റോഡിൽ സംസാരിച്ചു നിന്ന ആ രണ്ടുപേർ, നിമിഷനേരം കൊണ്ട് ഇല്ലാതായത് രണ്ടു ജീവനുകൾ; നിയമം വാഹനങ്ങൾക്ക് മാത്രമല്ല

#ന്യൂസ് ഡെസ്ക്
ബുധനാഴ്ച പാന്പാടി 13-ാം മൈലിൽ യുവതികളുടെ മരണത്തിന് ഇടയാക്കിയ അപകടസാഹചര്യത്തിന്റെ പശ്ചാത്തലത്തിൽമോട്ടോർവാഹനവകുപ്പ് ഇറക്കിയ പോസ്റ്റർ, നാഗമ്പടത്ത് റോഡിലേക്ക് കയറ്റിനിർത്തിയ സ്കൂട്ടർ യാത്രികനും സൗഹൃദസംഭാഷണം നടത്തുന്നവരും, ഇൻസൈറ്റിൽ അപകടത്തിൽ മരിച്ച വിദ്യാർഥികൾ
ബുധനാഴ്ച പാന്പാടി 13-ാം മൈലിൽ യുവതികളുടെ മരണത്തിന് ഇടയാക്കിയ അപകടസാഹചര്യത്തിന്റെ പശ്ചാത്തലത്തിൽമോട്ടോർവാഹനവകുപ്പ് ഇറക്കിയ പോസ്റ്റർ, നാഗമ്പടത്ത് റോഡിലേക്ക് കയറ്റിനിർത്തിയ സ്കൂട്ടർ യാത്രികനും സൗഹൃദസംഭാഷണം നടത്തുന്നവരും, ഇൻസൈറ്റിൽ അപകടത്തിൽ മരിച്ച വിദ്യാർഥികൾ

കാഞ്ഞിരപ്പള്ളി: നിരത്തുകളിൽ ജീവനുകൾ പൊലിയാനുള്ള കാരണം ഡ്രൈവർമാരുടെ അശ്രദ്ധയോ അമിതവേഗമോ മാത്രമാകില്ല. നിരത്തിലെ സുഗമയാത്രയ്ക്ക് തടസ്സമാകുന്നതെന്തും വലിയ അപകടങ്ങളിലേക്കും കുടുംബങ്ങളുടെ തോരാ കണ്ണിനീരുകളിലേക്കും വഴിവെച്ചേക്കാം. ബുധനാഴ്ച കെ.കെ. റോഡിൽ പാമ്പാടി കോത്തല 13-ാം മൈലിലുണ്ടായ അപകടം രണ്ട് യുവതികളുടെയാണ് ജീവനെടുത്തത്.

അപകടത്തിനുകാരണം ഇവരുടെ അശ്രദ്ധയോ എതിരേവന്ന ബസ് ഡ്രൈവറുടെയോ കുറ്റമല്ലെന്ന് സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് വ്യക്തം. റോഡിലെ വെള്ളവരയ്ക്കുള്ളിൽ ഉണ്ടായിരുന്ന രണ്ട് പേരെ ഇടിക്കാതിരിക്കാൻ ഒരുവാഹനം ബ്രേക്ക് ചെയ്തതോടെ പിന്നാലെയെത്തിയ സ്‌കൂട്ടർ നിയന്ത്രണംവിട്ട് ബസിനടിയിലേക്ക് വീഴുകയായിരുന്നു. ചെറിയൊരു അശ്രദ്ധ നഷ്ടമാക്കിയത് രണ്ട് ജീവനുകളായിരുന്നു.

നിയമം വാഹനങ്ങൾക്ക് മാത്രമല്ല

നിരത്തിൽ വാഹനയാത്രക്കാർക്കൊപ്പം കാൽനടയാത്രക്കാർ, സൈക്കിൾ യാത്രക്കാർ, കച്ചവടക്കാർ, ഇരുചക്രവാഹനയാത്രക്കാർ തുടങ്ങിയവർ മറ്റുള്ള വാഹനങ്ങൾക്കും സുരക്ഷിതമായി സഞ്ചരിക്കാനുള്ള വഴിയൊരുക്കണം. റോഡിലെ ഇരുവശങ്ങളിലുമുള്ള വെള്ളവര വാഹനങ്ങൾക്ക് അനുവദനീയവേഗത്തിൽ തടസ്സമില്ലാതെ കടന്നുപോകുന്നതിനുള്ളതാണ്. വെള്ളവരകടന്നുള്ള പാർക്കിങ്, കച്ചവടം, പരസ്യബോർഡുകൾ സ്ഥാപിക്കൽ എന്നിവ നിയമലംഘനങ്ങളാണ്. ഹോട്ടലുകളുടെ ബോർഡുകളുമായി റോഡിലേക്ക് ഇറങ്ങി നിൽക്കുന്നവർ വരെ അപകടങ്ങൾ വിളിച്ചുവരുത്തും.

കാൽനടയാത്രക്കാർ റോഡ് മുറിച്ച് കടക്കുന്നതിലെ അശ്രദ്ധയും അപകടങ്ങൾക്ക് കാരണമായേക്കാം. മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിലോടുന്ന വാഹനം ഒരുസെക്കൻഡിൽ 17 മീറ്റർ സഞ്ചരിക്കുമെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ കണക്ക്.

റോഡിൽനിന്ന് പരിചയം പുതുക്കണ്ട

മറ്റ് വാഹനങ്ങളുടെ യാത്രതടസ്സപ്പെടുത്തി വാഹനങ്ങൾ പാർക്ക് ചെയ്ത് പരിചയം പുതുക്കൽ, വർത്തമാനംപറച്ചിൽ, പെട്ടന്നുതന്നെ എടുത്ത് മാറ്റാമെന്ന് വിചാരിച്ച് റോഡിൽതന്നെ വാഹനങ്ങൾ പാർക്കുചെയ്ത് സാധനങ്ങൾ വാങ്ങാൻ കടയിൽ കയറുന്നത്, വഴിയിൽനിന്നുള്ള ലോട്ടറിയെടുപ്പ് എന്നിവയിൽ പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്ന് മോട്ടോർ വാഹനവകുപ്പ് പറയുന്നു.

കൈയേറ്റങ്ങൾക്ക് തടയിടണം

ദേശീയപാത 183-ൽ കോട്ടയം മുതൽ കുമളിവരെയുള്ള ഒട്ടേറെയിടങ്ങളിൽ പാതയോരങ്ങൾ കൈയേറിയുള്ള കൈയേറ്റങ്ങളുണ്ട്. വിനോദസഞ്ചാര മേഖലയിലേക്കുള്ള യാത്രക്കാരും ശബരിമല തീർത്ഥാടന കാലത്തെ യാത്രക്കാരും കൂടിയെത്തുമ്പോൾ റോഡിൽ തിരക്കേറും. പാതയോരത്ത് വിശ്രമിക്കുന്നതിനായി പാർക്ക് ചെയ്യാനുള്ള സ്ഥലങ്ങൾ പോലും അനധികൃത കൈയേറ്റക്കാരുടെ കൈയ്യിലാണ്.

കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് അതാത് തദ്ദേശസ്വയംഭരണ വകുപ്പിനാണ് ചുമതല. തദ്ദേശസ്വയംഭരണ വകുപ്പ്, പോലീസ്, പൊതുമരാമത്ത്, ദേശീയവിഭാഗം, മോട്ടോർ വാഹനവകുപ്പ് എന്നിവരുടെ സംയുക്ത നടപടുകളിലൂടെ മാത്രമേ കൈയേറ്റമൊഴിപ്പിക്കൽ സാധ്യമാവുകയുള്ളുവെന്ന് അധികൃതർ പറയുന്നു.

എന്തൊക്കെ ശ്രദ്ധിക്കാം

  • റോഡിലെ വെള്ളവരയ്ക്കുള്ളിൽ വാഹനപാർക്കിങ്, കാൽനട എന്നിവ ഒഴിവാക്കുക
  • 60 കിലോമീറ്റർ വേഗത്തിൽ പോകുന്ന വാഹനം തട്ടിയാൽ ഒരാളുടെ ജീവൻ നഷ്ടപ്പെടാം
  • കാൽനടയാത്രികർ റോഡിന്റെ വലതുവശം ചേർന്ന് നടക്കുക, നടപ്പാതകൾ കൂടുതലായി ഉപയോഗിക്കുക.
  • ഇരുവശത്തും 100 മീറ്റർ ദൂരം വ്യക്തമായി കാണാവുന്നയിടത്ത് മാത്രം റോഡ് മുറിച്ചുകടക്കുക
  • പെഡസ്ട്രിയൽ ക്രോസിങ് വരെയുള്ള ഭാഗം കാൽനടയാത്രക്കാർ റോഡ് മുറിച്ച് കടക്കുന്നതിന് ഉപയോഗിക്കുക.
  • റോഡിൽ അലക്ഷ്യമായി വണ്ടി നിർത്തിയിട്ടുള്ള സംഭാഷണങ്ങൾ ഒഴിവാക്കുക.
  • നടപ്പാതകളിൽ പാർക്കിങ് ഒഴിവാക്കുക

വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കരുത്

ചെറിയ പാളിച്ചപോലും വലിയദുരുന്തമായി മാറുന്നു. റോഡിലെ വെള്ളവരയ്ക്കുള്ളിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്നത് വാഹനങ്ങളുടെ സ്വതന്ത്രയാത്രയ്ക്ക് തടസ്സമാകും. പൊതുജനങ്ങളും റോഡിൽ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച് ബോധവാന്മാരാകണം. റോഡിൽ വണ്ടിയോടിക്കുന്നവർ മാത്രമല്ല കാൽനടയാത്രക്കാരും കച്ചവടക്കാരും പരസ്യബോർഡുകൾ സ്ഥാപിക്കുന്നവരും വാഹനങ്ങൾ കടന്നുപോകുന്നതിന് തടസ്സം സൃഷ്ടിക്കരുത്. വിദ്യാർഥികൾ ഉൾപ്പടെയുള്ള പൊതുജനങ്ങൾക്ക് നിരത്തിൽ പാലിക്കേണ്ട സുരക്ഷകളെക്കുറിച്ച് ബോധവാൻമാരാക്കേണ്ടത് ആവശ്യമാണ്.

ഡി. ജയരാജ്

ആർ.ടി.ഒ. കോട്ടയം)

Content Highlights: Road accidents are not just caused by overspeeding or reckless driving, but also by illegal parking and roadside encroachments., White lines on roads are meant for uninterrupted vehicle movement; parking or placing boards inside them is illegal., Joint action by local bodies, police, and the motor vehicle department is required to clear encroachments on NH 183., Both drivers and pedestrians must follow strict safety rules to avoid fatal accidents.