ടോറസ് ലോറിയില്‍ വന്‍തോതില്‍ സ്പിരിറ്റ് എത്തി; ഉണിച്ചിറ സ്പിരിറ്റ് കേസില്‍ പ്രധാനപ്രതികള്‍ പിടിയില്‍

അഖില്‍ വിജയന്‍, അര്‍ജുന്‍ അജയന്‍
അഖില്‍ വിജയന്‍, അര്‍ജുന്‍ അജയന്‍

കൊച്ചി: ഇടപ്പള്ളിക്കടുത്ത് ഉണിച്ചിറയില്‍നിന്ന് 6720 ലിറ്റര്‍ സ്പിരിറ്റ് പിടിച്ച കേസിലെ പ്രധാന പ്രതികള്‍ പിടിയില്‍. എറണാകുളം എന്‍ഫോഴ്സ്മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ ബി. ടെനിമോന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ആക്ഷന്‍ ടീമാണ് പ്രതികളെ പിടിച്ചത്. സ്പിരിറ്റ് സൂക്ഷിക്കുന്നതിനുവേണ്ടി ഗോഡൗണ്‍ വാടകയ്‌ക്കെടുത്ത രണ്ടാംപ്രതി മാവേലിക്കര പെരിങ്ങാല നടക്കാവില്‍ വിജയ ഭവനില്‍ അഖില്‍ വിജയന്‍ (35), ഗോഡൗണിലെ ജോലിക്കാരനും അഖിലിന്റെ സഹായിയുമായ കേസിലെ മൂന്നാം പ്രതി കാര്‍ത്തികപ്പിള്ളി കൃഷ്ണപുരം പുള്ളിക്കണക്ക് പതിയാരത്ത് ലക്ഷംവീട്ടില്‍ അര്‍ജുന്‍ അജയന്‍ (25) എന്നിവരാണ് അറസ്റ്റിലായത്.

നേരത്തേ ഒന്നാം പ്രതി അജിത്തിനെ കൂടാതെ, സ്പിരിറ്റ് കടത്താന്‍ ഉപയോഗിച്ച വാഹനത്തിന്റെ ഉടമസ്ഥരായ മീനച്ചില്‍ കടനാട് നീലൂര്‍ മറ്റത്തിപ്പാറ സ്വദേശി മഞ്ഞക്കുന്നേല്‍ ആന്റണി, തൊടുപുഴ കാരിക്കോട് ഇടവെട്ടി അഞ്ചുകണ്ടത്തില്‍ വീട്ടില്‍ നിബു സെബാസ്റ്റിന്‍, സാമ്പത്തികസഹായം ചെയ്ത മീനച്ചില്‍ മേലുകാവ് തുണ്ടിയില്‍ വീട്ടില്‍ തോമസ് ജോര്‍ജ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ ആറുപേര്‍ അറസ്റ്റിലായി.

ഗോഡൗണ്‍ വാടകയ്ക്ക് എടുത്തിരുന്ന അഖില്‍ വിജയന്‍ പിടിയിലായതാണ് വഴിത്തിരിവായത്. ടോറസ് ലോറിയില്‍ വന്‍തോതില്‍ സ്പിരിറ്റ് എത്തിച്ചുനല്‍കിയിരുന്നത് രാജ് മണികണ്ഠന്‍ എന്ന മൈസൂരു സ്വദേശിയാണെന്ന് സൂചന ലഭിച്ചു. ഇയാള്‍ക്കായുള്ള അന്വേഷണം മൈസൂരുവിലേക്ക് വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ്.

Content Highlights: kochi unichira spirit case two accused arrested