എവിടെപ്പോയി മറഞ്ഞു, ആ മനുഷ്യർ? പത്തുവർഷത്തിനിടെ കാണാതായത് 2891 പേർ; ഒരു തുമ്പുമില്ലാതെ കേരള പോലീസ്

#വി.എസ്. സിജു
എഐ നിർമ്മിത പ്രതീകാത്മക ചിത്രം
എഐ നിർമ്മിത പ്രതീകാത്മക ചിത്രം

കൊച്ചി: സംസ്ഥാനത്ത് 2016 മാർച്ച് മുതൽ 2026 മാർച്ചുവരെ കാണാതായ 2891 പേരെക്കുറിച്ച് യാതൊരു വിവരവുമില്ലാതെ പോലീസ്. ഇത്രയുംപേർ എവിടെ പോയി മറഞ്ഞുവെന്നതിൽ പോലീസിന് യാതൊരു ഉത്തരവുമില്ല. ഈ കാലയളവിൽ ആകെ 1,17,733 പേരെ കാണാതായതായ പരാതി പോലീസിന് ലഭിച്ചു. ഇതിൽ 1,14,842 പേരെ കണ്ടെത്താനായി. ബാക്കിയുള്ള 2891 പേരെക്കുറിച്ചാണ് യാതൊരു വിവരമില്ലാത്തത്. സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോ വിവരാവകാശനിയമം നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ ഉള്ളത്.

കാണാതായ ഈ മനുഷ്യർ ആരെന്നോ എന്തെന്നോ എന്നുള്ള വിവരങ്ങളൊന്നും പോലീസ് കൈമാറാൻ തയ്യാറല്ല. ഇവർ കൊല്ലപ്പെട്ടോ, മരിച്ചോ, ജീവിച്ചിരിപ്പുണ്ടോ എന്നത് അന്വേഷിച്ചിട്ടുണ്ടോ എന്നതിനും ഉത്തരമില്ല.

സംസ്ഥാനത്ത് കഴിഞ്ഞ 10 വർഷത്തിനുള്ളിൽ എത്രപേരെ കാണാതായി, എത്രപേരെ കണ്ടെത്തി, എത്രപേരെ കണ്ടെത്താനുണ്ട് എന്നീ വിവരങ്ങൾ ആവശ്യപ്പെട്ട് നൽകിയ അപേക്ഷ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ ആദ്യം നിഷേധിച്ചു. വിവരാവകാശ നിയമം വകുപ്പ് 24 പ്രകാരം ക്രൈം റെക്കോഡ്സ് ബ്യൂറോ വിവരാവകാശ നിയമത്തിന്റെ പരിധിക്ക് പുറത്താണെന്നായിരുന്നു വിശദീകരണം.

എന്നാൽ, മനഷ്യാവകാശലംഘനവും അഴിമതിയും ഇത്തരത്തിലുള്ള വിലക്കിന്റെ പരിധിയിൽ വരില്ലെന്നുകാട്ടി അപ്പീൽ നൽകിയെങ്കിലും തള്ളി. തുടർന്ന് വിവാരവകാശ കമ്മിഷനെ സമീപിച്ചു. കമ്മിഷന്റെ ഉത്തരവ് പ്രകാരമാണിപ്പോൾ ഇതുവരെ കണ്ടെത്താനാകാത്തവരെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയത്. അപ്പോഴും കണ്ടെത്താനാകാത്തവരുടെ എണ്ണത്തിനപ്പുറമുള്ള വിവരങ്ങൾ നൽകാൻ പോലീസ് തയ്യാറായിട്ടില്ല.

പോലീസ് കസ്റ്റഡി മർദനത്തിന്റെയും മരണത്തിന്റെയും വിവരങ്ങളും ഇത്തരത്തിൽ നിഷേധിച്ചിരുന്നു. ഇതിനെതിരായ അപ്പീൽ നിലവിൽ വിവരാവകാശ കമ്മിഷന്റെ മുന്നിലുണ്ട്.

Content Highlights: An RTI response from the State Crime Records Bureau reveals that Kerala Police have no information on the whereabouts of 2,891 missing persons reported over the past decade.