കുടുംബവഴക്ക്, വീട്ടിൽ പോലീസെത്തി; ഗൃഹനാഥൻ 36 വർഷം പോലീസിനെ കബളിപ്പിച്ച പിടികിട്ടാപ്പുള്ളി, പിടിയിൽ

#പി.വി. സനൽ കുമാർ
വി.കെ. ജോസ് (ചിത്രം പഴയതും പുതിയതും)
വി.കെ. ജോസ് (ചിത്രം പഴയതും പുതിയതും)

മൈസൂരു: കുടുംബവഴക്കിനെത്തുടർന്ന് വീട്ടമ്മ വിളിച്ചപ്പോഴാണ് പോലീസ് മൈസൂരുവിലെ ആ വീട്ടിലെത്തിയത്. അവിടെ പോലീസ് കണ്ടെത്തിയത് 36 വർഷംമുൻപ് കേരളത്തിൽ തോക്കുചൂണ്ടി കവർച്ചനടത്തി മുങ്ങിയ മലയാളിയായ പ്രതിയെ.

നരസിംഹരാജയിലെ വീട്ടിൽ ദമ്പതിമാർ തമ്മിലുണ്ടായ വഴക്ക് കോഴിക്കോട് തിരുവമ്പാടിയിൽ 1990-ൽ നടന്ന കവർച്ചയ്ക്ക് തുമ്പാവുകയായിരുന്നു. കേസിലെ പ്രതി മലപ്പുറം അരീക്കോട് സ്വദേശിയായ വി.കെ. ജോസ് എന്ന ശിവകുമാർ (71) ആണ് പിടിയിലായത്.

തിരുവമ്പാടിയിൽനിന്ന് കൂമ്പാറയിലേക്ക് രാത്രി പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി. കണ്ടക്ടറെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പണമടങ്ങിയ ബാഗാണ് ജോസ് അന്ന് കവർന്നത്. തുടർന്ന് ഒളിവിൽപ്പോയി. തിരുവമ്പാടി പോലീസ് രജിസ്റ്റർചെയ്ത കേസിൽ പിന്നീട് ഇയാൾക്കെതിരേ കോടതി ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചിരുന്നു.

കവർച്ചയ്ക്കുശേഷം മൈസൂരുവിലെത്തിയ ജോസ് പെയിന്റിങ് ജോലിയുമായി ഇവിടെ സ്ഥിരതാമസമാക്കി വിവാഹവും കഴിച്ചു. ബുധനാഴ്ച രാത്രി ജോസും ഭാര്യയും തമ്മിൽ വഴക്കുണ്ടായി. തർക്കം രൂക്ഷമായതോടെ വീട്ടമ്മ എമർജൻസി ഹെൽപ്പ് ലൈനിലേക്ക് വിളിച്ചപ്പോൾ മൈസൂരു നരസിംഹരാജ പോലീസ് വീട്ടിലെത്തി. വീട് പരിശോധിച്ചപ്പോൾ ജോസിന്റെ കട്ടിലിനടിയിൽനിന്ന് നാടൻ തോക്കും കേരളത്തിലായിരുന്നപ്പോഴുള്ള ഏതാനും രേഖകളും കണ്ടെടുത്തു. ഇതുസംബന്ധിച്ചുള്ള ചോദ്യത്തിന് ഇയാൾ പരസ്പരവിരുദ്ധമായ ഉത്തരങ്ങൾ നൽകിയത് പോലീസിനെ സംശയത്തിലാഴ്‌ത്തി.

ഇതോടെ നരസിംഹരാജ പോലീസ് കേരള പോലീസുമായി ബന്ധപ്പെട്ടു. തിരുവമ്പാടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത കവർച്ചക്കേസിൽ ഇയാൾക്കെതിരേ ജാമ്യമില്ലാ വാറന്റ് നിലവിലുണ്ടെന്ന് അന്വേഷണത്തിൽ പോലീസ് സ്ഥിരീകരിച്ചു. തുടർന്ന് തിരുവമ്പാടി പോലീസ് മൈസൂരുവിലെത്തി ജോസിനെ കസ്റ്റഡിയിലെടുത്ത് കേരളത്തിലെത്തിച്ചു. കോടതിയിൽ ഹാജരാക്കിയ ജോസിനെ കോഴിക്കോട് സബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

Content Highlights: Arrest of V.K. Jose (71) after 36 years on the run., The suspect was wanted for a 1990 armed robbery in Thiruvambady, Kerala., Police discovered the suspect in Mysore following a domestic dispute call., A country-made gun and incriminating documents were recovered., The suspect is currently in judicial custody in Kozhikode.