മുഖം കറുത്തതുണി കൊണ്ട് മറച്ചെത്തി; കുത്തിക്കൊന്ന് കാറെടുത്ത് പോയി, ശേഷം ട്രെയിനിന് മുന്നിലേക്ക്

കൊല്ലപ്പെട്ട ഫെബിൻ ജോർജ് ഗോമസ്, സിസിടിവി ദൃശ്യം | Photo: Screengrab/ Mathrubhumi News
കൊല്ലപ്പെട്ട ഫെബിൻ ജോർജ് ഗോമസ്, സിസിടിവി ദൃശ്യം | Photo: Screengrab/ Mathrubhumi News

കൊല്ലം: കൊല്ലത്ത് വിദ്യാര്‍ഥിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി തന്നെയാണ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചതെന്ന് പോലീസിന്റെ സ്ഥിരീകരണം. ഉളിയക്കോവില്‍ സ്വദേശി ഫെബിന്‍ ജോര്‍ജ് ഗോമസി(21)നെ കുത്തിക്കൊലപ്പെടുത്തിയ ശേഷം 24 കാരനായ നീണ്ടകര സ്വദേശി തേജസ് രാജ് ട്രെയിനിന് മുമ്പില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. എന്താണ് കൊലപാതകത്തിന് കാരണം എന്ന കാര്യത്തില്‍ വ്യക്തതയില്ല. എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.

വ്യക്തിപരമായ തര്‍ക്കമായിരിക്കാം ദാരുണകൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് അനുമാനിക്കുന്നത്. ഇരുവരുടേയും കുടുംബാംഗങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്നാണ് വിവരം. തേജസ് രാജ് നേരത്തേയും ഈ വീട്ടിലേക്ക് വന്നിട്ടുള്ളതായാണ് വിവരം.

മുഖം മൂടുന്ന തരത്തിലുള്ള കറുത്ത വസ്ത്രം ധരിച്ചായിരുന്നു ഫെബിന്റെ വീട്ടില്‍ തേജസ് എത്തിയത്. വീട്ടിലെത്തി ഫെബിനെ അക്രമിക്കുകയായിരുന്നു. ഇത് കണ്ട് തടയാനെത്തിയ പിതാവിനും കത്തി കൊണ്ട് കുത്തുകയായിരുന്നു. തുടര്‍ന്ന് കൈയില്‍ ഉണ്ടായിരുന്ന പെട്രോള്‍ മുറിയില്‍ ഒഴിച്ചു. ഇത് കണ്ട് കുത്തേറ്റ ഫെബിന്‍ തേജസ്സിനടുത്തേക്കെത്തിയപ്പോഴേക്കും അയാള്‍ പുറത്തേക്ക് ഓടി. പിന്നാലെ പോയ ഫെബിന്‍ മുറ്റത്ത് വീഴുകയായിരുന്നുവെന്നാണ് വിവരം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവസ്ഥലത്ത് നിന്ന് കാറുമായി രക്ഷപ്പെട്ട തേജസ്സ് വിവിധയിടങ്ങളില്‍ വാഹനങ്ങളെ ഇടിച്ചുകൊണ്ടായിരുന്നു പോയത്. ശേഷം ചെമ്മാന്‍ മുക്കില്‍ കാര്‍ ഉപേക്ഷിച്ച് ട്രെയിനിന് മുമ്പില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വിവരം.

പെട്ടെന്നുണ്ടായ പ്രകോപനമാണോ മറ്റെന്തെങ്കിലുമാണോ ആക്രമണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ കൊലപാതകത്തിനുള്ള കാരണം എന്താണെന്ന് അന്വേഷിച്ചു വരികയാണെന്നും പോലീസ് വ്യക്തമാക്കി. ആത്മഹത്യ ചെയ്ത ആളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും രണ്ട് മരണങ്ങളും ബന്ധമുണ്ടെന്നും പോലീസ് വ്യക്തമാക്കി. ഒരാള്‍ മാത്രമാണോ കാറില്‍ ഉണ്ടായിരുന്നത് തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ പറഞ്ഞു. ഇക്കാലത്തെ കുട്ടികള്‍ക്ക് എന്താണ് ജീവന്റെ വില മനസ്സിലാകാത്തതെന്നും കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ പറഞ്ഞു.

വൈകിട്ട് ഏഴ് മണിയോടെ ആയിരുന്നു സംഭവം. ഉളിയക്കോവില്‍ സ്വദേശി ഫെബിന്‍ ജോര്‍ജ് എന്ന 21 കാരനെ നീണ്ടകര സ്വദേശിയായ തേജസ് രാജ് എന്ന 24 കാരന്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഇവര്‍ തമ്മില്‍ നേരത്തെ പരിചയമുണ്ടായിരുന്നുവെന്നാണ് വിവരം. ഇരുവരുടേയും കുടുംബാംഗങ്ങള്‍ തമ്മിലും അറിയാമായിരുന്നു എന്ന കാര്യവും പോലീസ് സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഒരു കൊലപാതകത്തിലേക്ക് നീങ്ങിയത് എന്തുകൊണ്ട് എന്ന കാര്യത്തില്‍ വ്യക്തതയില്ല. എല്ലാ വശങ്ങളും പരിശോധിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.

Content Highlights: kollam stabbed death attacker dies jumping in front train