നാലാമന്‍ ആര്? തട്ടിക്കൊണ്ടുപോകലില്‍ തുടരന്വേഷണം, സ്ത്രീയെന്ന പരിഗണനയില്‍ രണ്ടാംപ്രതിക്കും ജാമ്യം

കൊല്ലം: ഓയൂര്‍ ഓട്ടുമലയില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ തുടരന്വേഷണം നടത്താന്‍ കോടതിയുടെ അനുമതി. ക്രൈംബ്രാഞ്ച് അന്വേഷണസംഘം സമര്‍പ്പിച്ച തുടരന്വേഷണ ഹര്‍ജി കൊല്ലം അഡിഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി പി.എന്‍.വിനോദാണ് അംഗീകരിച്ചത്.
ജില്ലാ റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എം.എം.ജോസ് തുടരന്വേഷണത്തിന് പത്തുദിവസത്തെ അനുമതിയാണ് ആവശ്യപ്പെട്ടത്. കുട്ടിയുടെ പിതാവ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ നാലുപേര്‍ കുറ്റകൃത്യത്തില്‍ ഉണ്ടായിരുന്നെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അനുമതി തേടിയത്.
ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകുമ്പോള്‍ നാലുപേരെ കണ്ടിരുന്നെന്ന് കുട്ടിയുടെ സഹോദരന്‍ പറഞ്ഞിരുന്നെങ്കിലും പോലീസ് അത് അന്വേഷിച്ചില്ലെന്ന പിതാവിന്റെ സംഭാഷണമാണ് പുറത്തു വന്നത്. മൂന്നു പ്രതികള്‍ മാത്രമാണ് അറസ്റ്റിലായത്.
പിതാവിന്റെ രഹസ്യമൊഴി മജിസ്ട്രേറ്റിനു മുമ്പാകെ രേഖപ്പെടുത്തും. വിചാരണനടപടികള്‍ വൈകിപ്പിക്കുന്നതിന്റെ ഭാഗമായാണ് തുടരന്വേഷണമെന്ന് പ്രതിഭാഗം വാദിച്ചു. പ്രതികളുടെ ജാമ്യാപേക്ഷയെയും തുടരന്വേഷണം ബാധിക്കുമെന്നും പ്രതികള്‍ അറസ്റ്റിലായി 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ അനുമതി നല്‍കരുതെന്നും പ്രതിഭാഗം വാദിച്ചു.
എന്നാല്‍ തുടരന്വേഷണത്തിന് പ്രതിഭാഗത്തിന്റെ അനുമതി ആവശ്യമില്ലെന്ന് പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ജി.മോഹന്‍രാജ് അറിയിച്ചു.
2023 നവംബര്‍ 27-ന് വൈകീട്ട് 4.30-നാണ് ഓയൂര്‍ ഓട്ടുമലയില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്. അടുത്ത ദിവസം ഉച്ചയോടെ കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തമിഴ്നാട്ടിലെ പുളിയറിയില്‍നിന്നാണ് പ്രതികളായ ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെ.ആര്‍.പദ്മകുമാര്‍ (53), ഭാര്യ എം.ആര്‍.അനിതകുമാരി (46), മകള്‍ അനുപമ എന്നിവരെ പിടികൂടിയത്. പോലീസിലെ ഉന്നതന്‍ കേസന്വേഷണം അട്ടിമറിക്കാന്‍ കൂട്ടുനിന്നെന്ന ആരോപണം അടുത്തിടെ ഉയര്‍ന്ന പശ്ചാത്തലത്തിലുമാണ് തുടരന്വേഷണത്തിന് അനുമതി തേടിയത്.
ഒന്നാംപ്രതിക്ക് ജാമ്യമില്ല, രണ്ടാംപ്രതിക്ക് ജാമ്യം
ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒന്നാംപ്രതി കെ.ആര്‍.പദ്മകുമാറിന്റെ ജാമ്യാപേക്ഷ നിരസിച്ച കോടതി ഭാര്യയും രണ്ടാംപ്രതിയുമായ എം.ആര്‍.അനിതകുമാരിക്ക് ജാമ്യം നല്‍കി. മൂന്നാംപ്രതിയും പദ്മകുമാറിന്റെ മകളുമായ അനുപമയ്ക്ക് സ്ത്രീയെന്ന പരിഗണന നല്‍കി ഹൈക്കോടതി നേരത്തേ ജാമ്യം നല്‍കിയിരുന്നു.
അതേ പശ്ചാത്തലത്തിലാണ് അനിതകുമാരിക്കും ജാമ്യം അനുവദിച്ചത്. പ്രോസിക്യൂഷനുവേണ്ടി ജി.മോഹന്‍രാജും ഒന്നും രണ്ടും പ്രതികള്‍ക്കുവേണ്ടി സി.രാജേന്ദ്രന്‍, കാവനാട് ബിജു എന്നിവരും മൂന്നാംപ്രതിക്കുവേണ്ടി ഷിജു എബ്രഹാമും ഹാജരായി. കേസ് 27-ന് വീണ്ടും പരിഗണിക്കും.
Content Highlights: kollam oyur kidnapping case further investigation