വിതുരയില്‍ 16കാരനെ സമപ്രായക്കാര്‍ മര്‍ദിച്ച സംഭവം; കൊലപാതകശ്രമത്തിന് കേസെടുത്തു

തിരുവനന്തപുരം: വിതുരയില്‍ 16 കാരനെ സഹപാഠികള്‍ മര്‍ദിച്ച സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കുട്ടിയെ മര്‍ദിച്ച മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ കൊലപാതകശ്രമത്തിന് ആര്യനാട് പോലീസാണ് കേസെടുത്തത്. മൂന്ന് പേരെയും ഇന്ന് പൂജപ്പുരയിലെ ജുവനൈല്‍ഹോമിലെത്തിച്ച് കൗണ്‍സിലിങിന് വിധേയമാക്കും. വാദികളുടേയും പ്രതികളുടേയും മൊഴികള്‍ ഇന്നലെ രേഖപ്പെടുത്തി.
ഫെബ്രുവരി നാലിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സുഹൃത്തായ പെണ്‍കുട്ടിയെ കുറിച്ച് മോശം പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് ഒരു കൂട്ടം സമപ്രായക്കാരായ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് 16 കാരനെ മര്‍ദിച്ചത്.
വിദ്യാര്‍ഥിയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അക്രമിസംഘത്തിലൊരാള്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഈ വീഡിയോ അക്രമിക്കപ്പെട്ട വിദ്യാര്‍ഥിയുടെ മാതാപിതാക്കളുടെ ഫോണിലേക്ക് ഷെയര്‍ ചെയ്ത് കിട്ടിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. വീഡിയോ കണ്ട മാതാപിതാക്കള്‍ ആര്യനാട് പോലീസില്‍ പരാതി നല്‍കി. പോലീസ് ചൈല്‍ഡ് ലൈനിലേക്ക് പരാതി കൈമാറുകയായിരുന്നു.
രക്ഷിതാക്കളുടെ പരാതിയില്‍ മൂന്ന് കുട്ടികളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി. മൂന്ന് പേരാണ് സംഭവത്തില്‍ പങ്കാളിയായിട്ടുള്ളതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അഞ്ചുപേരടങ്ങുന്ന സംഘമാണ് മര്‍ദനം നടത്തിയത്. ഇതില്‍ മൂന്ന് പേരാണ് കുട്ടിയെ മര്‍ദിച്ചത്. വിദ്യാര്‍ഥിയെ വീട്ടില്‍ നിന്നിറക്കി കൊണ്ടുപോയി സമീപത്തുള്ള വാഴത്തോട്ടത്തിലിട്ട് പൊതിരെ മര്‍ദിക്കുകയായിരുന്നു. കുട്ടിയുടെ സഹോദരനേയും മര്‍ദിച്ചു. സംഭവം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഇരുവരേയും സംഘത്തിലുള്ളവര്‍ ഭീഷണിപ്പെടുത്തിയിരുന്നു.
ഫോണില്‍ പകര്‍ത്തിയ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയ ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്ത് അക്രമികള്‍ വീരവാദം മുഴക്കിയിരുന്നു. ഇങ്ങനെ ഷെയര്‍ ചെയ്യപ്പെട്ട വീഡിയോ കുട്ടിയുടെ മാതാപിതാക്കളുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു.
Content Highlights: 16-year-old boy brutally assaulted by classmates in Vithura, Kerala. Police registered a case