3 നേരവും ലഹരികലർത്തിയ ഭക്ഷണം, 2 ദിവസം പൂട്ടിയിട്ട് കൂട്ടബലാത്സംഗം; യുവതി നേരിട്ടത് അതിക്രൂര പീഡനമെന്ന് ഭർത്താവ്

കൊച്ചി: നഗരത്തിൽ ജോലിയന്വേഷിച്ചെത്തിയ ദളിത് യുവതി നേരിട്ടത് കൊടിയ പീഡനമെന്ന് വെളിപ്പെടുത്തി ഭർത്താവ്. യുവതിയെ രണ്ടുദിവസത്തോളം പൂട്ടിയിട്ട് കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് ഭർത്താവ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രതികളുടെ കസ്റ്റഡിയിൽ യുവതി ക്രൂരമായ പീഡനത്തിനിരയായി. ഐസ്‌ക്രീമിൽ മയക്കുമരുന്ന് കലർത്തിനൽകി ബോധംകെടുത്തിയാണ് പീഡിപ്പിച്ചതെന്നും ഭർത്താവ് പറഞ്ഞു.
അധ്യാപികയായിരുന്ന യുവതി, വീടുമാറിയതിനെത്തുടർന്ന് ജോലി നഷ്ടപ്പെട്ടതിനാലാണ് പുതിയൊരു ജോലി തിരഞ്ഞത്. എന്തെങ്കിലും ഒരു ജോലി തരപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ സാമൂഹിക മാധ്യമത്തിൽ ഒരു സ്പായുടെ മാനേജർ തസ്തികയിലേക്കുള്ള പരസ്യംകണ്ട് അപേക്ഷ നൽകിയതായിരുന്നു. തുടർന്ന് അവർ അഭിമുഖത്തിന് ക്ഷണിക്കുകയും ജോലി നേടിയതായി അറിയിക്കുകയും ചെയ്തു. അടുത്തിടെ ഗർഭച്ഛിദ്രം സംഭവിച്ചതിനെത്തുടർന്ന് കടുത്ത മാനസികസമ്മർദത്തിന് ചികിത്സയിലായിരുന്നു യുവതി. ഡോക്ടറുടെ നിർദേശപ്രകാരം മാനസിക പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് ഭാര്യ ജോലിക്ക് പോകുന്നതിനെ പിന്തുണച്ചതെന്ന് ഭർത്താവ് പറയുന്നു.
സംഭവദിവസം രാവിലെ ടാക്സി ഡ്രൈവറായ താൻ മൂന്നാറിലേക്ക് പോയ സമയത്താണ് ഇന്റർവ്യൂ ഫോൺവന്ന കാര്യവും ജോലി ലഭിച്ച് മടങ്ങുകയാണെന്നുമുള്ള സന്ദേശം ഭാര്യ അറിയിക്കുന്നതെന്ന് ഭർത്താവ് പറഞ്ഞു. രാവിലെ 11 മണിവരെ സംസാരിച്ചിരുന്നെങ്കിലും അതിനുശേഷം ഫോൺ കിട്ടാതായി. പിറ്റേന്ന് രാവിലെവരെ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ ഭർത്താവ് വീട്ടുടമസ്ഥനെ വിളിച്ചുപറയുകയും വീട് പരിശോധിച്ചപ്പോൾ യുവതി അകത്തില്ലെന്ന് മനസ്സിലാവുകയും ചെയ്തു. എന്നാൽ, വൈകീട്ട് ഏഴുമണിയോടെ യുവതി ഫോണെടുത്തു. കൂട്ടുകാരിയുടെ അടുത്ത് പോയതാണെന്നും ഇടപ്പള്ളിയിൽനിന്ന് വീട്ടിലേക്ക് വരികയാണെന്നും ഫോൺ ഡിസ്പ്ലേ തകരാറിലായതിനാൽ കടയിൽ കൊടുത്തതായിരുന്നെന്നും പറഞ്ഞു. ഇതിനിടെ വെയിലുകൊണ്ട് ചുണ്ടുകൾ വീർത്തിട്ടുണ്ടെന്ന കാര്യവും അവൾ പറഞ്ഞതായി ഭർത്താവ് അറിയിക്കുന്നു.
ഇതോടെ താൻ ഉടൻ വണ്ടിയെടുത്ത് വീട്ടിലെത്തിയതായും ഭർത്താവ് പറയുന്നു. അപ്പോൾ ഭാര്യ കടുത്ത ക്ഷീണത്തോടെ കമഴ്ന്നുകിടക്കുകയായിരുന്നു. ഫാനോ ലൈറ്റോ ഒന്നും ഇട്ടിരുന്നില്ല. എന്താണ് പ്രശ്നമെന്ന് ചോദിച്ചപ്പോൾ ഒന്നുമില്ലെന്നുപറഞ്ഞ് ഒഴിഞ്ഞുമാറി. ആവർത്തിച്ച് ചോദിച്ചപ്പോഴാണ് പൊട്ടിക്കരഞ്ഞുകൊണ്ട് താൻ നേരിട്ട അതിക്രൂരമായ കാര്യങ്ങൾ വെളിപ്പെടുത്തിയത്. ജോലിസ്ഥലത്തെത്തിയ യുവതിക്ക് ആദ്യം ഐസ്‌ക്രീമിൽ മയക്കുമരുന്ന് കലർത്തി നൽകിയാണ് ബോധം കെടുത്തിയത്. ചെറുതായി ബോധം തെളിഞ്ഞപ്പോൾ വസ്ത്രങ്ങൾ വലിച്ചുകീറുകയും അവിടെയുണ്ടായിരുന്ന സ്ത്രീ ഉൾപ്പെടെയുള്ളവർ ചേർന്ന് ശാരീരികമായി ഉപദ്രവിക്കുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്തു. അതിനിടെ ശുചിമുറിയിൽക്കയറി വസ്ത്രമെടുത്ത് ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പ്രതികൾ വാതിൽ തല്ലിപ്പൊളിച്ച് അകത്തുകയറി പുറത്തേക്ക് വലിച്ചിട്ടു. മൂന്നുനേരവും മയക്കുമരുന്ന് കലർത്തിയ ഭക്ഷണമാണ് പ്രതികൾ നൽകിയിരുന്നത്. തുടർന്ന് ഭക്ഷണംകഴിക്കാൻ വിസമ്മതിച്ചെന്നും ഭർത്താവ് പറഞ്ഞു.
പീഡനം തുടരുന്നതിനിടെ വൈകീട്ടോടെ പുറത്തുനിന്ന് മറ്റു രണ്ടുപേർകൂടി ലോഡ്ജിലേക്ക് എത്തിച്ചേർന്നു. അതോടെ അവിടെക്കണ്ട ബിയർകുപ്പി പൊട്ടിച്ച്, താൻ കുത്തിച്ചാവുമെന്നും താൻ മരിച്ചാൽ നിങ്ങൾ ജയിലിലാകുമെന്നും അല്ലെങ്കിൽ തന്നെ വെറുതേവിടണമെന്നും അവൾ ഭീഷണി മുഴക്കി. ഇതോടെയാണ് ഫോൺ തിരികെ നൽകി പ്രതികൾ യുവതിയെ പുറത്തുവിട്ടത്. എന്നാൽ, പീഡന ദൃശ്യങ്ങളും സാധനങ്ങളും തങ്ങളുടെ കൈയിലുണ്ടെന്നും പോലീസിൽ പരാതിപ്പെടുകയോ പുറത്തുപറയുകയോ ചെയ്താൽ കൊല്ലുമെന്നും അവർ അവളെ ഭീഷണിപ്പെടുത്തിയതായും ഭർത്താവ് പറഞ്ഞു.
അവൾ ഇപ്പോഴും നേരിട്ട ക്രൂരതകളുടെ നടുക്കത്തിലും മാനസികാഘാതത്തിലുമാണെന്ന് ഭർത്താവ് പറയുന്നു. സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുകയാണ്. ഭർത്താവായ തന്നെപ്പോലും കാണാനോ സംസാരിക്കാനോ കൂട്ടാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ മുഖ്യ പ്രതികളായ ശ്രീരാജ്, ജിത്ത് മാർട്ടിൻ എന്നിവരെ പോലീസ് അറസ്റ്റുചെയ്തു. വയനാട് സ്വദേശിയായ അമ്മു എന്ന യുവതിയും ലൈംഗികമായി ഉപദ്രവിച്ചെന്ന് ഭർത്താവ് പറയുന്നു. ഭാര്യ പുറത്തേക്ക് ഓടിപ്പോവാതിരിക്കാൻ ലോഡ്ജിന് പുറത്ത് അമ്മുവിന്റെ സുഹൃത്ത് സഞ്ജു കാവൽ നിന്നതായും തെളിഞ്ഞിട്ടുണ്ട്.
മുഖ്യപ്രതിയായ ശ്രീരാജ് നാലുവർഷംമുൻപാണ് സ്പാ ബിസിനസ് തുടങ്ങിയതെന്നും ഇതിന്റെ മറവിൽ യുവതികളെ ആവശ്യക്കാർക്ക് കൈമാറുന്ന വലിയൊരു സെക്‌സ് റാക്കറ്റും നെറ്റ്‌വർക്കും പ്രവർത്തിച്ചിരുന്നതായും പോലീസ് അറിയിക്കുന്നു. പ്രതികളുടെ ഗുണ്ടാബന്ധങ്ങളും ലഹരി ഇടപാടുകളും സ്പാ പങ്കാളികളെക്കുറിച്ചും പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.
ഇത്രമേൽ ക്രൂരതകൾക്ക് ഭാര്യ ഇരയായതിനു പുറമേ, ചികിത്സയ്ക്കും സ്വന്തം പോക്കറ്റിൽനിന്ന് പണം ചെലവഴിക്കേണ്ട ദയനീയാവസ്ഥയിലാണ് ഭർത്താവ്. മാതാവിന്റെ റേഷൻ കാർഡിലാണ് യുവതിയുടെ പേരുള്ളതെന്നും കുടുംബതർത്തെ തുടർന്ന് റേഷൻ കാർഡ് ലഭിക്കാത്തതുമൂലം സൗജന്യ ചികിത്സ ലഭിക്കുന്നില്ലെന്നും ഭർത്താവ് ചൂണ്ടിക്കാട്ടി. വീട്ടുവാടക നൽകാൻവെച്ചിരുന്ന പണമെടുത്താണ് നിലവിൽ ചികിത്സ നടത്തുന്നത്. ഭാര്യക്ക് സർക്കാരിന്റെ ഭാഗത്തുനിന്ന് സംരക്ഷണം നൽകണമെന്നും കുറ്റവാളികൾക്ക് അർഹമായ ശിക്ഷനൽകി ഇനിയൊരു പെൺകുട്ടിക്കും ഇത്തരമൊരു ദാരുണമായ അവസ്ഥയുണ്ടാകില്ലെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
Content Highlights: A Dalit woman who went in search of a job through social media was lured into a spa in Kochi., She was drugged with ice cream, locked up, and subjected to brutal gang rape by multiple individuals including a woman., The victim suffered severe physical and psychological trauma while her husband was away in Munnar., The horrific incident came to light after the husband found her in an exhausted state and she revealed the ordeal.