പോസ്റ്റ് ഓഫീസ് കള്ളൻ പിടിയിൽ; അറസ്റ്റ് അടുത്ത മോഷണം പ്ലാൻ ചെയ്യുന്നതിനിടെ

തിരുവനന്തപുരം: പോസ്റ്റോഫീസുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന യു.പി. സ്വദേശി പിടിയിൽ. ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിൽ അസ്‌മോലി ഷഹ്പൂർ സിർപുരയിൽ ആസിഫ് റാസ(25)യാണ് കടയ്ക്കൽ പോലീസിന്റെ പിടിയിലായത്. രണ്ടാഴ്ച മുൻപാണ് കടയ്ക്കൽ പോസ്റ്റോഫീസ് കുത്തിത്തുറന്ന് 1.20 ലക്ഷം രൂപ കവർച്ച ചെയ്തത്.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.
കഴിഞ്ഞ 21-ന് രാത്രിയിലായിരുന്നു സംഭവം. പോസ്റ്റോഫീസ് കെട്ടിടത്തിന്റെ പിന്നിലെ വെന്റിലേഷൻ പൊളിച്ച് അകത്തുകടന്ന് ലോക്കർ പൊളിച്ചായിരുന്നു മോഷണം. എസ്.ഐ. ജ്യോതിഷ് ചിറവൂരിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്‌കരിച്ചു നടത്തിയ അന്വേഷത്തിലാണ് എറണാകുളത്തുനിന്ന് പ്രതി പിടിയിലായത്. പ്രതിയെ വ്യാഴാഴ്ച സ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തി.
പോസ്റ്റ് ഓഫീസിൽ മോഷണം നടത്തി കിട്ടിയ പണം ഇയാൾ ഉത്തർപ്രദേശിലെ സുഹൃത്തിന് അയച്ചുകൊടുത്തു. എറണാകുളത്ത് ലോഡ്ജിൽ മുറിയെടുത്ത് പോസ്റ്റ് ഓഫീസ് മോഷണം ആസൂത്രണം ചെയ്തതിനിടെയാണ് കടയ്ക്കൽ പോലീസ് പ്രതിയെ പിടികൂടിയത്.
പൂവാർ, കാട്ടാക്കട, പാലോട്, കടയ്ക്കൽ, എഴുകോൺ, കുണ്ടറ, കണ്ണനല്ലൂർ സ്റ്റേഷൻപരിധികളിലെ ഏഴോളം പോസ്റ്റോഫീസുകളിൽ പ്രതി മോഷണം നടത്തിയിട്ടുള്ളതായി പോലീസ് പറഞ്ഞു. സി.പി.ഒ.മാരായ സജിൻ, ജിജോ അലക്സ്, വി.എസ്. വിഷ്ണു, ശ്യാം മോഹൻ എന്നിവരും അന്വേഷണസംഘത്തിൽ ഉൾപ്പെട്ടിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Content Highlights: Serial burglar Asif Raza arrested in Ernakulam., Suspect targeted multiple post offices in Thiruvananthapuram and Kollam districts., Accused sent stolen money to an accomplice in Uttar Pradesh., Kadakkal Police successfully tracked and apprehended the suspect at a lodge.