പാനിക് അറ്റാക്ക് വന്നു, ഇൻഹേലർ നൽകി ബലാത്സംഗം ചെയ്തു; കൊൽക്കത്ത പെൺകുട്ടിയുടെ മൊഴി പുറത്ത്

മനോജിത് മിശ്ര
മനോജിത് മിശ്ര

കൊൽക്കത്ത: സൗത്ത് കൽക്കട്ട ലോ കോളേജ് ക്യാമ്പസിൽ നിയമ വിദ്യാർത്ഥിനി കൂട്ടബലാത്സംഗം ചെയ്യപ്പെട്ട കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അതിക്രമത്തിന് തൊട്ടുമുമ്പ് പെൺകുട്ടിക്ക് പാനിക് അറ്റാക്ക് അനുഭവപ്പെട്ടെന്നും ശ്വാസമെടുക്കാൻ വിഷമിച്ച് കിതയ്ക്കുകയായിരുന്നുവെന്നും എഫ്‌ഐആറിൽ പറയുന്നു. പെൺകുട്ടിയുടെ വിഷമം മനസ്സിലാക്കിയ പ്രധാന പ്രതി മനോജിത് മിശ്ര, കൂട്ടുപ്രതികളിലൊരാളോട്  ഇൻഹേലർ എടുത്തു കൊണ്ടുവരാൻ ആവശ്യപ്പെട്ടു എന്നും പെൺകുട്ടിയുടെ മൊഴിയിൽ ഉണ്ട്.

ഇൻഹേലർ നൽകി ശ്വാസമെടുക്കുന്നത് സാധാരണ നിലയിലായപ്പോൾ പ്രതികൾ പെൺകുട്ടിയെ കാമ്പസിലെ സുരക്ഷാ ഗാർഡിന്റെ മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. അവിടെ വെച്ചാണ് അതിക്രമം ആരംഭിച്ചത്. അതിജീവിതയുടെ മൊഴി പ്രകാരം, മിശ്രയുടെ ലൈംഗിക താൽപ്പര്യങ്ങൾ നിരസിച്ചതിന് ശേഷമാണ് ക്രൂരത കൂടിയത്. മിശ്ര അവരോട് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനും വിവാഹം കഴിക്കാനും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അത് നിരസിച്ചപ്പോൾ, മിശ്ര ബലമായി കീഴ്‌പ്പെടുത്തി എന്നും മൊഴിയിൽ ഉണ്ട്.

അതിക്രമത്തിനിടയിൽ അതിജീവിത ശക്തമായി ചെറുക്കാൻ ശ്രമിച്ചു. അപ്പോഴാണ് നേരത്തെ ആക്രമിച്ചതിന്റെ വീഡിയോ രഹസ്യമായി റെക്കോർഡ് ചെയ്തിട്ടുണ്ടെന്ന് പ്രതികൾ വെളിപ്പെടുത്തിയത്. വഴങ്ങിയില്ലെങ്കിൽ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഈ സമ്മർദ്ദത്തിൽ, പ്രതികൾ ലൈംഗികാതിക്രമം തുടർന്നു.

അതിക്രമത്തിനിടയിൽ ശാരീരികബലം മാത്രമല്ല, മാനസികമായ ഭീഷണിയും ഭയപ്പെടുത്തലും ബ്ലാക്ക്‌മെയിലും എങ്ങനെയാണ് ആയുധമാക്കിയതെന്ന് പെൺകുട്ടിയുടെ പരാതിയിൽ വ്യക്തമാക്കുന്നു.  24 വയസ്സുള്ള നിയമ വിദ്യാർത്ഥിനിയെ കാമ്പസിനുള്ളിൽ വെച്ച് പൂർവ്വ വിദ്യാർത്ഥിയും മറ്റ് രണ്ട് വിദ്യാർത്ഥികളും ചേർന്ന് ബലാത്സംഗം ചെയ്തതാണ് കേസ്.

Content Highlights: 'Gave inhaler, dragged me to guard room': Kolkata gangrape survivor