കാന്‍സറാണെന്നകാര്യം ആരോടും പറയരുതെന്ന് പറഞ്ഞു; എന്തിനാ മോനേ നീയിങ്ങനെ ചെയ്തതെന്ന് അമ്മ

കൊല്ലം: 'ഒരുപാട് ടെസ്റ്റുകള്‍ക്ക് എഴുതിയതല്ലേ, നാളെ അതിനു പോകാമെന്നും പറഞ്ഞതായിരുന്നു. എന്നിട്ടും എന്തിനാ മോനേ നീയിങ്ങനെ ചെയ്തത്...' താന്നി കാരിക്കുഴിയില്‍ കുടുംബത്തോടൊപ്പം ജീവനൊടുക്കിയ അജീഷിന്റെ അമ്മ ലൈലാകുമാരിയുടെ കണ്ണീരില്‍ക്കുതിര്‍ന്ന വാക്കുകള്‍ അന്തരീക്ഷത്തെ സങ്കടത്തിലാക്കി. 'ഇച്ചിരിയെങ്ങാനുമല്ലേ ഉള്ളായിരുന്നോ അതങ്ങ് മാറില്ലായിരുന്നോ'. അജീഷിന് രക്താര്‍ബുദമാണെന്ന് സ്ഥിരീകരിച്ചതാവാം മരണകാരണമെന്നോര്‍ത്ത് അവര്‍ പറഞ്ഞു.
വിവരമറിഞ്ഞതുമുതല്‍ നാടിന്റെ വിവിധഭാഗങ്ങളില്‍നിന്നും ജനങ്ങള്‍ ചെന്തച്ചനഴികം ഭാസ്‌കരവിലാസത്തിലെ വാടകവീട്ടിലേക്ക് എത്തിയിരുന്നു. ഗള്‍ഫില്‍ പോയി സ്വന്തമായി നല്ലൊരു വീടുണ്ടാക്കിയിരുന്നു. കടബാധ്യതവന്നപ്പോള്‍ അതു വിറ്റ് കടം തീര്‍ത്ത് വാടകവീട്ടിലേക്കു മാറിയതാണ്. പിന്നെ എന്തിനിങ്ങനെ ചെയ്തു എന്നായിരുന്നു അറിയുന്നവരുടെ മനസ്സിലുമുയര്‍ന്ന ചോദ്യം. അസുഖവിവരം നാട്ടുകാര്‍ പിന്നീടാണ് അറിയുന്നത്.
കല്യാണം കഴിച്ച് കുറേനാള്‍ കഴിഞ്ഞാണ് ഇവര്‍ക്ക് കുട്ടിയുണ്ടാകുന്നത്. ആദ്യത്തെ കുട്ടി മരിച്ചുപോയിരുന്നു. പിന്നീട് ആദി ജനിച്ചത് മാസംതികയാതെ ആയതുകൊണ്ട് ആദ്യകാലചികിത്സയ്ക്ക് കുറേ പണം ചെലവായിരുന്നു. എന്നാലും എല്ലാം നല്ലനിലയില്‍ കൈകാര്യം ചെയ്തു ജീവിക്കുകയായിരുന്നു. ഭാര്യയും ഭര്‍ത്താവും നല്ല സ്‌നേഹത്തിലുമായിരുന്നു. എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു-വാര്‍ഡ് അംഗം ആര്‍.എസ്.അബിന്‍ പറഞ്ഞു.
ചികിത്സയ്ക്ക് ഏറെ പണം വേണ്ടിവരുമെന്നതും അതു ബാധ്യതയായി മാറുമെന്ന ആശങ്കയുമാകാം ഇങ്ങനെയൊരു കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്നായിരുന്നു ബന്ധുക്കളുടെ നിഗമനം. കാന്‍സറാണെന്നകാര്യം ആരോടും പറയരുതെന്ന് പറഞ്ഞിരുന്നെന്നും അമ്മ കരച്ചിലിനിടയില്‍ പറയുന്നുണ്ടായിരുന്നു.
എന്റെ മക്കളേ... ആദിമോനേ...സുമമോളേ....ലൈലാകുമാരിയുടെ കരച്ചില്‍ വീണ്ടുമുയരുമ്പോള്‍ ആശ്വസിപ്പിക്കാനാകാതെ അജീഷിന്റെ സഹോദരി അനില ആ മടിയിലേക്ക് വീണുകിടന്നു കരഞ്ഞു. വാടകവീടിന്റെ പൂമുഖത്ത് തളര്‍ന്ന മനസ്സുമായി അച്ഛന്‍ അനില്‍കുമാറും നൊമ്പരക്കാഴ്ചയായി മുറ്റത്തെ മാവില്‍ ഒരു കുട്ടിയൂഞ്ഞാലും.
ഇന്നലെയാണ് രണ്ടരവയസ്സുള്ള കുഞ്ഞിനെ കൊന്ന് അച്ഛനും അമ്മയും ജീവനൊടുക്കിയത്. താന്നി കാരിക്കുഴി ടെലിഫോണ്‍ എക്‌സ്ചേഞ്ചിനുസമീപം വലിയവിള നഗറില്‍ ചെന്തച്ചനഴികത്ത് ഭാസ്‌കരവിലാസത്തില്‍ വാടകയ്ക്കു താമസിക്കുന്ന അജീഷ് (38), ഭാര്യ സുലു (34), മകന്‍ ആര്‍ദ്രിദ് എന്ന ആദി എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. അജീഷും സുലുവും തൂങ്ങിമരിച്ചനിലയിലും കുഞ്ഞ് കട്ടിലില്‍ മരിച്ചുകിടക്കുന്ന നിലയിലുമായിരുന്നു.
ബുധനാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം പുറത്തറിയുന്നത്. അജീഷിന്റെ അമ്മ ലൈലാകുമാരിയും അച്ഛന്‍ അനില്‍കുമാറും ഇതേ വീട്ടിലാണ്. അച്ഛന്‍ രാവിലെ ജോലിക്കു പോയിരുന്നു. പത്തരയായിട്ടും അജീഷിനെയും ഭാര്യയെയും കുഞ്ഞിനെയും മുറിക്കുപുറത്തേക്ക് കാണാത്തതിനാല്‍ ലൈലാകുമാരി തട്ടിവിളിച്ചു. പ്രതികരണമില്ലാതായപ്പോള്‍ കരഞ്ഞു ബഹളംവെച്ചു. സുലുവിന്റെ അച്ഛനമ്മമാരെ വിളിച്ചുവരുത്തി. പരിസരവാസികളും വന്ന് കതക് തള്ളിത്തുറന്ന് നോക്കിയപ്പോഴായിരുന്നു ദാരുണരംഗം.
പ്രവാസിയായിരുന്ന അജീഷ് ആറുമാസംമുന്‍പാണ് നാട്ടിലെത്തിയത്. ഇപ്പോള്‍ കൊല്ലത്ത് വക്കീല്‍ഗുമസ്തനായി ജോലി ചെയ്തുവരികയായിരുന്നു. സാമ്പത്തിക ബാധ്യതയുണ്ടായിരുന്ന അജീഷിന് രണ്ടാഴ്ചമുന്‍പ് രക്താര്‍ബുദം സ്ഥിരീകരിച്ചിരുന്നു. സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്ന് കാണിച്ചുള്ള ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇരവിപുരം പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ സംസ്‌കരിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അതിജീവിക്കാന്‍ ശ്രമിക്കുക. വിളിക്കൂ: 1056)
Content Highlights: kollam-family-suicide