ഗുണ്ടകളുടെ സ്വത്തും പണവും കണ്ടുകെട്ടും, അടുപ്പക്കാരും നിരീക്ഷണത്തിൽ; പോലീസ് നടപടി തുടങ്ങി

കണ്ണൂർ: ഗുണ്ടാസംഘങ്ങളുടെയും ക്രിമിനലുകളുടെയും നിയമവിരുദ്ധ സമ്പാദ്യങ്ങളും സ്വത്തുക്കളും മരവിപ്പിക്കാനും കണ്ടുകെട്ടാനും പോലീസ് നടപടി തുടങ്ങി. സംസ്ഥാനത്തെ 58 ഗുണ്ടകളുടെ സ്വത്ത് മരവിപ്പിക്കും. 156 ബാങ്ക് അക്കൗണ്ടുകൾ പൂട്ടിക്കും. ഓപ്പറേഷൻ ഗ്രിപ്പിന്റെ ഭാഗമായിട്ടാണിത്.
ഒരുവർഷത്തെ അനധികൃത പണമിടപാട് രഹസ്യമായി നിരീക്ഷിച്ച ശേഷമാണ് നടപടി. ക്രൈംബ്രാഞ്ചിന്റെയും പോലീസിന്റെയും സാന്പത്തിക കുറ്റകൃത്യാന്വേഷണ വിഭാഗമാണ് ഗുണ്ടകളുടെയും ക്രിമിനലുകളുടെയും സ്വത്തുക്കളും പണവും കണ്ടുകെട്ടുന്നത്. കുറ്റകൃത്യങ്ങളിലൂടെ സമ്പാദിച്ച വാഹനങ്ങൾ, കെട്ടിടങ്ങൾ, ഭൂമി, ബാങ്ക് നിക്ഷേപം എന്നിവ ഇതിൽപ്പെടും.
കള്ളപ്പണം വെളുപ്പിക്കൽ നിരോധനനിയമം, കേരള സമൂഹവിരുദ്ധ പ്രവർത്തനം തടയൽ (കാപ്പ), ബിനാമി നിരോധനനിയമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് അനധികൃത സന്പാദ്യങ്ങൾ കണ്ടുകെട്ടുന്നത്.
ഗുണ്ടകളും അടുപ്പക്കാരും നിരീക്ഷണത്തിൽ
ജാമ്യത്തിലിറങ്ങുകയോ ശിക്ഷ പൂർത്തിയാക്കി ജയിലിൽനിന്നിറങ്ങുകയോ ചെയ്തവരും ക്രിമിനൽ കേസ് പ്രതികളും അവരുമായി ഏറ്റവും അടുപ്പമുള്ളവരും നിരീക്ഷണത്തിലാണ്. ഇവരുടെ പണമിടപാടുകൾ, സുഹൃത്തുക്കൾ, ബന്ധുക്കൾ, ജോലിയിടങ്ങൾ, നിലവിൽ പ്രധാനമായും സമയം ചെലവഴിക്കുന്ന ഇടങ്ങൾ എന്നിവ നിരീക്ഷിക്കും.
കാപ്പ ചുമത്തി നാടുകടത്തിയ ശേഷവും തിരിച്ചെത്തിയവർ, കാപ്പ ചുമത്താൻ തീരുമാനിച്ചിട്ടും മുങ്ങിനടക്കുന്നവർ, പിടികിട്ടാപ്പുള്ളികൾ, വാറന്റ് പ്രതികൾ തുടങ്ങിയവരുടെ പട്ടിക എല്ലാ സ്റ്റേഷനുകളിലും തയ്യാറാക്കിയിട്ടുണ്ട്.
ഗുണ്ടകളുടെയും റൗഡികളുടെയും പേരുവിവരങ്ങൾ, ചിത്രങ്ങൾ, ഏർപ്പെട്ട കുറ്റകൃത്യങ്ങൾ തുടങ്ങിയവയുടെ വിവരങ്ങളും പട്ടികയാക്കിയിട്ടുണ്ട്. കൊലപാതകം, വധശ്രമം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ പ്രത്യേക വിഭാഗത്തിൽപ്പെടുത്തിയിട്ടുണ്ട്.
Content Highlights: Kerala Police launch Operation Grip targeting illegal assets of gangsters., Properties of 58 gangsters and 156 bank accounts are being frozen., Action taken under PMLA, KAAPA, and Benami Transactions Act., Intensive monitoring of criminals, associates, and absconders underway across all police stations.