എഡിസൺ ഡാര്‍ക്ക്‌നെറ്റിലെ വമ്പൻസ്രാവ്; ലഹരിക്കച്ചവടത്തില്‍ 4 സ്റ്റാർ ലെവല്‍ റേറ്റിങ്; പൂട്ടി എൻസിബി

മൂവാറ്റുപുഴ സ്വദേശിയുടെ വീട്ടിൽനിന്ന് പിടികൂടിയ എൽഎസ്ഡി സ്റ്റാമ്പ്
മൂവാറ്റുപുഴ സ്വദേശിയുടെ വീട്ടിൽനിന്ന് പിടികൂടിയ എൽഎസ്ഡി സ്റ്റാമ്പ്

കൊച്ചി: 'കെറ്റാമെലോണ്‍' എന്നപേരില്‍ ഡാര്‍ക്ക്നെറ്റ് വഴി കേരളത്തിലേക്ക് രാസലഹരി എത്തിക്കുന്ന ശൃംഖല തകര്‍ത്ത് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) കൊച്ചി യൂണിറ്റ്. മൂവാറ്റുപുഴ സ്വദേശി എഡിസണും സഹായിയും പിടിയിലായി. 1127 ബ്ലോട്ട് എല്‍എസ്ഡി, 131.66 ഗ്രാം കെറ്റാമൈന്‍, ക്രിപ്‌റ്റോ കറന്‍സി എന്നിവയും പിടിച്ചെടുത്തു. ലഹരിവസ്തുക്കള്‍ക്ക് 35 ലക്ഷത്തിലധികം രൂപ വിലവരും. പിടിച്ചെടുത്ത ക്രിപ്‌റ്റോ കറന്‍സിക്ക് 70 ലക്ഷത്തിലധികം രൂപയുടെ മൂല്യമുണ്ട്.

മാസങ്ങള്‍നീണ്ട നിരീക്ഷണത്തില്‍, 28-ന് കൊച്ചിയിലെ മൂന്ന് തപാല്‍ പാഴ്‌സലുകളില്‍നിന്നാണ് 280 എല്‍എസ്ഡി ബ്ലോട്ടുകള്‍ പിടിച്ചെടുത്തത്. അന്വേഷണത്തില്‍ മൂവാറ്റുപുഴ സ്വദേശി പാഴ്‌സലുകള്‍ ഡാര്‍ക്ക്നെറ്റ് വഴി ഓര്‍ഡര്‍ ചെയ്തതായി കണ്ടെത്തി. 29-ന് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ബാക്കിസാധനങ്ങള്‍ പിടിച്ചെടുത്തത്. ഡാര്‍ക്ക്നെറ്റ് മാര്‍ക്കറ്റുകളിലേക്ക് പ്രവേശിക്കാന്‍ ഉപയോഗിച്ച പെന്‍ ഡ്രൈവ്, ഒന്നിലധികം ക്രിപ്‌റ്റോകറന്‍സി വാലറ്റുകള്‍, ഇടപാടുകളുടെ വിവരങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക്കുകള്‍, ഒരു ഹാര്‍ഡ്വേര്‍ വാലറ്റ് എന്നിവയും കണ്ടെത്തി.

വിപണനംചെയ്യുന്ന മയക്കുമരുന്നിന്റെ തോതും വിലയും അടിസ്ഥാനമാക്കി ഡാര്‍ക്ക്നെറ്റിലെ കാര്‍ട്ടലുകള്‍ക്ക് ഒരു സ്റ്റാര്‍മുതല്‍ അഞ്ചുസ്റ്റാര്‍വരെ റേറ്റിങ് നല്‍കുന്നുണ്ട്. ഇതില്‍ ഇന്ത്യയിലെ ഏക ലെവല്‍-4 ഡാര്‍ക്ക്നെറ്റ് ഇടപാടുകാരനായിരുന്നു എഡിസണെന്ന് എന്‍സിബി വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇവര്‍ ഡാര്‍ക്ക്നെറ്റില്‍ സജീവമാണ്. ഇംഗ്ലണ്ടില്‍നിന്നാണ് മയക്കുമരുന്നെത്തിച്ചത്. എല്‍എസ്ഡി ബ്ലോട്ടുകള്‍ ഓരോന്നിനും 2500 മുതല്‍ 4000 രൂപവരെ വിലയുണ്ട്.

Content Highlights: NCB Kochi unit busts a darknet drug ring, arresting a man and seizing LSD, Ketamine