മയക്കുമരുന്ന്, ഗുണ്ടകൾ, സദാചാര പോലീസിങ്; ഭീതിയായി കാരോട്–കഴക്കൂട്ടം ബൈപ്പാസ്; നിരീക്ഷണത്തിന് ക്യാമറ

തിരുവനന്തപുരം: രാത്രി യാത്രക്കാരുടെ പേടിസ്വപ്നമായി മാറുകയാണ് കാരോട്–കഴക്കൂട്ടം ബൈപ്പാസ്. ലഹരിക്കച്ചവടം, ഗുണ്ടാവിളയാട്ടം, സദാചാര പോലീസ് ചമഞ്ഞുള്ള അതിക്രമങ്ങൾ, വാഹനങ്ങളുടെ അമിതവേഗത എന്നിവ സംബന്ധിച്ച് മേഖലയിൽ പരാതികൾ വർധിക്കുകയാണ്. സംസ്ഥാന അതിർത്തിയോട് ചേർന്ന ചെങ്കവിള-പൂഴിക്കുന്ന് മേഖലയിലാണ് ഇത്തരം സംഭവങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
രാത്രികാലങ്ങളിൽ ബൈപ്പാസ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാടുകൾ നടക്കുന്നതായി പരാതിയുണ്ട്. സമീപകാലത്ത് ലഹരിക്കേസുകളുമായി ബന്ധപ്പെട്ട് നിരവധിപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. റോഡരികിൽ വാഹനങ്ങൾ നിർത്തി സംഘർഷത്തിലേർപ്പെടുന്ന സംഭവങ്ങളും പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു.
സദാചാര പോലീസ് ചമഞ്ഞെത്തുന്നവർ പെൺകുട്ടികൾ ഉൾപ്പെടെയുള്ള സംഘങ്ങളെ ചോദ്യംചെയ്യുകയും ഉപദ്രവിക്കുകയും ചെയ്യുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടെക്നോപാർക്ക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന യുവതികൾ രാത്രിയിൽ ഒറ്റയ്ക്ക് യാത്രചെയ്യുമ്പോൾ അസഭ്യംപറയുകയും ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്ന പരാതികളും ഉയർന്നിട്ടുണ്ട്. മോഷണശ്രമങ്ങളും വിവിധ സമയങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം നഗരത്തിലേക്കും സമീപപ്രദേശങ്ങളിലേക്കും വിതരണംചെയ്യുന്ന രാസലഹരിയുടെ കൈമാറ്റത്തിന് ബൈപ്പാസിലെ ഒറ്റപ്പെട്ട പ്രദേശങ്ങൾ ഉപയോഗിക്കുന്നതായും പോലീസ് സംശയിക്കുന്നു. കോവളം മേഖലയിൽ ഡാൻസാഫ് സംഘം വിവിധ ഘട്ടങ്ങളിലായി ലഹരിക്കടത്തുകാരെ പിടികൂടിയിട്ടുമുണ്ട്.
ഈമാസം മാത്രം ബൈപ്പാസ് കേന്ദ്രീകരിച്ച് നിരവധി ലഹരിവേട്ടകളും അതിക്രമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സെപ്റ്റംബർ 28-ന് കോവളം ബൈപ്പാസിൽ കാറിൽ കടത്തുകയായിരുന്ന 93 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ ഡാൻസാഫ് പിടികൂടി. സെപ്റ്റംബർ 20-ന് കാരോട്–കോവളം ബൈപ്പാസിൽ 54.23 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തു. സെപ്റ്റംബർ 14-ന് വിഴിഞ്ഞം ഭാഗത്ത് സ്കൂട്ടറിൽ കടത്തിയ 50 ഗ്രാം എംഡിഎംഎയും പിടികൂടിയിരുന്നു. ഇതിനിടെ കാരോട് ബൈപ്പാസിലെ അയിരയിൽ യുവതിയെയും ഒപ്പമുണ്ടായിരുന്ന യുവാവിനെയും സദാചാര പോലീസ് ചമഞ്ഞെത്തിയ സംഘം തടഞ്ഞുനിർത്തി മർദിച്ചെന്ന പരാതിയും ഈ മാസം ഉയർന്നു.
രാത്രികാല ബൈക്ക് റേസിങ്ങാണ് യാത്രക്കാരെ ഭീതിയിലാക്കുന്ന മറ്റൊരു പ്രശ്നം. പരസ്പരം പന്തയംവെച്ച് അമിതവേഗത്തിൽ ചീറിപ്പായുന്ന ഇരുചക്രവാഹനങ്ങൾ മറ്റ് യാത്രക്കാരെയും അപകടത്തിലാക്കുന്നതായി പരാതിയുണ്ട്. നാട്ടുകാരും സ്ഥിരം യാത്രക്കാരും ഇതുസംബന്ധിച്ച് നിരന്തരം പരാതി ഉന്നയിക്കുന്നുണ്ട്. ഈ വർഷംമാത്രം ബൈപ്പാസിൽ നിരവധി അപകടമരണങ്ങളും സംഭവിച്ചിട്ടുണ്ട്.
കഴക്കൂട്ടം–കാരോട് ദേശീയപാതയിലെ അതിക്രമങ്ങളും അപകടങ്ങളും നിയന്ത്രിക്കാൻ പോലീസും ദേശീയപാത അതോറിറ്റിയും കൂടുതൽ നടപടികളിലേക്ക് കടക്കുകയാണ്. അപകടങ്ങൾ പതിവായതോടെ അമ്പലത്തറ–കുമരിച്ചന്ത ഭാഗത്തെ റോഡ് കൂടുതൽ സുരക്ഷിതമാക്കുന്നതിനായി റിഫ്ലക്ടറുകൾ ഘടിപ്പിച്ച ഡിവൈഡറുകൾ സ്ഥാപിച്ചുതുടങ്ങി.
അമിതവേഗത്തിൽ കടന്നുപോകുന്നതും അപകടകരമായി വാഹനമോടിക്കുന്നതുമായ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവയെ കണ്ടെത്തുന്നതിനായി ഏകദേശം മൂന്ന് കിലോമീറ്റർ പരിധിയിൽ രാത്രിയിലും പകലും വ്യക്തമായ ദൃശ്യങ്ങൾ പകർത്താൻ കഴിയുന്ന രണ്ട് നിരീക്ഷണ ക്യാമറകളും സ്ഥാപിക്കും. ദേശീയപാത അതോറിറ്റിയുടെ നേതൃത്വത്തിലാണ് ഡിവൈഡറുകൾ സ്ഥാപിച്ചത്.
അമ്പതിലധികം ഡിവൈഡറുകൾ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. അടുത്തയാഴ്ചയോടെ ക്യാമറകൾ സ്ഥാപിക്കാനാണ് തീരുമാനം. ക്യാമറകളിൽനിന്നുള്ള ദൃശ്യങ്ങൾ ട്രാഫിക് കൺട്രോൾ റൂമിലേക്ക് നേരിട്ട് കൈമാറുന്ന രീതിയിലാണ് സംവിധാനം ഒരുക്കുന്നത്.
Content Highlights: Increase in drug peddling, moral policing, and late-night violence on the Koorod-Kazhakoottam bypass., Multiple MDMA seizures and arrests reported by DANSAF along the bypass route., Reckless bike racing and accidents posing severe threats to night travelers., National Highway Authority installing new dividers and surveillance cameras to curb crimes and speeding.