ഭർത്താവ് കിടപ്പറദൃശ്യങ്ങൾ പകർത്തി പോൺസൈറ്റിന് വിറ്റു, എതിർത്താൽ മർദനം, പരാതിയുമായി യുവതി

കൊല്ലം: കിടപ്പറദൃശ്യങ്ങൾ ഭർത്താവ് മൊബൈൽ ഫോണിൽ പകർത്തി അശ്ലീല വെബ്‌സൈറ്റുകൾക്കു വിറ്റതായി ഭാര്യ പോലീസിൽ പരാതി നൽകി. മറ്റാരും കാണില്ലെന്ന് ഭാര്യയെ വിശ്വസിപ്പിച്ചും ഭീഷണിപ്പെടുത്തിയും പകർത്തിയ ദൃശ്യങ്ങളാണ് വെബ്‌സൈറ്റുകൾക്ക് വിറ്റത്. ഇതുസംബന്ധിച്ച് കൊല്ലം സ്വദേശിനിയാണ് കൊട്ടിയം സ്റ്റേഷനിൽ പരാതി നൽകിയത്.
ഇംഗ്ലണ്ടിലാണ് ദമ്പതിമാർ ജോലിചെയ്യുന്നത്. വിവാഹം കഴിഞ്ഞപ്പോൾ മുതൽ യുവതിയുടെ എതിർപ്പ് അവഗണിച്ച് ഭർത്താവ് കിടപ്പറദൃശ്യങ്ങൾ പകർത്തിയെന്ന് പരാതിയിൽ പറയുന്നു. എതിർത്തപ്പോൾ ഉപദ്രവം പതിവായി. പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘങ്ങളുമായും ഭർത്താവിന് ബന്ധമുണ്ടായിരുന്നു. യുവതിയെയും ഇതിനായി നിർബന്ധിച്ചു. പല സ്ത്രീകളുടെയും നഗ്‌നദൃശ്യങ്ങൾ ഭർത്താവ് പകർത്തി ഫോണിൽ സൂക്ഷിച്ചിരുന്നു. കഴിഞ്ഞയാഴ്ച യുവതിയുടെ സുഹൃത്തുക്കളാണ് നഗ്‌നദൃശ്യങ്ങൾ അശ്ലീല വെബ്‌സൈറ്റുകളിൽ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെടുത്തിയത്. ഇതേപ്പറ്റി ചോദിച്ചപ്പോൾ പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു.
ദമ്പതിമാർ വെള്ളിയാഴ്ചയാണ് നാട്ടിലെത്തിയത്. തുടർന്ന് രണ്ടുദിവസം ഭർത്താവിനെ കൗൺസലിങ്ങിനു വിധേയനാക്കി. അതിനുശേഷവും ഇയാൾ ലൈംഗികവൈകൃതങ്ങൾ തുടരുകയും ചോദ്യംചെയ്ത ഭാര്യയെ മർദിക്കുകയും ചെയ്തു. തുടർന്നാണ് യുവതി പരാതി നൽകിയത്. ഡിജിറ്റൽ തെളിവുകളും ഫോൺ സംഭാഷണങ്ങളും പോലീസിനു കൈമാറി. പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം തുടങ്ങി.
Content Highlights: A Kollam native filed a police complaint at Kottiyam station against her husband., The husband allegedly recorded intimate videos without consent and sold them to adult websites., The accused also pressured the victim to join partner-swapping groups and physically abused her., Police have registered the complaint and started an investigation using digital evidence.