കൊച്ചിയിൽ സ്കൂൾ വിദ്യാർത്ഥിനിക്കുനേരെ ലൈംഗികാതിക്രമം; സ്വകാര്യ ബസ് കണ്ടക്ടർക്കെതിരെ പോക്സോ കേസ്, അറസ്റ്റ്

കൊച്ചി: സ്കൂൾ വിദ്യാർത്ഥിനിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ. അയ്യപ്പൻകാവ് സ്വദേശിയായ അലനെ (23)യാണ് പോക്സോ വകുപ്പ് ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്. മട്ടാഞ്ചേരി-ചേരാനല്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന 'വേണാട്' എന്ന സ്വകാര്യ ബസ്സിലെ കണ്ടക്ടറാണ് പ്രതി.
കൊച്ചിയിലെ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന പെൺകുട്ടി പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബസ്സിൽ വെച്ചായിരുന്നു അതിക്രമം. പെൺകുട്ടിയോട് അശ്ലീലമായി സംസാരിക്കുകയും ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയുമായിരുന്നു.
കഴിഞ്ഞ ഒരുമാസത്തോളമായി പ്രതി വിദ്യാർത്ഥിനിയെ സ്ഥിരമായി പിന്തുടർന്നു ശല്യപ്പെടുത്തുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. ശല്യം സഹിക്കാനാവാതെ വന്നതോടെയാണ് പെൺകുട്ടി എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ പരാതിനൽകിയത്.
ഇതിനുമുമ്പും സമാനമായ രീതിയിൽ മറ്റൊരു പെൺകുട്ടിയെ ബസ്സിൽവെച്ച് കടന്നുപിടിച്ചതിന് നാട്ടുകാർ ഇയാളെ കൈയേറ്റം ചെയ്തതതായും വിവരമുണ്ട്.
Content Highlights: A 23-year-old private bus conductor named Alan was arrested under the POCSO Act in Kochi., The accused harassed a school student traveling on the Mattancherry-Cheranalloor route., The student filed a complaint at the Ernakulam North Police Station after enduring a month of stalking and harassment., Police revealed the accused has a history of similar misconduct against another minor.