15-കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി വിറ്റു; ദമ്പതിമാര്‍ അറസ്റ്റില്‍

സ്വീറ്റി, വിഷ്ണു | Screengrab: Mathrubhumi News
സ്വീറ്റി, വിഷ്ണു | Screengrab: Mathrubhumi News

കൊല്ലം:  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങള്‍ വഴി വില്‍പ്പന നടത്തിയ ദമ്പതിമാര്‍ പിടിയില്‍. കൊല്ലം കുളത്തൂപ്പുഴയില്‍ താമസിക്കുന്ന വിഷ്ണു(31), ഭാര്യ സ്വീറ്റി(20) എന്നിവരെയാണ് കുളത്തൂപ്പുഴ പോലീസ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. 

15-കാരിയെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വിഷ്ണു, പെണ്‍കുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയും ഇയാളുടെ ഭാര്യയുടെ സഹായത്തോടെ പീഡനദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്നുമാണ് പോലീസ് പറയുന്നത്. മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ദമ്പതിമാര്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് വില്‍പ്പന നടത്തിയത്. ഇതിനായി പ്രത്യേക അക്കൗണ്ടും തുടങ്ങിയിരുന്നു. 

2022-ലാണ് പ്രതി വിഷ്ണു ഇന്‍സ്റ്റഗ്രാം വഴി 15-കാരിയെ പരിചയപ്പെടുന്നത്. ഇരുവരും പരസ്പരം ചിത്രങ്ങള്‍ കൈമാറി. ഇതിനിടെ 2022 ജൂലായില്‍ ചെങ്ങന്നൂര്‍ സ്വദേശിനിയായ സ്വീറ്റിയെ വിഷ്ണു വിവാഹംകഴിച്ചു. എന്നാല്‍, സ്വീറ്റിയെ വിവാഹം കഴിച്ചിട്ടും പ്രതി പെണ്‍കുട്ടിയുമായുള്ള അടുപ്പം തുടരുകയായിരുന്നു. പിന്നാലെ ദമ്പതിമാര്‍ പെണ്‍കുട്ടിയുടെ വീടിനടുത്ത് വാടകയ്ക്ക് താമസം തുടങ്ങി. ഈ വാടകവീട്ടില്‍വെച്ചാണ് വിഷ്ണു പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സഹായംചെയ്തത് ഭാര്യ സ്വീറ്റിയാണെന്നും പോലീസ് പറഞ്ഞു. 

സ്വീറ്റി ട്യൂഷന്‍ എടുത്തുനല്‍കുമെന്ന് പറഞ്ഞാണ് പ്രതികള്‍ പെണ്‍കുട്ടിയെ വീട്ടിലെത്തിച്ചിരുന്നത്. തുടര്‍ന്ന്‌ വിഷ്ണു കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വിഷ്ണുവിന്റെ ഭാര്യ സ്വീറ്റി ആദ്യഘട്ടത്തില്‍ ഇതിനെ എതിര്‍ത്തെങ്കിലും പിന്നീട് ഭര്‍ത്താവിനൊപ്പംനിന്നു. വിഷ്ണുവിനൊപ്പം ജീവിക്കാനായി വീട് വിട്ടിറങ്ങിയതിനാല്‍ തനിക്ക് വേറെ വഴിയില്ലായിരുന്നുവെന്നാണ് സ്വീറ്റിയുടെ മൊഴി. 

വിഷ്ണു പെണ്‍കുട്ടിയെ പീഡിപ്പിക്കുമ്പോള്‍ സ്വീറ്റിയാണ് ഇത്‌ മൊബൈലില്‍ പകര്‍ത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ സര്‍വീസ് അക്കൗണ്ട് എന്ന പേരില്‍ പ്രത്യേക അക്കൗണ്ട് തുടങ്ങിയാണ് ഇവര്‍ പീഡനദൃശ്യങ്ങള്‍ വില്‍പ്പന നടത്തിയത്. ഫോട്ടോയ്ക്ക് 50 രൂപ മുതല്‍ 500 രൂപ വരെ ഈടാക്കി. വീഡിയോക്ക് 1500 രൂപ വരെ ഈടാക്കിയിരുന്നതായും പോലീസ് പറഞ്ഞു. 

പീഡനദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പെണ്‍കുട്ടി തന്റെ കൂട്ടുകാരിയോടാണ് പീഡനവിവരം ആദ്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് സുഹൃത്ത്, അധ്യാപികയെ വിവരമറിയിക്കുകയും ഇവര്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയുമായിരുന്നു. ചൈല്‍ഡ്‌ലൈന്‍ വഴി പരാതി ലഭിച്ചതോടെ കുളത്തൂപ്പുഴ പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു. തുടര്‍ന്നാണ് പ്രതികളായ ദമ്പതിമാരെ പിടികൂടിയത്. 

സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നാണ് പോലീസിന്റെ പ്രതികരണം. പ്രതികളില്‍നിന്ന് പീഡനദൃശ്യങ്ങള്‍ വാങ്ങിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. ഇവരെയും പിടികൂടുമെന്നും പ്രതിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. 

Content Highlights: kollam couple arrested for raping minor girl and selling rape video and photos through instagram