ഓഫീസിലും വീട്ടിലും 'ഏജന്റ്', പറയുന്നതുപോലെ ED ചെയ്യും; വിജിലൻസിനോട് ഇ മെയിൽ വഴി തെളിവുചോദിച്ച് ED

കൊച്ചി: ഉദ്യോഗസ്ഥനെതിരേയുള്ള അഴിമതി ആരോപണത്തിൽ സംസ്ഥാന വിജിലൻസിനോട് തെളിവും കേസിന്റെ വിശദാംശങ്ങളും ചോദിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഉദ്യോഗസ്ഥരുടെയെല്ലാം ഫോൺകോൾ രേഖകൾ പരിശോധിക്കാനും നടപടി തുടങ്ങി. ഡൽഹി ഇഡി ഡയറക്ടറുടെ നിർദേശപ്രകാരമാണ് കൊച്ചി ഇഡിയുടെ നടപടി. ഇ-മെയിൽ മുഖാന്തരമാണ് വിജിലൻസുമായുള്ള ആശയവിനിമയമെന്നാണ് സൂചന.
കേസ് ഒത്തുതീർപ്പാക്കാനെന്നപേരിൽ പ്രവർത്തിക്കുന്ന ഏജന്റുമാരുമായി ഓഫീസിലെ ആർക്കെങ്കിലും ബന്ധമുണ്ടോ എന്നത് സംബന്ധിച്ചും ഇഡി അന്വേഷണം നടത്തും. കോൾലിസ്റ്റിനൊപ്പം ഉദ്യോഗസ്ഥരുടെ മെയിലുകളും സോഷ്യൽമീഡിയ അക്കൗണ്ടുകളും പരിശോധിക്കും. വിജിലൻസിൽനിന്ന് രേഖകൾ ലഭ്യമായാൽ ഇഡി ആഭ്യന്തര അന്വേഷണത്തിനായി പ്രത്യേകസംഘത്തെ നിയോഗിക്കുന്നതും പരിഗണനയിലുണ്ട്.
കൊച്ചി ഇഡി ഓഫീസിനെതിരേ അതിഗുരുതര വെളിപ്പെടുത്തൽ
കൊച്ചി: കള്ളപ്പണക്കേസുകൾ ഒതുക്കാൻ പണം വാങ്ങിയ ഏജന്റുമാരിലൊരാളെ കൊച്ചി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസിനുള്ളിൽ കണ്ടുവെന്ന് പരാതിക്കാർ. ഇഡി ഉദ്യോഗസ്ഥർക്കെന്നപേരിൽ രണ്ടുലക്ഷം രൂപ കൈക്കൂലി വാങ്ങവേ വിജിലൻസ് അറസ്റ്റ് ചെയ്ത രാജസ്ഥാൻ സ്വദേശി മുരളി മുകേഷിനെയാണ് ഇഡി ഓഫീസിനുള്ളിൽ കണ്ടത്.
ഇഡി ഓഫീസിലെ സിസിടിവിയിൽ ഈ ദൃശ്യങ്ങളുണ്ടാകുമെന്നും പരിശോധിക്കണമെന്നും പരാതിക്കാരനായ കൊട്ടാരക്കര സ്വദേശി അനീഷ്ബാബു പറയുന്നു. കേസ് ഒത്തുതീർപ്പാക്കി രേഖ തരുന്നത് ഡൽഹിയിൽനിന്ന് ഇഡി ഡയറക്ടറാണെന്ന് ഏജന്റുമാർ ഉറപ്പു നൽകിയെന്നും അനീഷ് ബാബു പറഞ്ഞു.
കശുവണ്ടി വ്യവസായവുമായി ബന്ധപ്പെട്ട ഇടപാടുകളിൽ അനീഷിന് ആദ്യ ഇഡി സമൻസ് ലഭിക്കുന്നത് മൂന്നുവർഷം മുമ്പാണ്. അന്ന് അഭിഭാഷകൻ മുഖേന മറുപടി നൽകി. ഒരുവർഷം മുൻപാണ് തമിഴ്‌നാട് തൂത്തുക്കുടി കേന്ദ്രമാക്കി ബിസിനസ് തുടങ്ങുകയും കുടുംബത്തോടൊപ്പം താമസം അങ്ങോട്ടേക്കു മാറ്റുകയും ചെയ്തത്. ഇതിനുശേഷമാണ് 2024 ഡിസംബറിൽ വീണ്ടും ഇഡി സമൻസ് വരുന്നത്. ഫെബ്രുവരിയിൽ ഇഡി ഓഫീസിൽ ഹാജരായി.
ടാൻസാനിയയിലെ ദാർ എസ് സലാമിൽ അനീഷ് ബാബു മാനേജിങ് ഡയറക്ടറായി സതേൺ ട്രേഡ് ലിമിറ്റഡ് എന്ന കശുവണ്ടി വ്യവസായ കമ്പനിയുണ്ട്. ഈ കമ്പനിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകൾ ഹാജരാക്കാനാണ് ഇഡി അസിസ്റ്റന്റ് ഡയറക്ടറായ ശേഖർ കുമാർ ആവശ്യപ്പെട്ടതെന്ന് അനീഷ് പറഞ്ഞു. എട്ടുവർഷമായി താൻ ടാൻസാനിയയിലേക്ക് പോയിട്ടില്ല. ആ രേഖകൾ ഹാജരാക്കണമെങ്കിൽ അവിടെ പോയി എടുക്കണമെന്നും അല്ലെങ്കിൽ എംബസി വഴി ഇഡിക്ക് അത് നേടിയെടുക്കാമെന്നും താൻ മറുപടി നൽകി. ഇതിനായി മൂന്നുതവണ ഇഡി ഓഫീസിൽ ഹാജരായെന്ന് അനീഷ് ബാബു പറഞ്ഞു. ഒടുവിൽ ഹാജരായപ്പോൾ 14 ദിവസത്തിനുള്ളിൽ രേഖകൾ ഹാജരാക്കണം ഇല്ലെങ്കിൽ അറസ്റ്റുണ്ടാകുമെന്ന് പറഞ്ഞു. തുടർന്ന് മുൻകൂർ ജാമ്യത്തിനായി അനീഷ് ഹൈക്കോടതിയെയും പിന്നീട് സുപ്രീംകോടതിയെയും സമീപിക്കുകയായിരുന്നു. അറസ്റ്റ് നടപടികൾ ഉണ്ടാവുകയാണെങ്കിൽ 14 ദിവസംമുന്നേ നോട്ടീസ് നൽകണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. ഈ ഘട്ടത്തിലാണ് അനീഷിനെ ഇഡി ഏജന്റ് ആണെന്ന് പരിചയപ്പെടുത്തി തമ്മനം സ്വദേശി വിൽസൺ വിളിക്കുന്നതും കേസ് ഒത്തുതീർപ്പാക്കാൻ രണ്ടുകോടി നൽകിയാൽ മതിയെന്നു പറയുന്നതും. ഇക്കാര്യം വിജിലൻസിനെ അറിയിച്ച് അവരുടെ നിർദേശപ്രകാരം നീങ്ങിയതോടെയാണ് ഇഡി ‘ഏജന്റു’മാർ പിടിയിലാകുന്നത്.
ഓഫീസിലും വീട്ടിലും ‘ഏജന്റ്’
അനീഷിന്റെകൂടെ ഇഡി ഓഫീസിലേക്കുപോയ ഭാര്യ നിമ്മിയാണ്, വിജിലൻസ് അറസ്റ്റ് ചെയ്ത രാജസ്ഥാൻകാരൻ മുകേഷിനെ അവിടെവെച്ചു കണ്ടത്. ഇതേ മുകേഷ് സമൻസ് നൽകാൻ വീട്ടിൽ വന്നിരുന്നതായി അമ്മ പറഞ്ഞതായി അനീഷ് വ്യക്തമാക്കി. ഇയാളുടെ ഫോട്ടോ മാധ്യമങ്ങളിൽ വന്നപ്പോഴാണ് അത് മുകേഷാണെന്ന് അമ്മ അനിത തിരിച്ചറിഞ്ഞത്.
എല്ലാം ഏജന്റ് പറയുന്നതുപോലെ
ഇഡി ഉദ്യോഗസ്ഥരാരും തന്നോട് നേരിട്ടു പണം ചോദിച്ചിട്ടില്ലെന്ന് അനീഷ് ബാബു പറഞ്ഞു. വിൽസൺ എന്ന ഏജന്റ് മുഖേന മാത്രമായിരുന്നു ചർച്ചകൾ. മേയ് അഞ്ചാം തീയതി കണ്ടപ്പോൾ 14-ന് ഇഡിയിൽ ഹാജരാകുന്നവിധം സമൻസ് അയപ്പിക്കാമെന്നു പറഞ്ഞു. ഇതനുസരിച്ച് അനീഷിന്റെ മെയിലിൽ 14-ന് ഹാജരാകാനുള്ള സമൻസ് ലഭിച്ചു.
Content Highlights: Enforcement Directorate probes bribery allegations against Kochi ED officials