കൊല്ലത്ത് ലോക്കപ്പിൽനിന്ന് ചാടിപ്പോയ പ്രതി പിടിയിൽ; കൂടെ പതിനേഴുകാരനും

#ന്യൂസ് ഡെസ്ക്
Photo: Screengrab
Photo: Screengrab

കൊല്ലം: കുണ്ടറ പോലീസ് സ്റ്റേഷനിലെ ലോക്കപ്പിൽനിന്ന് ചാടിപ്പോയ പ്രതി പിടിയിൽ. സാരഥി ജങ്ഷന് സമീപത്തുനിന്നാണ് പ്രതി വൈജേഷിനെ പിടികൂടിയത്. ലോക്കപ്പ് പൂട്ടാൻ മറന്നതിനെത്തുടർന്നാണ് പ്രതി കസ്റ്റഡിയിൽനിന്ന് ഓടി രക്ഷപ്പെട്ടത്.

ചൊവ്വാഴ്ച രാത്രിയിലാണ് മോഷണം സംബന്ധിച്ച പരാതിയെത്തുടർന്ന് വൈജേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ലോക്കപ്പിലിട്ടെങ്കിലും പൂട്ടാൻ മറന്നിരുന്നു. പാറാവുകാരനും മറ്റൊരു പോലീസുകാരനും മാത്രമായിരുന്നു സംഭവസമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. ഇവർ കുറച്ചുസമയം ലോക്കപ്പിനടുത്തുനിന്ന് മാറിയ സമയത്താണ് പ്രതി ചാടിയത്.

നാന്തിരിക്കലിൽ നിർമാണംനടക്കുന്ന വീടിന്റെ വയറിങ്‌, പ്ലംബിങ്‌ സാമഗ്രികൾ മുറിച്ചുകടത്തിയ കേസിലാണ് വൈജേഷ് പിടിയിലായത്. മുറിക്കുന്നതിനുള്ള ഉപകരണങ്ങൾ വാടകയ്ക്കെടുത്ത കടയിൽ അവ തിരികെ നൽകാൻ ചൊവ്വാഴ്ച രാത്രി എത്തിയ പ്രതിയെ വീട്ടുകാർതന്നെ തടഞ്ഞുവെച്ച് പോലീസിന് കൈമാറുകയായിരുന്നു.

കൊല്ലം റൂറൽ കൺട്രോൾ റൂം എസ്.ഐ. അനിൽകുമാറാണ് കസ്റ്റഡിയിലെടുത്തത്. വൈദ്യപരിശോധനയ്ക്കുശേഷം രാത്രി 11-ന് കുണ്ടറ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ഒരു മണിയോടെയാണ് ലോക്കപ്പിൽനിന്ന് ചാടിപ്പോയത്.

പ്രതിയെ വീണ്ടും പിടികൂടുന്ന സമയത്ത് പ്രായപൂർത്തിയാകാത്ത മറ്റൊരു ആൺകുട്ടിയും ഒപ്പമുണ്ടായിരുന്നു. മോഷണങ്ങളിൽ ആൺകുട്ടിയും പങ്കാളിയാണെന്നാണ് പോലീസ് പറയുന്നത്. ഇരുവരേയും കുണ്ടറ പോലീസ് സ്റ്റേഷനിൽ എത്തിച്ചു.

Content Highlights: Accused Vaijesh escaped from Kundara police station lockup due to unlocked cell door., He was originally detained for stealing wiring and plumbing materials from an under-construction house., Police recaptured Vaijesh near Sarathi junction along with a 17-year-old accomplice involved in the theft.