എസ്. ശ്രീജിത്തിന്റെ വിദേശയാത്ര: അനുമതി ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ട്, പുനർവിചാരണയ്ക്ക് ഉത്തരവ്

കൊച്ചി: എഡിജിപി എസ്. ശ്രീജിത്തിന്റെ വിദേശയാത്രയുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പ് നൽകിയ റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരനായ ദിപിൻ ഇടവനയെ കേൾക്കാതെയാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഈ സുപ്രധാന നടപടി. പരാതിക്കാരനെ കൂടി കേട്ടശേഷം മൂന്നാഴ്ചയ്ക്കകം പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആഭ്യന്തര വകുപ്പിന് നിർദ്ദേശം നൽകി.
കഴിഞ്ഞ ഫെബ്രുവരി ഒന്നു മുതൽ മൂന്നു വരെയാണ് എഡിജിപി എസ്. ശ്രീജിത്ത് ദുബായ് സന്ദർശിച്ചത്. ഈ യാത്രയ്ക്ക് സർക്കാരിന്റെ മുൻകൂർ അനുമതി ഉണ്ടായിരുന്നുവെന്നും, അവിടെ നടന്ന സ്വകാര്യ പരിപാടിയിൽ അദ്ദേഹം പോലീസ് യൂണിഫോം ധരിച്ചിരുന്നില്ലെന്നുമാണ് ആഭ്യന്തര വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന അന്നത്തെ അഡീഷണൽ ചീഫ് സെക്രട്ടറി വിശ്വനാഥ സിൻഹ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.
ഈ റിപ്പോർട്ടിലെ കണ്ടെത്തലുകൾ പൂർണമായും കളവാണെന്ന് ആരോപിച്ചാണ് പരാതിക്കാരനായ ദിപിൻ ഇടവന ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ ഈ കേസിൽ പരാതിക്കാരനടക്കം സംയുക്ത ഹിയറിങ് നടത്താൻ കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ എഡിജിപിക്കൊപ്പം ഹിയറിങ്ങിൽ പങ്കെടുക്കാൻ തനിക്ക് കഴിയില്ലെന്ന നിലപാടാണ് ദിപിൻ സ്വീകരിച്ചത്.
തുടർന്ന് പരാതിക്കാരനെ കേൾക്കാതെ ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കി സമർപ്പിച്ച റിപ്പോർട്ടാണ് കോടതി ഇപ്പോൾ തള്ളിയിരിക്കുന്നത്. തനിക്ക് പറയാനുള്ളത് കേൾക്കാൻ അവസരം നൽകിയില്ലെന്ന പരാതിക്കാരന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു
ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള പുതിയ അഡീഷണൽ ചീഫ് സെക്രട്ടറിയായിരിക്കും ഇനി ഈ പരാതിയിൽ ഹിയറിങ് നടത്തി തീരുമാനമെടുക്കേണ്ടത്. പരാതിക്കാരനായ ദിപിൻ ഇടവനയെ നേരിട്ട് കേട്ട് അദ്ദേഹം നൽകുന്ന വിവരങ്ങൾ കൂടി പരിഗണിച്ച ശേഷം പുതിയ റിപ്പോർട്ട് തയ്യാറാക്കണം. ഈ റിപ്പോർട്ട് മൂന്നാഴ്ചയ്ക്കകം സമർപ്പിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.
Content Highlights: High Court cancels the internal department report that gave a clean chit to ADGP S. Sreejith. Court cited procedural lapses as the complainant was not heard before finalizing the report. New Additional Chief Secretary ordered to conduct a fresh hearing including the complainant. Report must be submitted within three weeks.