റോയി വയലാട്ടും സൈജുവും എവിടെ? പോക്‌സോ കേസില്‍ ഇരുട്ടില്‍തപ്പി പോലീസ്, തിരച്ചില്‍ ഊര്‍ജിതം

Screengrab: Mathrubhumi News
Screengrab: Mathrubhumi News

കൊച്ചി:  ഹോട്ടല്‍ നമ്പര്‍ 18 പോക്‌സോ കേസില്‍ പ്രതികളെ പിടികൂടാന്‍ കഴിയാതെ ഇരുട്ടില്‍തപ്പി പോലീസ്. പോക്‌സോ കേസിലെ പ്രതികളായ റോയി വയലാട്ട്, സൈജു തങ്കച്ചന്‍ എന്നിവരെയാണ് ഇതുവരെയും പോലീസിന് പിടികൂടാന്‍ കഴിയാത്തത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി ആറുദിവസം പിന്നിട്ടിട്ടും രണ്ടുപ്രതികളും ഒളിവില്‍ തുടരുകയാണ്. 

കഴിഞ്ഞദിവസങ്ങളില്‍ റോയി വയലാട്ടിന്റെയും സൈജുവിന്റെയും വീടുകളില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. ഇവരുമായി ബന്ധമുള്ളവരുടെ വീടുകളിലും തിരച്ചില്‍ നടത്തി. എന്നാല്‍ പ്രതികളെ കണ്ടെത്താന്‍ മാത്രം കഴിഞ്ഞില്ല. അതിനിടെ, റോയി വയലാട്ടും സൈജുവും അയല്‍സംസ്ഥാനങ്ങളിലേക്ക് കടന്നതായി പോലീസ് സംശയിക്കുന്നുണ്ട്. ഇവര്‍ കീഴടങ്ങിയേക്കുമെന്നും സൂചനകളുണ്ടായിരുന്നു. 

പോക്‌സോ കേസിലെ പ്രതികളെ കണ്ടെത്താന്‍ ഊര്‍ജിതമായ തിരച്ചില്‍ തുടരുകയാണെന്നാണ് പോലീസിന്റെ പ്രതികരണം. അധികം താമസിയാതെ പ്രതികളുടെ അറസ്റ്റുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൊച്ചി ഡി.സി.പി. യു.വി. കുര്യാക്കോസ് മാധ്യമങ്ങളോട് പറഞ്ഞു. ഇവരുടെ ബന്ധുവീടുകളിലടക്കം തിരച്ചില്‍ നടത്തിയെന്നും അദ്ദേഹം പ്രതികരിച്ചു. 

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെ റോയി വയലാട്ടും സൈജുവും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇവരുടെ ജാമ്യാപേക്ഷ സുപ്രീംകോടതിയും കഴിഞ്ഞദിവസം തള്ളി. കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് ഇത്രയും ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്തതിനെ ശക്തമായ പ്രതിഷേധവും ഉയരുന്നുണ്ട്. 

നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ട്, സുഹൃത്ത് സൈജു തങ്കച്ചന്‍, കോഴിക്കോട് സ്വദേശിനിയും ബിസിനസ് കണ്‍സള്‍ട്ടന്റുമായ അഞ്ജലി റീമാദേവ് എന്നിവരാണ് പോക്‌സോ കേസിലെ പ്രതികള്‍. കേസില്‍ അഞ്ജലി റീമാദേവിന് മാത്രമാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

Content Highlights: kochi hotel number 18 pocso case police investigation to arrest two accused