കൂടത്തായി കൊലപാതക പരമ്പര; നെറ്റ്ഫ്‌ളിക്‌സിനും ഫ്‌ളവേഴ്‌സ് ചാനലിനും കോടതിയുടെ നോട്ടീസ്

കോഴിക്കോട്: നെറ്റ്ഫ്‌ളിക്‌സിനും സ്വകാര്യചാനലിനും എതിരേ കൂടത്തായി കൊലക്കേസിലെ രണ്ടാം പ്രതി മാത്യൂ നല്‍കിയ ഹര്‍ജിയില്‍ വിചാരണ കോടതിയുടെ ഇടപെടല്‍.
നെറ്റ്ഫ്‌ളിക്‌സ് സംപ്രേഷണം ചെയ്യുന്ന ഡോക്യുമെന്ററിയും ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന സീരിയലും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ രണ്ടാം പ്രതി മാത്യു നല്‍കിയ ഹര്‍ജിയില്‍ നെറ്റ്ഫ്‌ളിക്‌സിനും സ്വകാര്യ ചാനലിനും എരഞ്ഞിപ്പാലം സെഷന്‍സ് കോടതി (മാറാട് കോടതി) നോട്ടീസ് അയച്ചു. ഈ മാസം 13-ന് കേസ് വീണ്ടും പരിഗണിക്കും. അന്നേദിവസം ഹാജരായി വിശദീകരണം നല്‍കണമെന്ന് കാണിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
കേസില്‍ വിചാരണ നടക്കുന്ന വേളയില്‍ അതേ വിഷയത്തെക്കുറിച്ച് സീരിയലും ഡോക്യുമെന്ററിയും സംപ്രേഷണം ചെയ്യുന്നത് സമൂഹത്തില്‍ പ്രതിക്കെതിരേ തെറ്റായ സന്ദേശം ഉണ്ടാക്കുമെന്നും ഇത് കേസിന്റെ വിചാരണയെ സ്വാധീനിക്കുമെന്നും കാണിച്ചായിരുന്നു മാത്യൂവിന്റെ ഹര്‍ജി. മാത്യൂവിന് വേണ്ടി അഡ്വ. ഷഹീര്‍ സിങാണ് കോടതിയില്‍ ഹാജരായത്.
'കറി ആന്‍ഡ് സയനൈഡ്, ദി ജോളി ജോസഫ് കേസ്' എന്ന പേരിലാണ് കൂടത്തായി കേസിനെ സംബന്ധിച്ച ഡോക്യുമെന്ററി നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കിയിരുന്നത്. 2023 ഡിസംബര്‍ 22-നായിരുന്നു ഡോക്യുമെന്ററി നെറ്റ്ഫ്‌ളിക്‌സില്‍ റിലീസായത്.
Content Highlights: koodathai case court sent notice to netflix and private channel