ഗുണ്ടകളെ പിടിക്കാൻ സൈബർ ലോകത്തും വലവിരിച്ച് പോലീസ്; ലൈക്കടിച്ചവരും കമൻ്റിട്ടവരും നിരീക്ഷണത്തിൽ

തിരുവനന്തപുരം: ഗുണ്ടകൾ സൈബർ ലോകത്ത് വിഹരിക്കുന്നത് നിയന്ത്രിക്കാൻ സോഷ്യൽ മീഡിയ ട്രാക്കിങ്ങുമായി കേരള പോലീസ്. വീരാരാധനയും യുവാക്കളെ ക്രിമിനൽ സംഘങ്ങളിലേക്ക് ആകർഷിക്കാനുള്ള ശ്രമങ്ങളും കണ്ടെത്തിയതോടെയാണ് പോലീസിന്റെ കൈവശമുള്ള ഗുണ്ട-അക്രമി പട്ടികയിലുള്ള 300 പേരുടെ സാമൂഹികമാധ്യമ അക്കൗണ്ടുകൾ സൈബർ വിഭാഗം പരിശോധിക്കുന്നത്.
ഇതിലെ പോസ്റ്റുകളും ലൈക്കുകളും കമന്റുകളും ആദ്യഘട്ടത്തിൽ പരിശോധിക്കും. പോലീസിനെ വെല്ലുവിളിക്കുന്നതും നിയമവിരുദ്ധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതുമായ പോസ്റ്റുകൾ ഷെയർ ചെയ്യുകയും കമന്റിടുകയും ലൈക്കടിക്കുകയും ചെയ്യുന്നവർക്ക് പിന്നാലെയും പോലീസെത്തുമെന്ന് എ.ഡി.ജി.പി. പി. വിജയൻ പറഞ്ഞു.
ഗുണ്ടാപട്ടികയിലുള്ളവരുമായി നിരന്തരം ആശയവിനിമയം നടത്തുന്നവരുടെ അക്കൗണ്ടുകളും രണ്ടാംഘട്ടത്തിൽ നിരീക്ഷിക്കും. കുട്ടികളടക്കമുള്ളവർ ഗുണ്ടകളുടെ ആരാധകരായി ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
ജന്മദിനാഘോഷത്തിനും മറ്റും ഗുണ്ടാ സംഘങ്ങൾ ഒത്തുചേർന്ന് ആഘോഷിക്കുന്നതും ഇത് റീൽസുകളാക്കി സാമൂഹികമാധ്യമങ്ങളിലിടുന്നതും പതിവാണ്. വീരാരാധന സൃഷ്ടിക്കുകയാണ് ലക്ഷ്യം. കോതമംഗലത്ത് അർജുൻ ആയങ്കിയും സംഘവും നടത്തിയത് ഇതുപോലുള്ള ആഘോഷമാണെന്നും അർജുനെ അവിടെ വിവാഹത്തിന് ക്ഷണിച്ചിട്ടില്ലെന്നുമാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്.
ടെലഗ്രാം പോലുള്ള സമൂഹികമാധ്യമങ്ങൾ വഴിയാണ് ഇവർ തമ്മിലുള്ള ആശയവിനിമയം നടക്കുന്നത്. ഇത്തരം ഗ്രൂപ്പുകൾ കണ്ടെത്താനുള്ള ശ്രമവും തുടങ്ങി. രഹസ്യാന്വേഷണ വിഭാഗമാണ് ഗുണ്ടകളുടെ വിവരം ശേഖരിച്ച് സൈബർ വിഭാഗത്തിന് കൈമാറുന്നത്.
Content Highlights: Kerala Police are tracking social media accounts of 300 listed gangsters., First phase involves monitoring posts, likes, and comments that promote illegal activities., Second phase will track individuals regularly interacting with criminal lists, including youth and minors., Intelligence wing is gathering data on secret Telegram groups used by these gangs.