'കാപ്പ' ശക്തമാക്കാനൊരുങ്ങി പോലീസ്; കൂടുതല്‍ കുറ്റവാളികള്‍ക്കെതിരെ ഉടന്‍ നടപടി

കൊച്ചി: നിരന്തര കുറ്റവാളികള്‍ക്കെതിരെയുള്ള നിയമ നടപടികള്‍ കര്‍ശനമാക്കി എറണാകുളം റൂറല്‍ ജില്ലാ പോലീസ്. 2024 ഒക്ടോബര്‍മാസം വരെ വിവിധ കുറ്റകൃത്യങ്ങള്‍ ചെയ്ത 68 പേര്‍ക്കെതിരേ കാപ്പ നിയമ പ്രകാരം നടപടി സ്വീകരിച്ചിട്ടുണ്ട്. അതേസമയം, വരുംദിവസങ്ങളില്‍ കൂടുതല്‍ കുറ്റവാളികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേന പറഞ്ഞു.
സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി കേരളത്തില്‍ 2007-ല്‍ നടപ്പിലാക്കിയ നിയമമാണ് കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് (കാപ്പ). കാപ്പ പ്രകാരം പിടിയിലാകുന്നവരുടെ കരുതല്‍ തടവ് കാലാവധി ഒരു വര്‍ഷമാണ്. ഗുണ്ട, റൗഡി എന്നീ രണ്ട് വിഭാഗമായി പരിഗണിച്ചാണ് തടവ് ശിക്ഷ തീരുമാനിക്കുന്നത്. ഏഴു വര്‍ഷത്തിനിടയില്‍ കുറഞ്ഞത് മൂന്നു ക്രിമിനല്‍ കേസില്‍ പ്രതിയായി, അവസാന കേസില്‍ പ്രതിയായി ആറുമാസം കഴിയാത്തവരെയാണ് കാപ്പ ചുമത്താന്‍ ശുപാര്‍ശ ചെയ്യുന്നത്.
കാപ്പ നിയമപ്രകാരം ശിക്ഷ അനുഭവിച്ച് ജയില്‍ മോചിതരാകുന്നവര്‍ക്ക് വീണ്ടും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന് പോലീസ് മുന്നറിയിപ്പ് നോട്ടീസ് നല്‍കും. ഇത് ലംഘിച്ചാല്‍ നാടുകടത്താന്‍ നടപടിയെടുക്കാന്‍ അധികാരമുണ്ട്. ജില്ലയില്‍ പ്രവേശിക്കാന്‍ അനുവാദമുണ്ടാകില്ല. ഇതു ലംഘിച്ചാല്‍ നിയമ നടപടികള്‍ സ്വീകരിക്കും.
2024-ല്‍ മാത്രം ഇത്തരം കാപ്പ നടപടിക്ക് എറണാകുളം റൂറലിൽ നടപടിക്ക് വിധേയരായത് 68 പേരാണ്. ഇതില്‍ 15 പേരെ ജയിലിലടച്ചു. 37 കുറ്റവാളികളെ കാപ്പ ചുമത്തി റൂറല്‍ ജില്ലയില്‍നിന്ന് നാടുകടത്തി. പതിനാറ് പേര്‍ ബന്ധപ്പെട്ട ഡിവൈഎസ്പി/എസ് എച്ച് ഒ മുമ്പാകെ ഹാജരായി ഒപ്പിടണം. കുറ്റവാളികളുടെ സ്വഭാവവും കുറ്റകൃത്യങ്ങളുടെ എണ്ണവും അനുസരിച്ച് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയാണ് ബന്ധപ്പെട്ട അധികാരികള്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. ജില്ലാ കളക്ടറാണ് ജയിലിലടയ്ക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത്. റേഞ്ച് ഡി ഐ ജി നാടുകടത്താനുള്ള ഉത്തരവ് പുറപ്പെടുവിക്കും.
സ്ഥിരം കുറ്റവാളികളായ കുറുപ്പംപടി ക്രരിയേലി ലിന്റോ, സഹാദരന്‍ ലാലു എന്നിവര്‍ ജയിലിലാണ്. കൊലപാതകക്കേസിലെ പ്രതിയാണ് ലിന്റോ. തൃശൂരില്‍ നിന്ന് മൂന്നരക്കോടിയുടെ സ്വര്‍ണ്ണം മോഷ്ടിച്ച കേസില്‍ രണ്ടു പേരും പ്രതികളാണ്. ചെങ്ങമനാട് വിനു വിക്രമന്‍ വധക്കേസിലെ ഒന്നും, രണ്ടും പ്രതികളായ തിമ്മയ്യന്‍ എന്ന് വിളിക്കുന്ന നിധിന്‍ ദീപക്ക് എന്നിവരെയും കാപ്പ ചുമത്തിയിലിലടച്ചു. രാമമംഗലം രതീഷ്, നെടുമ്പാശ്ശേരി ലാല്‍കിച്ചു, വടക്കേക്കര ചാടു എന്ന് വിളിക്കുന്ന ജിതിന്‍കൃഷ്ണ, കാലടി ആഷിക്ക് ജോയി, അങ്കമാലി പുല്ലാനി വിഷ്ണു എന്ന് വിളിക്കുന്ന വിഷ്ണു, മുനമ്പം കുഞ്ഞന്‍ എന്ന് വിളിക്കുന്ന ആദര്‍ശ്, ഞാറയ്ക്കല്‍ ജിത്തൂസ്, അജിത്ത് ബാബു, കോടനാട് ആല്‍വിന്‍ ബാബു, കോതമംഗലം കറുകടം ദിലീപ്, മുനമ്പം ഷാന്‍ കുട്ടന്‍ തുടങ്ങിയവരെയും കാപ്പ ചുമത്തി ഈ വര്‍ഷം ജയിലിലടച്ചിരുന്നു.
പിറ്റ് എന്‍.ഡി.പി. എസ് ആക്ട് പ്രകാരം (പ്രിവെന്‍ഷന്‍ ഓഫ് ഇല്ലിക്ട് ട്രാഫിക്ക് ഇന്‍ നര്‍ക്കോട്ടിക്ക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപ്പിക്ക് സബ്സ്റ്റന്‍സ് ആക്ട് ) പ്രകാരവുമുള്ള നടപടി എറണാകുളം റൂറല്‍ ജില്ലയില്‍ തുടരുകയാണ്. കഞ്ചാവ് കേസിലെ കുറ്റവാളിയായ കൂവപ്പടി കോട്ടുവയല്‍ വടക്കേക്കര വീട്ടില്‍ അജി.വി നായര്‍ (29)നെഅറസ്റ്റ് ചെയ്ത് കഴിഞ്ഞയാഴ്ച പൂജപ്പുര സെന്‍ട്രല്‍ ജയിലിലടച്ചിരുന്നു. മയക്കുമരുന്നുകളുടെയും, സൈക്കോട്രോപ്പിക്ക് വസ്തുക്കളുടെയും കടത്ത് തടയുകയാണ് ലക്ഷ്യം. റൂറല്‍ ജില്ലയില്‍ ഈ നിയമപ്രകാരം ജയിലിലടയ്ക്കുന്ന പതിനൊന്നാമത്തെ കുറ്റവാളിയാണിത്.
Content Highlights: Kerala Police preparing to strengthen 'KAAPA'