7.6 കോടിയുടെ കഞ്ചാവുമായെത്തി, അബുദാബിവഴി കറങ്ങി പോലീസിനെ വെട്ടിക്കാൻ ശ്രമം; പിടിയിലായവരിൽ യുവതിയും

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 7.6 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. തായ്‌ലാൻഡിൽ നിന്ന് കഞ്ചാവ് കടത്തികൊണ്ടുവന്ന മൂന്നു പേരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജെൻസ് (ഡിആർഐ) പിടികൂടി. എരുമേലി സ്വദേശി സാഹി ബഷീർ, ഈരാറ്റുപേട്ട സ്വദേശി അബു സലിം, കാഞ്ഞിരപ്പിള്ളി സ്വദേശിനി അൽഫാന എന്നിവരാണ് കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്.
എയർഅറേബ്യ വിമാനത്തിൽ ബാങ്കോക്കിൽനിന്നും അബുദാബിവഴി കൊച്ചിയിലെത്തിയതാണിവർ. ഡിആർഐ ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തി മൂന്നുപേരെയും പിടികൂടുകയായിരുന്നു.
ബാഗേജുകളിലാണ് പ്ലാസ്റ്റിക് കവറുകളിലാക്കി കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. പിടികൂടിയ കഞ്ചാവിന് 7.6 കോടി രൂപ വിലവരും. കഞ്ചാവ് കടത്ത് വർധിച്ചതിനാൽ തായ്‌ലാൻഡിൽനിന്ന് എത്തുന്ന മലയാളികളെ കൊച്ചി വിമാനത്താവളത്തിൽ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. അതിനാലാണ് സംഘം യാത്ര അബുദാബി വഴിയാക്കിയത്. ഒരുവർഷത്തിനുള്ളിൽ 120 കിലോയോളം ഹൈബ്രിഡ് കഞ്ചാവ് കൊച്ചി വിമാനത്താവളത്തിൽ പിടികൂടിയിട്ടുണ്ട്.
Content Highlights: Cochin Airport Seizes 7.6 Kg Hybrid Cannabis, Three Arrested