കൊച്ചി നഗരത്തില്‍ പൂട്ടിക്കിടന്ന വീട്ടില്‍ വന്‍ മോഷണം; 70 പവനും പണവും വീടിന്റെ ആധാരവും നഷ്ടമായി

കൊച്ചി: കൊച്ചി നഗരമധ്യത്തില്‍ അടച്ചിട്ടിരുന്ന വീട്ടില്‍ വന്‍ കവര്‍ച്ച. കലൂര്‍ ദേശാഭിമാനി റോഡിലെ ഫ്രന്‍ഡ്‌സ് ലെയ്‌നിലുള്ള കല്ലുംപുറത്ത് കോശി ഐസക് പണിക്കരുടെ വീട്ടില്‍നിന്നാണ് 70 പവനും പണവും ആധാരങ്ങളും കവര്‍ന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ 12.40-ന് ശേഷമാണ് മോഷണമെന്നാണ് നിഗമനം. രണ്ട് അജ്ഞാതര്‍ വീടിന്റെ മതില്‍ ചാടി അകത്ത് കടക്കുന്നത് സമീപവീട്ടിലെ സി.സി.ടി.വി. ദൃശ്യങ്ങളിലുണ്ട്.
ശൗചാലയത്തിന്റെ വെന്റിലേഷന്‍ ജനല്‍ തകര്‍ത്ത് വീടിനുള്ളില്‍ കയറിയ ഇവര്‍ കിടപ്പുമുറിയിലെ അലമാര കുത്തിത്തുറന്നാണ് സ്വര്‍ണവും 10,000 രൂപയും വീടിന്റെ ആധാരവും അപഹരിച്ചത്. അലമാരയില്‍ ചെറിയ ബാഗുകളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു വിലപിടിപ്പുള്ള വസ്തുക്കള്‍. മോഷണം പോയ ആഭരണങ്ങള്‍ക്ക് 45 ലക്ഷം രൂപയോളം മതിക്കും.
കെ.എസ്.ഇ.ബി.യില്‍ എക്സിക്യുട്ടീവ് എന്‍ജിനീയറായ വീട്ടുടമസ്ഥന്‍ തൃശ്ശൂരിലും ബാങ്ക് ജീവനക്കാരിയായ ഭാര്യ ബെംഗളൂരുവിലുമാണ് ജോലി ചെയ്യുന്നത്. മക്കളും അന്യസംസ്ഥാനങ്ങളിലാണ് താമസം.
അയല്‍വാസി വീട്ടില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി. ക്യാമറകളിലെ ദൃശ്യങ്ങള്‍ വെള്ളിയാഴ്ച കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ദൃശ്യങ്ങള്‍ ഉടന്‍ വീട്ടുടമയ്ക്ക് അയച്ചുകൊടുത്തു. വെള്ളിയാഴ്ച രാത്രി ഉടമ വീട്ടിലെത്തി മോഷണം സ്ഥിരീകരിച്ചു. നോര്‍ത്ത് പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ ഫൊറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും പോലീസ് ഡോഗ് സ്‌ക്വാഡും വീട്ടില്‍ പരിശോധന നടത്തി. 2024 മാര്‍ച്ച് മുതല്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു.
കേസ് അന്വേഷിക്കുന്നതിനായി നോര്‍ത്ത് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ സജീഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാര്‍ ഉള്‍പ്പെടുന്ന ഏഴംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
Content Highlights: Kochi House Burglary: ₹45 Lakh Jewelry Stolen