കൊടുവള്ളിയിലെ സ്വര്ണക്കവര്ച്ചപ്രതികളെത്തിയ വാഹനത്തിന്റേത് വ്യാജനമ്പര്‍

കൊടുവള്ളി: വ്യാപാരിയില്‍നിന്ന് സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ പ്രതികളെത്തിയത് വ്യാജ നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച വാഹനത്തിലെന്ന് തെളിഞ്ഞു. സി.സി.ടി.വി.യില്‍ പതിഞ്ഞ വെള്ള കാറിന്റെ നമ്പര്‍ പരിശോധിച്ചപ്പോഴാണ് വ്യാജമാണെന്ന് തെളിഞ്ഞത്.
സി.സി.ടി.വി. കേന്ദ്രീകരിച്ചും മറ്റും പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കൊടുവള്ളിമുതല്‍ മാനിപുരംവരെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച സി.സി.ടി.വി. പോലീസ് പരിശോധിച്ചു. കൊടുവള്ളി സി.ഐ. കെ.പി. അഭിലാഷിനാണ് കേസിന്റെ അന്വേഷണച്ചുമതല. താമരശ്ശേരി ഡിവൈ.എസ്.പി. എ.പി. ചന്ദ്രന്, വടകരയില്‍നിന്നുള്ള വിരലടയാളവിദഗ്ധര്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
ബുധനാഴ്ച രാത്രി പത്തോടെ കൊടുവള്ളി-ഓമശ്ശേരി റോഡില്‍ മുത്തമ്പലത്തുവെച്ചാണ് കടയടച്ച് വീട്ടില്‍ പോകുകയായിരുന്ന മുത്തമ്പലം കാവില്‍ 'ദീപ'ത്തില്‍ ബൈജുവില്‍നിന്ന് കാറിലെത്തിയ സംഘം സ്വര്‍ണം കവര്‍ന്നത്. സ്കൂട്ടറില്‍ സഞ്ചരിച്ച ബൈജുവിനെ കാറില്‍ വന്ന സംഘം ഇടിച്ചിടുകയായിരുന്നു. കാര്‍ നിര്‍ത്തി മൂന്നുപേര്‍ ഇറങ്ങിവന്ന് സ്കൂട്ടറില്‍ വെച്ചിരുന്ന ബാഗെടുത്ത് പോവാനൊരുങ്ങുന്നതിനിടെ ബാഗ് പിടിച്ചുവാങ്ങാന്‍ ശ്രമം നടത്തിയെങ്കിലും ബൈജുവിനെ തള്ളിയിട്ട് സംഘം കടന്നുകളയുകയായിരുന്നു. ഇവരുടെ കൈയില്‍ കത്തിയുണ്ടായിരുന്നതായും ബൈജു പറഞ്ഞു.
സ്കൂട്ടര്‍ മറിഞ്ഞ് റോഡില്‍ വീണ തന്നെ സഹായിക്കാനാണ് സംഘം കാറില്‍നിന്നിറങ്ങി വന്നതെന്നാണ് ആദ്യം കരുതിയത്. എന്നാല്‍, സ്കൂട്ടറിന്റെ മുന്‍ഭാഗത്ത് വെച്ചിരുന്ന സ്വര്‍ണമടങ്ങിയ ബാഗ് പെട്ടെന്നുതന്നെ ഇവര്‍ക്ക് ലഭിച്ചതിനാലാണ് സംഘം കടന്നുകളഞ്ഞതെന്നും അല്ലെങ്കില്‍ തന്നെ ആക്രമിക്കുമായിരുന്നെന്നും ബൈജു പറഞ്ഞു. സ്കൂട്ടര്‍ മറിഞ്ഞ് ബൈജുവിന്റെ വലതുകൈയ്ക്കും വലതുകാലിനും പരിക്കുണ്ട്. വര്‍ഷങ്ങളായി കൊടുവള്ളിയില്‍ സ്വര്‍ണാഭരണ നിര്‍മാണ യൂണിറ്റ് നടത്തിവരുകയാണ് ബൈജു.
Content Highlights: Gold Robbery in Koduvally: Fake Number Plate Used