12കാരനെ മർദിച്ച സംഭവം; കാലിൽ ഈർക്കിൾ കയറ്റി, മുറിവിൽ നാരങ്ങാനീരും ഉപ്പും പുരട്ടിയിരുന്നു- സഹോദരൻ

#സ്വന്തം ലേഖകന്‍
മര്‍ദനമേറ്റ കുട്ടിയുടെ സഹോദരന്‍, കുട്ടിക്ക് മര്‍ദനമേറ്റ പാടുകൾ
മര്‍ദനമേറ്റ കുട്ടിയുടെ സഹോദരന്‍, കുട്ടിക്ക് മര്‍ദനമേറ്റ പാടുകൾ

കോഴിക്കോട്: കൊടുവള്ളിയിൽ മോഷണക്കുറ്റം ആരോപിച്ച് 12 വയസ്സുകാരനെ പിതാവിന്റെ സഹോദരനും ഭാര്യയും മകനും ചേർന്ന് ക്രൂരമായി മർദിച്ചത് കഴിഞ്ഞ ആഴ്ചയാണ്. വാച്ച് മോഷ്ട്ടിച്ചെന്ന് ആരോപിച്ചായിരുന്നു പിതാവിന്റെ സഹോദരൻ കൊടുവള്ളി കിഴക്കോത്ത് താമസിക്കുന്ന കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി ക്രൂരമായി മർദിച്ചത്. സംഭവം വിവാദമായതോടെ പോലീസ് കേസെടുത്തെങ്കിലും ഇപ്പോഴും പ്രതികളെ പിടികൂടാനായിട്ടില്ല.

അനിയനെ വായിൽ തുണി തിരുകി കമ്പികൊണ്ട് മർദിച്ചു, മുറിവിൽ നാരങ്ങാ നീരും ഉപ്പും പുരട്ടി, വിരലിൽ കയറ്റിയ ഈർക്കിൽ ഞാനാണ് പിന്നീട് വലിച്ച് ഊരിയതെന്നും സഹോദരൻ മാതൃഭൂമി ഡോട്ട്കോമിനോട് പ്രതികരിച്ചു. കാണാതായെന്ന് പറയുന്ന വാച്ച് പിന്നീട് പള്ളിയിൽ നിന്നും കിട്ടി. എന്തിനാണ് മൂത്താപ്പ ഇങ്ങനെ ചെയ്തതെന്ന് അറിയില്ലെന്നും സഹോദരൻ പറഞ്ഞു.

എന്റെ വീടും മൂത്താപ്പാന്റെ വീടും തൊട്ട് അടുത്താണ്. മിക്കപ്പോഴും അനിയൻ അവിടെയാണ് ഉണ്ടാവാറുള്ളത്. അങ്ങനെ ഒരു ദിവസമാണ് വാച്ച് കാണാതായത്. ഇതോടെ അവനോട് ചോദിക്കട്ടെ എന്ന് പറഞ്ഞ് മൂത്താപ്പ പിതാവിനോട് പറഞ്ഞ് അനിയനെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. പക്ഷെ കുറെ കഴിഞ്ഞിട്ടും തിരിച്ച് വിട്ടില്ല. അകത്ത് കെട്ടിയിടുകയായിരുന്നു.

അനിയനെ തിരിച്ച് വിടാത്തത് ചോദിച്ചപ്പോൾ അവൻ പിറ്റേദിവസം പറയാമെന്നാണ് പറഞ്ഞതെന്നും അന്ന് അവിടെ താമസിക്കട്ടെ എന്നും മൂത്താപ്പ പറഞ്ഞു. പക്ഷെ അന്ന് നേരിട്ടത് ക്രൂരമായ മർദനമായിരുന്നു. അടുത്ത ദിവസവും പറഞ്ഞില്ലെങ്കിൽ ബ്ലേഡ് കൊണ്ട് മുറിക്കുമെന്നും മുറിവിൽ മുളക് പൊടി തേക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇതൊക്കെ കേട്ടതോടെ താൻ ബോധംകെട്ട് പോയെന്നുമാണ് അനിയൻ തന്നോട് പറഞ്ഞതെന്നും സഹോദരൻ ചൂണ്ടിക്കാട്ടുന്നു.

ഇതിനിടെ പ്രശ്നം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ ശ്രമിച്ചിരുന്നു. എല്ലാം പരിഹരിച്ചുവെന്ന് പറഞ്ഞാൽ അവന് സൈക്കിൾ വാങ്ങിക്കൊടുക്കാം. എന്ത് വേണമെങ്കിലും നൽകാമെന്നും പണം നൽകാമെന്നും സന്ദേശത്തിൽ പറയുന്നുണ്ട്. ഒത്തുതീർപ്പാക്കാൻ പ്രതികളുടെ മൂത്തമകനോട് ആവശ്യപ്പെടുന്ന വോയ്സാണ് പുറത്തുവരുന്നത്. 

കാലിന്റെ വിരലിലും കയ്യിന്റെ മൂന്ന് വിരലിലും ഈർക്കിൽ കേറ്റിയിരുന്നു. ഒച്ചപുറത്ത് കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകി. അന്ന് രാത്രി കുഞ്ഞ് രക്ഷപ്പെട്ട് നേരെ പോലീസ് സ്റ്റേഷനിലേക്കാണ് പോയത്. അവിടെ നിന്ന് അവർ തിരിച്ചയച്ചതാണ്. ഇതിന് ശേഷം വീട്ടിലെത്തിയപ്പോഴാണ് സംഭവങ്ങളെല്ലാം വീട്ടിൽ അറിയുന്നത്.

കണ്ണിൽ മുളക് തേച്ചിട്ടുണ്ട്. ശരീരത്തിലൊക്കെ നല്ല പാടുകളുണ്ട്. കുട്ടി സ്റ്റേഷനിലെത്തിയപ്പോൾ പോലീസ് പിതാവിനെയാണ് വിളിക്കുന്നത്. എന്നാൽ കൂട്ടാൻപോയത് മൂത്താപ്പയും ഭാര്യയും മകനുമാണ്. സ്റ്റേഷനിൽ എത്തിയ കുട്ടിയെ അവനെ മർദിച്ച ഇവരൊടൊപ്പം തന്നെയാണ് പോലീസ് പറഞ്ഞുവിട്ടതെന്നും സഹോദരൻ പറയുന്നു.

Content Highlights: A 12-year-old boy in Koduvally was brutally tortured by relatives over a false watch theft accusation., The watch was later found in a mosque, proving the boy's innocence., Accused relatives allegedly tried to settle the case using bribes and gifts like a bicycle., Serious allegations of police apathy have emerged as the victim was reportedly sent back with the abusers from the police station.