പിരിച്ച പണം പ്രോജക്ടിനായി തന്നെ വിനിയോഗിച്ചു, പുറത്തുവരുന്ന പലപേരുകളും ശരിയല്ല- അനന്തുകൃഷ്ണൻ

കൊച്ചി: ജനങ്ങളിൽ നിന്ന് പിരിച്ച പണം ഈ പ്രോജക്ടിന് വേണ്ടി തന്നെയാണ് വിനിയോഗിച്ചതെന്ന് പാതിവിലത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രതി അനന്തുകൃഷ്ണൻ. എന്‍.ജി.ഒ കോണ്‍ഫെഡറേഷന്‍ ഇംപ്ലിമെന്റിങ് ഏജന്‍സികള്‍ ഫണ്ട് സമാഹരണം നടത്തുകയാണെന്നും അതിലൂടെ അപേക്ഷകർക്ക് അവരുടെ കാര്യങ്ങൾ തീർക്കുന്നതിനുള്ള സാഹചര്യമുണ്ടെന്നും അനന്തുകൃഷ്ണൻ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ പറയുന്ന പല പേരുകളും ശരിയല്ലെന്നും അനന്തുകൃഷ്ണൻ പ്രതികരിച്ചു.
എന്‍.ജി.ഒ വഴി ശേഖരിച്ച തുകയില്‍ ഭൂരിപക്ഷവും ഈ പ്രോജക്ടില്‍ തന്നെ വിനിയോഗിച്ചിട്ടുണ്ട്. സാമ്പത്തികമായ പ്രതിസന്ധിയുണ്ടായപ്പോള്‍ എന്‍.ജി.ഒ കോണ്‍ഫെഡറേഷന്‍ ഇംപ്ലിമെന്റിങ് ഏജന്‍സികള്‍ ഒറ്റക്കെട്ടായി അത് പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള ഫണ്ട് റെയ്‌സിങ് നടത്തുകയാണ്. അതിലൂടെ അപേക്ഷകരുടെ കാര്യങ്ങള്‍ തീര്‍ക്കുവാനായിട്ടുള്ള സാഹചര്യമുണ്ട്.- അനന്തുകൃഷ്ണന്‍ പറഞ്ഞു.
ആരില്‍ നിന്നാണ് ഭീഷണി നേരിടുന്നതെന്നും ഏതൊക്കെ രാഷ്ട്രീയക്കാര്‍ക്കാണ് പണം കൊടുത്തതെന്നും മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അതിന് കൃത്യമായ മറുപടി നല്‍കാന്‍ അനന്തുകൃഷ്ണന്‍ തയ്യാറായില്ല. നിങ്ങള്‍ പറയുന്ന പല പേരുകളും ശരിയല്ലെന്നായിരുന്നു അനന്തുകൃഷ്ണന്റെ പ്രതികരണം.
അതേസമയം കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിക്കൊണ്ട് സർക്കാർ ഉത്തരവ് പുറത്തുവന്നിട്ടുണ്ട്. ആദ്യം രജിസ്റ്റർ ചെയ്ത 34 കേസുകളാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. എറണാകുളം 11 കേസുകൾ, ഇടുക്കി 11, ആലപ്പുഴ എട്ട്, കോട്ടയം മൂന്ന്, കണ്ണൂർ ഒന്ന് എന്നിങ്ങനെയാണ് ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുന്ന കേസുകൾ. ഇവ പോലീസ് സ്റ്റേഷനുകളിൽ ആദ്യം ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്തവയാണ്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടി. തട്ടിപ്പുമായി ബന്ധപ്പെട്ട് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്ന മറ്റു പരാതികളും ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന നിർദേശവും ഡിജിപിയുടെ ഉത്തരവിലുണ്ട്.
ക്രൈംബ്രാഞ്ച് എ.ഡി.ജി.പി.എച്ച്. വെങ്കിടേഷിന്റെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. കേസന്വേഷണത്തിനായി പ്രത്യേക സംഘം രൂപവത്കരിക്കാൻ ക്രൈം ബ്രാഞ്ച് എഡിജിപിയ്ക്ക് നിർദേശം നൽകിക്കൊണ്ടാണ് ഡിജിപിയുടെ ഉത്തരവ്. സംഘത്തിൽ ആരൊക്കെ ഉണ്ടാകും എന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. നിലവിൽ കേസന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയാകും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം രൂപവത്കരിക്കുക എന്നും വിവരമുണ്ട്.
കേസിലെ ഒന്നാം പ്രതി സായിഗ്രാമം സ്ഥാപക ചെയര്‍മാനും എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്‍ ആജീവനാന്ത രക്ഷാധികാരിയുമായ ആനന്ദകുമാറും രണ്ടാം പ്രതി നാഷണൽ എൻ.ജി.ഒ. കോൺഫെഡറേഷൻ സംസ്ഥാന സെക്രട്ടറി അനന്തു കൃഷ്ണനുമാണ്. തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ മുനമ്പം അന്വേഷണ കമ്മിഷന്‍ റിട്ട. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരെ മൂന്നാംപ്രതിയാക്കിയിരുന്നു. ആനന്ദകുമാര്‍ ഒളിവിലാണെന്നാണ് സൂചന.
Content Highlights: kerala half price fraud crime accused response