ലഹരിക്കായി നാഡീവേദനയുടെ മരുന്ന്; പാഴ്സലിൽ വരുത്തും; 750 രൂപയുടെ ഗുളിക വിൽക്കുന്നത് 5,500 രൂപയ്ക്ക്

കാസർകോട്: പോലീസും എക്സൈസും ലഹരിവേട്ട ശക്തമാക്കിയപ്പോൾ പകരം വേദനസംഹാരി രംഗത്തിറക്കി ലഹരിമാഫിയ. കഴിഞ്ഞദിവസം കാസർകോട്ടെത്തിയ പാർസൽ സംശയം തോന്നി പോലീസ് പിടികൂടി പരിശോധിച്ചപ്പോൾ നാഡീവേദനയ്ക്ക് നൽകുന്ന പ്രെഗാബാലിൻ ഗുളികകൾ കണ്ടെത്തി.
ബുക്ക് ചെയ്തയാളെ വിളിച്ചുവരുത്തി ചോദ്യംചെയ്തപ്പോഴാണ് ലഹരി അടിമകൾക്ക് നേരിട്ടെത്തിക്കാനാണിതെന്നും ഒരുപ്രാവശ്യം എത്തിച്ചാൽ കിട്ടുന്ന ലാഭവും ഇയാൾ വെളിപ്പെടുത്തിയത്. പക്ഷേ, കവറിനുപുറത്ത് രേഖപ്പെടുത്തിയത് ആന്റിബയോട്ടിക് ഗുളികയായ അസിത്രോമൈസിനെന്നാണ്. കവർ തുറന്നപ്പോഴാണ് പ്രെഗാബാലിൻ ഗുളികളുടെ പെട്ടി ലഭിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്ന് ബുക്ക് ചെയ്ത് വരുത്തുന്നതാണ് ഗുളികകളെന്നാണ് പോലീസ് ലഭിച്ച വിവരം.
750 രൂപയാണ് ഒരു പാക്കറ്റിനുള്ളത്. അത് റീട്ടെയിലായി ആവശ്യക്കാർക്ക് നേരിട്ടെത്തിക്കുമ്പോൾ 5,500 രൂപ വരെ ലഭിക്കുന്നു. എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുക്കാനാകാത്തതിനാൽ ഡ്രഗ് കൺട്രോളറെ വിവരമറിയിച്ചിരിക്കുകയാണ് പോലീസ്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകടകളിൽനിന്ന് നൽകില്ലെന്നിരിക്കെ വ്യാജമായി അത് നിർമിച്ചും അല്ലെങ്കിൽ സംസ്ഥാനത്തിനുപുറത്ത് നിന്ന് കൊറിയർ, പാർസൽ സർവീസ് വഴിയും ഗുളികകളെത്തിച്ചാണ് വില്പനയും ഉപയോഗവും. കഞ്ചാവ്, എംഡിഎംഎ തുടങ്ങിയ ലഹരിവസ്തുക്കളിൽ പോലീസ് പിടിമുറുക്കിയപ്പോൾ ലഹരി നിറയ്ക്കാൻ വേറെ വഴിയേ യുവാക്കളുൾപ്പെടെയുള്ളവർ സഞ്ചരിക്കുന്നുവെന്ന് വ്യക്തമാക്കുന്നു ഓൺലൈനായും മറ്റും ഗുളികകൾ വരുത്തുന്ന സംഭവം.
ഒരുതവണ പാർസലായി ഗുളികകൾ എത്തിക്കുമ്പോൾ 25,000 രൂപ വരെ ലാഭമുണ്ടാകുമെന്നാണ് കാസർകോട് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിൽനിന്ന് ലഭിച്ച വിവരം. കേസെടുക്കാൻ വകുപ്പില്ലാത്തതാണ് പോലീസിനെ കുഴക്കുന്നത്. ബിൽ ഇല്ലെങ്കിലോ ബില്ലിൽ കാണിച്ചതിനുപകരം മറ്റേതെങ്കിലും മരുന്നോ ആണ് കൈവശമുള്ളതെങ്കിൽ കോടതിയിൽ കേസ് ഫയൽ ചെയ്യാമെന്നാണ് ഡ്രഗ് കൺട്രോൾ അധികൃതർ പറയുന്നത്. നിശ്ചിത അളവ് മരുന്ന് കുറിപ്പടിയോടുകൂടിയുള്ളതാണെങ്കിൽ കേസെടുക്കാനാകില്ലെന്നും അവർ പറയുന്നു.
പ്രെഗാബാലിൻ
75, 150, 300 ഇങ്ങനെ ഡോസുകളിലാണ് പ്രെഗാബാലിൻ ഗുളികകൾ വിപണിയിലുള്ളത്. നാഡീവേദനയ്ക്ക് രോഗിയുടെ ശാരീരികാവസ്ഥ കണക്കാക്കിയാണ് ഡോക്ടർമാർ മരുന്ന് കുറിക്കുന്നത്. ഗുളിക വന്നിട്ട് അധികകാലമാകാത്തതിനാൽ ഇത് ഷെഡ്യൂൾ ഗുളികകളുടെ പട്ടികയിൽപ്പെട്ടിട്ടില്ല.
Content Highlights: Kerala Police intercepted a parcel containing Pregabalin, a drug abused as a substitute for banned