10.4 ലക്ഷം രൂപ തിരിമറി, പീഡന പരാതി; ആരോപണവിധേയന് ഇഷ്ടയിടത്തേക്ക് സ്ഥലംമാറ്റം, നടപടിയില്ല

തൃശ്ശൂര്‍: ജോലിസ്ഥലത്തുനിന്ന് 10.4 ലക്ഷം രൂപ തിരിമറി ചെയ്തുവെന്ന പരാതിയിലും വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചുവെന്ന പരാതിയിലും ആരോപണവിധേയനായ യൂണിയന്‍ പ്രവര്‍ത്തകന് ഇഷ്ടയിടത്തേക്ക് സ്ഥലംമാറ്റം. കാര്‍ഷിക സര്‍വകലാശാലയിലാണ് നേതാക്കള്‍ 'വേറിട്ട കരുതല്‍' ഒരുക്കിയത്.
ആരോപണങ്ങള്‍ അന്വേഷിച്ച് കുറ്റക്കാരനെന്ന് കണ്ടെത്തിയെങ്കിലും ക്രിമിനല്‍ നടപടിയെടുക്കാതെ വയനാട്ടിലെ അമ്പലവയല്‍ കേന്ദ്രത്തിലേക്ക് സ്ഥലം മാറ്റുക മാത്രമാണ് ചെയ്തത്. അവിടെ ജോലി ചെയ്യവേ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചുവെന്ന പരാതി വീണ്ടും ഉയര്‍ന്നു.
ഒരു കൂട്ടം വിദ്യാര്‍ഥിനികളാണ് പരാതി രേഖാമൂലം നല്‍കിയത്. ഇതില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ തെളിവെടുപ്പു നടത്തവേ, മണ്ണുത്തി കേന്ദ്രത്തിലേക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ട് ആരോപണവിധേയന്‍ അപേക്ഷ നല്‍കി. ആഭ്യന്തര സെല്ലിന്റെ റിപ്പോര്‍ട്ടില്‍ നടപടിയെന്നോണം ആരോപണവിധേയനെ ജൂലായ് 10-ന് മണ്ണുത്തി കേന്ദ്രത്തിലേക്ക് സ്ഥലം മാറ്റി.
ആഭ്യന്തര സെല്‍ അന്വേഷണം നടത്തി കുറ്റക്കാരനാണെന്ന് സ്ഥിരീകരിച്ചയാളുടെ പേരില്‍ ക്രിമിനല്‍ നടപടിയാണ് സ്വീകരിക്കേണ്ടത്. അതിനായി പോലീസില്‍ പരാതിപ്പെടേണ്ടതാണ്. അതുണ്ടായില്ല. പകരം ഇയാള്‍ ആവശ്യപ്പെട്ട സ്ഥലത്തേക്ക് സ്ഥലം മാറ്റുകയാണുണ്ടായത്.
സംഭവം വിവാദമായതോടെ വിശദീകരണവുമായി രജിസ്ട്രാര്‍ രംഗത്തെത്തിയിരുന്നു. പരാതി പരിഹാര സെല്ലിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംഭവസ്ഥലത്തുനിന്ന് സ്ഥലംമാറ്റിയെന്നും ആരോപണവിധേയന് നിയമപ്രകാരമുള്ള കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നുമായിരുന്നു വിശദീകരണം.
ജൂലായ് 11-നാണ് നോട്ടീസ് നല്‍കിയത്. മറുപടി കിട്ടിയാല്‍ നിമയപ്രകാരമുള്ള അച്ചടക്ക നടപടി സ്വീകരിക്കുമെന്നും വിശദീകരണത്തിലുണ്ടായിരുന്നു. നോട്ടീസ് നല്‍കി ഒരു മാസത്തിലേറെയായിട്ടും നടപടിയുണ്ടായില്ല.
Content Highlights: A Kerala Agricultural University employee accused of ₹10.4 lakh fraud and student harassment