ചത്.
-പി.എസ്.ശശിധരന്‍, പി.എസ്. മുരളി, നന്മ റെസിഡെന്‍സ് അസോസിയേഷന്‍
മോശം പെരുമാറ്റം
ജനങ്ങള്‍ പരാതിപറഞ്ഞതുകൊണ്ടാണ് ഇടപെട്ടത്. അയാളോട് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും ക്ഷോഭിച്ചായിരുന്നു മറുപടി. നായ്ക്കളുടെ മറവില്‍ ലഹരി ഇടപാട് നടക്കുന്നു എന്ന വിവരം ഞെട്ടിക്കുന്നതാണ്.
-എം.ടി.മോഹനന്‍, കൗണ്‍സിലര്‍
നായ്ക്കളെ ദുരുപയോഗിക്കുന്നത് കുറ്റകരം
അമേരിക്കന്‍ പിറ്റ് ബുള്‍ പോലുള്ള നായ്ക്കള്‍ ബുദ്ധിശക്തികൂടിയതാണ്. മനുഷ്യര്‍ നല്‍കുന്ന പരിശീലനം കാര്യമായി ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്നവര്‍.അവയെ എന്ത് പരിശീലിപ്പിച്ചാലും അതുപോലെ ചെയ്യും.കോട്ടയത്ത് ഇത്തരം നായ്ക്കളെ കാക്കി കണ്ടാല്‍ ആക്രമിക്കുംവിധം പരിശീലിപ്പിച്ചു എന്ന് കണ്ടു.
ജീവികളെ ദുരുപയോഗം ചെയ്യലാണിത്. മനുഷ്യന്റെ കൂടെ ആദ്യകാലം മുതല്‍ ഇണങ്ങി ജീവിക്കുന്നതാണ് നായ്ക്കള്‍. അവ നമ്മുടെ ഉപകാരിയാണ്. മറ്റൊരു മനുഷ്യനെ ഉപദ്രവിക്കാനോ നിയമം ലംഘിക്കാനോ ഇവയെ ഉപയോഗിക്കുന്നത് കുറ്റകരമാണ്.
മൃഗങ്ങളുമായി ബന്ധപ്പെട്ട മൂല്യങ്ങള്‍ക്കും എതിരാണിത്. സാമൂഹിക വിരുദ്ധര്‍ ലഹരിക്കടത്തിനു മറയായി ഇവയെ ദുരുപയോഗിക്കുന്നു എന്നത് ഞെട്ടിക്കുന്നതാണ്.
- ഡോ.ടി.എസ്. രാജീവ്, വെറ്ററിനറി സര്‍വകലാശാല ഡയറക്ടര്‍, വിജ്ഞാന വ്യാപനകേന്ദ്രം
Content Highlights: kottayam dog training center ganja sales case