'പയ്യനെ കിടത്തിയപ്പോള്‍ ജീവനുണ്ട്, ആരും നിര്‍ത്തിയില്ല'; ബസ് കയറിയിറങ്ങി, പൊലിഞ്ഞത് രണ്ടുജീവന്‍

അപകടത്തിന്റെ സിസിടിവി ദൃശ്യം. മരിച്ച അഭിജിത്ത്, ശിഖ | Screengrab: Mathrubhumi News
അപകടത്തിന്റെ സിസിടിവി ദൃശ്യം. മരിച്ച അഭിജിത്ത്, ശിഖ | Screengrab: Mathrubhumi News

കൊല്ലം: ചടയമംഗലത്ത് രണ്ട് വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണമായത് കെ.എസ്.ആര്‍.ടി.സി. ബസിന്റെ അമിതവേഗമെന്ന് ആരോപണം. തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസാണ് അതേദിശയില്‍ സഞ്ചരിക്കുകയായിരുന്ന ബൈക്കിലിടിച്ചത്. അപകടത്തില്‍ പുനലൂര്‍ സ്വദേശികളും കോളേജ് വിദ്യാര്‍ഥികളുമായ ശിഖ(20) അഭിജിത്ത്(19) എന്നിവരാണ് മരിച്ചത്. 

ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ കുരിയോട് നെട്ടേത്തറയിലാണ് അപകടമുണ്ടായത്. ഒരേദിശയില്‍ സഞ്ചരിക്കുകയായിരുന്ന ബൈക്കിനെ മറികടക്കുന്നതിനിടെ കെ.എസ്.ആര്‍.ടി.സി ബസ്
ബൈക്കിലിടിക്കുകയായിരുന്നു. ഇതോടെ ബൈക്ക് യാത്രികരായ ശിഖയും അഭിജിത്തും റോഡിലേക്ക് തെറിച്ചുവീഴുകയും ഇവരുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയും ചെയ്തു. ശിഖ തല്‍ക്ഷണം മരിച്ചു. പരിക്കേറ്റ അഭിജിത്ത് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരിച്ചത്. 

അതിനിടെ, പരിക്കേറ്റ അഭിജിത്തിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഇരുപതുമിനിറ്റോളം വൈകിയെന്ന് രക്ഷാപ്രവര്‍ത്തനെത്തിയ പ്രദേശവാസി ഉദയകുമാര്‍ പറഞ്ഞു. ''ഞാന്‍ 15 മീറ്റര്‍ അപ്പുറത്തുള്ള സുഹൃത്തിന്റെ കടയില്‍ പോയി സുഹൃത്തിനെ വിളിച്ചുകൊണ്ടുവന്നാണ് പയ്യനെ നിവര്‍ത്തി കിടത്തിയത്. കിടത്തിയപ്പോള്‍ പയ്യന് ജീവനുണ്ട്. അങ്ങനെ ഇവിടെയുള്ള വണ്ടികള്‍ മൊത്തം കൈകാണിച്ചു. അവരാരും നിര്‍ത്തിയില്ല. ഒരു ഇരുപത് മിനിറ്റ് കഴിഞ്ഞാണ് കൊണ്ടുപോകാനായത്. ആ ഇരുപത് മിനിറ്റ് മുന്‍പേ കൊണ്ടുപോയിരുന്നെങ്കില്‍ പയ്യനെ രക്ഷിക്കാമായിരുന്നു. എല്ലാവരും ചുറ്റിലുംനിന്ന് ഫോട്ടോയെടുക്കുകയല്ലാതെ ഒന്നും ചെയ്തില്ല. ഞാന്‍പോയി ഒരാളെ വിളിച്ചുകൊണ്ടുവന്നാണ് പയ്യനെ കൊണ്ടുപോകാനായത്''- അദ്ദേഹം പറഞ്ഞു. 

ഉദയകുമാറും സുഹൃത്തായ സജിയുമാണ് അഭിജിത്തിനെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ തന്നെ മരണം സംഭവിച്ചിരുന്നു. 

കിളിമാനൂര്‍ വിദ്യ എന്‍ജിനീയറിങ് കോളേജിലെ ബി.ടെക്ക് രണ്ടാംവര്‍ഷ വിദ്യാര്‍ഥിയാണ് ശിഖ. അഭിജിത്ത് പത്തനംതിട്ട മുസ്ല്യാര്‍ കോളേജിലെ ബി.ബി.എ. വിദ്യാര്‍ഥിയാണ്. അപകടമുണ്ടായ സ്ഥലത്ത് പോലീസും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തി. 

Content Highlights: kollam chadayamangalam ksrtc and bike accident two dies