കൊച്ചിയിലെ ആക്രമണം: ഞെട്ടൽ മാറാതെ പെൺകുട്ടികൾ, വസ്ത്രധാരണം ശരിയല്ലെന്ന് പോലീസ് പറഞ്ഞെന്നും ആക്ഷേപം

#ന്യൂസ് ഡെസ്ക്
കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യം
കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യം

കൊച്ചി: ലൈംഗികച്ചുവയോടെ സംസാരിക്കുകയും അധിക്ഷേപിക്കുകയും ചെയ്തത് ചോദ്യംചെയ്ത പെൺകുട്ടികൾക്കുനേരേ അക്രമിസംഘത്തിന്റെ അഴിഞ്ഞാട്ടം. പെൺകുട്ടികളിലൊരാളെ നിലത്തിട്ട് ചവിട്ടുകയും മർദിക്കുകയും, ദൃശ്യം പകർത്താൻ ശ്രമിച്ച ഫോൺ എറിഞ്ഞുതകർക്കുകയും ചെയ്തു. കലൂർ-എളമക്കര റോഡിൽ നിന്നുള്ള ചക്കാലപ്പാടം റോഡിൽ ചൊവ്വാഴ്ച പുലർച്ചെ 4.30-നായിരുന്നു സംഭവം.

അക്രമിസംഘത്തിലെ പാലക്കാട് സ്വദേശികളായ അരുൺ, സാബിത്ത്, മലപ്പുറം സ്വദേശി ആൽബിൻ സൈമൺ എന്നിവരെ പോലീസ് പിടികൂടി. ഒന്നാംപ്രതി കലൂർ ലിബർട്ടി ലെയ്നിൽ ഹൈലാൻഡ് ലോഡ്ജ് നടത്തിപ്പുകാരനായ മണ്ണാർക്കാട് സ്വദേശി അക്ബർ അലി ഉൾപ്പെടെ ഏഴുപേർ ഒളിവിലാണ്. സംഘത്തിൽ രണ്ട് യുവതികളുമുണ്ട്. പിടിയിലായവർ അക്ബർ അലിയുടെ ഹോട്ടലിലെ ജീവനക്കാരാണ്.

റിക്രൂട്ട്മെന്റ് പരീക്ഷയ്ക്കുവേണ്ടി തയ്യാറെടുക്കുന്ന പെൺകുട്ടികൾക്കു നേരേയാണ് അതിക്രമമുണ്ടായത്. ഇവർ ഇരുവരും പുലർച്ചെ ചായകുടിക്കാൻ ഇറങ്ങിയതായിരുന്നു. അതേ സ്ഥലത്തേക്ക് പ്രതികളും ചായകുടിക്കാൻ എത്തി. തുടർന്ന് പ്രതികളുടെ കൂട്ടത്തിലെ രണ്ടുസ്ത്രീകൾ, ഈ പെൺകുട്ടികളോട് മുൻപേ പോയവർ എന്താണ് പറയുന്നതെന്ന് നോക്കാൻ ആവശ്യപ്പെട്ടു. തിരിഞ്ഞുനോക്കിയ പെൺകുട്ടികളുടെ നേർക്ക് ഒന്നാംപ്രതി അക്ബർ അലി, അശ്ലീല ആംഗ്യം കാണിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

അക്ബർ അലിയുടെ ഇടപാടുകളിൽ പരിശോധന

കൊച്ചി: കലൂരിൽ പെൺകുട്ടിക്കുനേരേ നടന്നത് ഭയാനകമായ ആക്രമണമാണെന്ന് കൊച്ചി സിറ്റി ഡി.സി.പി. കെ.എസ്. ഷഹൻഷാ വ്യക്തമാക്കി. പ്രതികൾക്കെതിരേ കൂടുതൽ വകുപ്പുകൾ ചുമത്തും. ആക്രമണത്തിനുമുന്നിൽ നിന്നത് അലി അക്ബറാണ്. പരാതി നൽകാനെത്തിയവരോട് പോലീസ് മോശമായി പെരുമാറിയെന്ന പരാതി അന്വേഷിക്കുമെന്നും ഡി.സി.പി. വ്യക്തമാക്കി.

പിടിയിലാകാനുള്ള ഏഴുപേർക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. പ്രതികളെല്ലാം സുഹൃത്തുക്കളാണ്.

ഇവരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷിക്കുന്നുണ്ട്. നഗരത്തിൽത്തന്നെ പ്രതികൾ ഒളിവിൽ കഴിയുന്നുണ്ടെന്നാണ് വിവരം. അതിനിടെ ഒന്നാം പ്രതി അക്ബർ അലിയുടെ ബിസിനസ് ഇടപാടുകളെ കുറിച്ച് പോലീസ് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഇയാൾക്ക് ലഹരി-ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഇയാളെക്കുറിച്ച് ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.

ആക്രമിക്കപ്പെട്ട പെൺകുട്ടികളും പ്രതികളും തമ്മിൽ യാതൊരു മുൻപരിചയവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതിനാണ് ആക്രമിച്ചതെന്നും പോലീസ് വ്യക്തമാക്കി.

പിടിയിലായ മൂന്നു പ്രതികളെ മുഖംമറച്ചാണ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. ഇവരെ പിന്നീട് തിരിച്ചറിയൽ പരിശോധനയ്ക്ക് വിധേയരാക്കും. പ്രതികളെ കണ്ടാൽ അറിയുമെന്ന് പരിക്കേറ്റ പെൺകുട്ടി പോലീസിനോട് പറഞ്ഞിട്ടുണ്ട്.

പോലീസിനുനേരേയും ആക്ഷേപം

കൊച്ചി: കൊച്ചിയിൽ പെൺകുട്ടികളെ ആക്രമിച്ച സംഭവത്തിൽ പോലീസിനുനേരേയും ആക്ഷേപം. ഗുരുതരമായ അതിക്രമം നടന്നിട്ടും സംഭവത്തിൽ പരാതി നൽകാനെത്തിയവരോട് പോലീസ് ഗൗരവമില്ലാതെയാണ് പെരുമാറിയതെന്ന് ആക്രമിക്കപ്പെട്ട പെൺകുട്ടിയുടെ സുഹൃത്തുക്കൾ ആരോപിച്ചു. പുലർച്ചെ നാലുമണിക്ക് എന്തിനാണ് പുറത്തിറങ്ങിയതെന്നും വസ്ത്രധാരണം ശരിയല്ലെന്നും പോലീസ് ഉദ്യോഗസ്ഥൻ സംസാരിച്ചതായി സുഹൃത്തുക്കൾ ആരോപിച്ചു. എന്നാൽ, അത്തരത്തിലുള്ള പരാതിയൊന്നും വന്നിട്ടില്ലെന്നും അതേക്കുറിച്ച് അന്വേഷിക്കുമെന്നും കൊച്ചി സിറ്റി ഡി.സി.പി. ഷഹൻഷാ വ്യക്തമാക്കി.പരിക്കേറ്റ യുവതി ജനറൽ ആശുപത്രിയിൽ ചികിത്സതേടി. പെൺകുട്ടിയെ മർദിക്കുന്നതിന്റെയും യുവതികൾ ബഹളംവെച്ചതോടെ ഒരുസംഘം ആളുകൾ ഓടിരക്ഷപ്പെടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സ്ത്രീത്വത്തെ അപമാനിക്കൽ, ക്രിമിനൽ ബലപ്രയോഗം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മർദനമേറ്റ പെൺകുട്ടിയുടെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെയും മൊഴി പോലീസ് രേഖപ്പെടുത്തി.

ഞെട്ടൽ വിട്ടുമാറാതെ പെൺകുട്ടികൾ...വീണ്ടും ചികിത്സതേടി പരിക്കേറ്റ പെൺകുട്ടി

കൊച്ചി: അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിന്റെ ഞെട്ടലിൽനിന്ന് രണ്ടുപെൺകുട്ടികളും മോചിതരായിട്ടില്ല. മുൻപ് കണ്ടുപരിചയം പോലുമില്ലാത്ത സംഘത്തിൽനിന്ന് ഇത്തരമൊരു ആക്രമണം അവർ പ്രതീക്ഷിച്ചിരുന്നില്ല. താമസ സ്ഥലത്തിന് തൊട്ടടുത്തുള്ള കടയിലാണ് പുലർച്ചെ ഇവർ ചായകുടിക്കാൻ പോയത്. അതിനിടെയാണ് അപ്രതീക്ഷിത ആക്രമണമുണ്ടായത്.

സംഭവം നടന്ന ഉടൻ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ പെൺകുട്ടി രാവിലെ ഡിസ്ചാർജാകുകയും നോർത്ത് പോലീസ് സ്റ്റേഷനിലെത്തി മൊഴി നൽകുകയും ചെയ്തിരുന്നു. ഉച്ചയോടെ ശരീരവേദന കൂടിയതോടെ വീണ്ടും ആശുപത്രിയിലെത്തി. നെഞ്ചിനും തലയ്ക്കും ശരീരമെമ്പാടും പെൺകുട്ടിക്ക് കടുത്ത വേദനയുണ്ടെന്ന് സുഹൃത്തായ അഭിനവ് പറഞ്ഞു.

അതിനിടെ സംഭവത്തിന്റെ നടുക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പത്തംഗ അക്രമിസംഘത്തിലുള്ളവർ വിദ്യാർഥിനിയുടെ മുടിക്ക് കുത്തിപ്പിടിക്കുന്നതും വീഴ്ത്തുന്നതും വീണുകിടക്കുമ്പോൾ നിരവധി തവണ ചവിട്ടുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. പ്രതികൾ ഓടിരക്ഷപ്പെടുന്നതും കാണാം.

അടുത്തയിടെതന്നെ ഒട്ടെറെ അക്രമസംഭവങ്ങൾ നഗരത്തിലുണ്ടായിട്ടുണ്ട്. അതിൽ ഒടുവിലത്തേതാണ് കലൂരിലെ ആക്രമണം. കഴിഞ്ഞദിവസങ്ങളിൽ രണ്ടു കൊലപാതകങ്ങളാണ് നഗരപരിധിയിൽ മാത്രമുണ്ടായത്. കുമ്പളങ്ങി ഇല്ലിക്കൽ മാർക്കറ്റിൽ തമിഴ്‌നാട് സ്വദേശിയും പള്ളുരുത്തി വെളിക്കുസമീപം പുല്ലാർദേശം സ്വദേശിയും കൊല്ലപ്പെട്ടിരുന്നു.

Content Highlights: Three suspects arrested for attacking women in Kaloor, Kochi., The incident occurred after the victims questioned lewd gestures., Seven suspects, including the prime accused, remain at large., Police investigating potential links between the accused and local drug/gang networks., Allegations of victim-blaming by police officers are under investigation.