ചോദ്യംചെയ്യല്‍ ഇന്ന്; അഞ്ജലി ഹാജരാകുമോ? എവിടെയാണെന്ന് അറിയാതെ പോലീസ്

കൊച്ചി: ഫോര്‍ട്ട്കൊച്ചി നമ്പര്‍ 18 പോക്‌സോ കേസില്‍ മൂന്നാംപ്രതി അഞ്ജലി റിമ ദേവിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ഒരുങ്ങുകയാണെങ്കിലും ഇവര്‍ എവിടെയെന്ന കാര്യത്തില്‍ വ്യക്തതയില്ല.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്നു കാണിച്ച് ബുധനാഴ്ച കോഴിക്കോട്ടുള്ള ഇവരുടെ വീട്ടില്‍ നോട്ടീസ് പതിക്കുമെന്ന് സി.ഐ. അനന്തലാല്‍ അറിയിച്ചു. ഇവര്‍ അന്വേഷണവുമായി ഇതുവരെ സഹകരിക്കാത്ത സാഹചര്യത്തിലാണിത്. മുന്‍കൂര്‍ ജാമ്യം കിട്ടിയിട്ടും അഞ്ജലി ഒളിവില്‍ തുടരുകയാണ്. അതിനിടെ രണ്ടുതവണ വീഡിയോ പുറത്തുവിട്ടെങ്കിലും ഇവരുടെ ഒളിയിടം കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞിട്ടില്ല.
കേസില്‍ അറസ്റ്റിലായ നമ്പര്‍ 18 ഹോട്ടലുടമ റോയ് ജെ. വയലാട്ട്, സൈജു എം. തങ്കച്ചന്‍ എന്നിവരെ ചൊവ്വാഴ്ച ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. പെണ്‍കുട്ടിയുമായി ഹോട്ടലിലെത്തിയ വാഹനം പോലീസ് തിരിച്ചറിഞ്ഞു.
ഡിജിറ്റല്‍ തെളിവുകള്‍ നിരത്തിയായിരുന്നു ചോദ്യം ചെയ്യല്‍. മതിയായ തെളിവുകള്‍ ലഭിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി. പരാതിക്കാരി നല്‍കിയിരിക്കുന്ന ഡിജിറ്റല്‍ തെളിവുകളോടൊപ്പം വിവിധയിടങ്ങളില്‍നിന്ന് ശേഖരിച്ച സി.സി.ടി.വി. ദൃശ്യങ്ങളും പോലീസിന്റെ പക്കലുണ്ട്. ഹോട്ടലില്‍ നടന്ന നിശാ പാര്‍ട്ടിയുടെയും പെണ്‍കുട്ടികളെ ഇവിടേക്ക് എത്തിച്ചതിന്റെയും ദൃശ്യങ്ങളും കിട്ടി. കേസില്‍ മൂവര്‍ക്കുമെതിരേ ശക്തമായ തെളിവുകള്‍ കിട്ടിയതായാണ് അന്വേഷണ സംഘം പറയുന്നത്. ചോദ്യംചെയ്യല്‍ പൂര്‍ത്തിയായതിനാല്‍ റോയിയെയും സൈജുവിനെയും ബുധനാഴ്ച തിരികെ കോടതിയില്‍ ഹാജരാക്കും.
നമ്പര്‍ 18 ഹോട്ടലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.
Content Highlights: kochi hotel number 18 pocso case anjali reemadev interrogation