കൊച്ചിയിലെ ലഹരിവേട്ട: ഡ്രഗ് ഡീലർ കെവിന്റെ ഇടപാടുകാരിൽ സിനിമാതാരങ്ങളും ഡോക്ടർമാരും

#മാതൃഭൂമി ന്യൂസ്
കെവിനെ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍
കെവിനെ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍

കൊച്ചി: കൊച്ചി നഗരത്തെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വലിയ ലഹരി ശൃംഖലയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. നഗരത്തിലെ പ്രമുഖ ലഹരിമരുന്ന് വ്യാപാരിയായ കെവിൻ പിടിയിലായതോടെയാണ് ഉന്നതതലങ്ങളിലുള്ള ഇടപാടുകാരുടെ വിവരങ്ങൾ പോലീസിന് ലഭിച്ചത്. കെമിക്കൽ ഡ്രഗ്ഗിന്റെ ഹോൾസെയിൽ ഡീലറായ കെവിന്റെ കസ്റ്റമർ പട്ടികയിൽ ഡോക്ടർമാരും സിനിമാതാരങ്ങളും അടക്കം സമൂഹത്തിലെ വിവിധ മേഖലകളിൽ ഉള്ളവർ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

കെവിൻ ലഹരി എത്തിച്ചുനൽകിയിരുന്നവരിൽ സിനിമാ മേഖലയിലുള്ളവർക്ക് പുറമെ പ്രമുഖ ബിസിനസ്സുകാർ, റിയൽ എസ്റ്റേറ്റ് ഉടമകൾ, അഭിഭാഷകർ, ഫിസിയോതെറാപ്പിസ്റ്റുകൾ എന്നിവരും ഉൾപ്പെടുന്നു. ഇത്തരത്തിൽ ലഹരി കൈമാറുന്നവരുടെ ഒരു വലിയ പട്ടിക തന്നെ പോലീസ് തയ്യാറാക്കിയിട്ടുണ്ട്.

കൊച്ചിയിലെ നൈറ്റ് പാർട്ടികളിലും ഡിജെ പാർട്ടികളിലും എത്തുന്നവർക്ക് ലഹരിമരുന്ന് എത്തിക്കുന്ന പ്രധാന വിതരണക്കാരനായിരുന്നു കെവിൻ. മുൻപ് വിവാദമായ കൊച്ചിയിലെ 'വൈറ്റ് കോളർ ഡ്രഗ് പാർട്ടി' കേസുമായി ബന്ധപ്പെട്ടും കെവിന്റെ സാന്നിധ്യം പോലീസ് സ്ഥിരീകരിച്ചിരുന്നു. കെവിൻ നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ലഹരി വ്യാപാരവുമായി ബന്ധപ്പെട്ടാണ് ഈ ഇടപാടുകൾ നടന്നതെന്ന് വ്യക്തമാണ്. നിലവിൽ പിടിയിലായ കെവിൻ തന്റെ ചില പ്രധാന ഇടപാടുകാരുടെ പേരുവിവരങ്ങൾ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. വലിയൊരു വിതരണ ശൃംഖല തന്നെ ഇയാൾ രൂപപ്പെടുത്തിയിരുന്നതായാണ് കണ്ടെത്തൽ.

വരുംദിവസങ്ങളിൽ കൂടുതൽ പ്രമുഖർ ലഹരി ശൃംഖലയുമായി ബന്ധപ്പെട്ട് അറസ്റ്റിലാകാൻ സാധ്യതയുണ്ടെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ധാർമ്മികത പുലർത്തേണ്ട ഡോക്ടർമാരെപ്പോലെയുള്ളവർ പോലും ഇത്തരത്തിൽ ലഹരി ഉപയോഗിക്കുന്നവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്നത് പോലീസിനെ ഞെട്ടിച്ചിരിക്കുകയാണ്. കൊച്ചിയിലെ ലഹരി മാഫിയയുടെ വേരുകൾ കണ്ടെത്താനുള്ള ഊർജിതമായ ശ്രമത്തിലാണ് അന്വേഷണ സംഘം.

Content Highlights: Arrest of Kevin, a wholesale chemical drug dealer in Kochi., Client list includes high-profile individuals: doctors, actors, lawyers, and business owners., Network linked to city night parties and DJ events., Police investigating financial trails and potential further arrests., Investigation focuses on dismantling the established drug supply chain.