നാട്ടിൽ തണ്ണിമത്തൻ വ്യാപാരി; കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന പ്രധാനി ഝാർഖണ്ഡിൽ പിടിയിൽ

#News Desk
ദേബു മെഹന്ത
ദേബു മെഹന്ത

കൊച്ചി: കൊച്ചിയിലേക്ക് 52 കിലോ കഞ്ചാവ് കൊണ്ടുവന്ന കേസിൽ കൂട്ടുപ്രതികളെ ഝാർഖണ്ഡിൽ നിന്നും അറസ്റ്റ് ചെയ്തു. എറണാകുളം റെയിൽവേ പോലീസ് ഇൻസ്പെക്ടർ കെ. ബാലന്റെ നേതൃത്വത്തിലുള്ള സംഘമാണ് നാലുദിവസത്തെ തിരച്ചിലിനൊടുവിൽ ഝാർഖണ്ഡിലെ ഒഴിഞ്ഞ പ്രദേശത്ത് തണ്ണിമത്തൻ മൊത്ത വിൽപ്പനയുമായി കഴിഞ്ഞിരുന്ന നാലാംപ്രതി ദേബു മെഹന്തയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ ജംഷേദ്പുർ കോടതിയിൽ ഹാജരാക്കിയ ശേഷം കേരളത്തിലെത്തിച്ചു.

ഝാർഖണ്ഡിൽനിന്ന് കേരളത്തിലേക്ക് ട്രെയിൻ മാർഗം കഞ്ചാവ് കടത്തുന്ന സംഘത്തിലെ അന്യസംസ്ഥാനക്കാരനായ സുഖ് ലാൽ, കേരളത്തിൽ വിൽപ്പന നടത്തുന്ന ഫോർട്ട്‌കൊച്ചി സ്വദേശി ദീപക്, ഇയാളുടെ സഹായി പറവൂർ സ്വദേശി സ്വരൂപ് എന്നിവരെയാണ് കഴിഞ്ഞ വർഷം ജനുവരിയിൽ സൗത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ച് 52 കിലോ കഞ്ചാവുമായി പിടികൂടിയത്. ഇവർക്ക് സാമ്പത്തിക സഹായം ചെയ്ത ഫോർട്ട്‌കൊച്ചി സ്വദേശി തബ്‌റൈസിനെ കഴിഞ്ഞ മാസം പിടികൂടിയിരുന്നു.

കേസിൽ കൂടുതൽ പ്രതികളുള്ളതിനാൽ റെയിൽവേ പോലീസ് പ്രത്യേക അന്വേഷണസംഘത്തെ രൂപവത്കരിച്ച് പശ്ചിമബംഗാൾ, ഒഡിഷ, ഝാർഖണ്ഡ് സംസ്ഥാനങ്ങളിൽ അന്വേഷണം നടത്തിവരുന്നതിനിടെയാണ് ദേബു മെഹന്ത പിടിയിലായത്. കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ അഞ്ച് പ്രധാനികളാണിവരെന്ന് പോലീസ് വ്യക്തമാക്കി.

റെയിൽവേ പോലീസ് സൂപ്രണ്ട് മുഹമ്മദ് നദീമുദീന്റെ നേതൃത്വത്തിൽ റെയിൽവേ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജോർജ് ജോസഫ്, സബ് ഇൻസ്‌പെക്ടർ എ. നിസാറുദീൻ, സബ് ഇൻസ്‌പെക്ടർ കെ. ബിജോയ് കുമാർ, ആലപ്പുഴ റെയിൽവേ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. ബിജോയ് കുമാർ, ഉദ്യോഗസ്ഥരായ ദിനിൽ, ഹരികൃഷ്ണൻ, അർജുൻ, കിഷ്ലാൽ, ദിനിൽ, സി.പി.ഒ.മാരായ ഹരികൃഷ്ണൻ, അർജുൻ, കിഷ്ലാൽ, അഖിൽ തോമസ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ദേബു മൊഹന്തയെ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Content Highlights: Arrest of the fourth accused, Debu Mehanta, in Jharkhand., Connection to the 52kg cannabis smuggling case seized at Kochi South Railway Station., Details on the inter-state drug trafficking network operating between Jharkhand and Kerala., Successful operation led by Ernakulam Railway Police special investigation team.