പത്തനംതിട്ട പീഡനം: 10 ദിവസത്തിനകം നാട്ടിലുള്ള എല്ലാ പ്രതികളെയും പിടിച്ചു, അറസ്റ്റിലായത് 57 പേര്‍

പത്തനംതിട്ട: ദളിത് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ നാട്ടിലുള്ള എല്ലാ പ്രതികളെയും പിടികൂടി പോലീസ്. കേസ് രജിസ്റ്റര്‍ചെയ്ത് പത്തു ദിവസത്തിനുള്ളില്‍ 57 പ്രതികളെ പിടികൂടാനായി. വിദേശത്തുള്ള രണ്ട് പ്രതികളെ നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികളും സ്വീകരിച്ചെന്ന് ജില്ലാ പോലീസ് മേധാവി വി.ജി.വിനോദ്കുമാര്‍ പറഞ്ഞു.
ഇലവുംതിട്ട പോലീസെടുത്ത കേസില്‍ വി.എസ്.അരുണ്‍ (25) ആണ് ഏറ്റവുമൊടുവില്‍ പിടിയിലായത്. ഞായറാഴ്ച പുലര്‍ച്ചെ വീടിനു സമീപത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ജനുവരി 10-നാണ് ഇലവുംതിട്ട പോലീസ് ആദ്യകേസ് രജിസ്റ്റര്‍ചെയ്തത്. 11-ന് 25 അംഗ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി. അജിതാബീഗത്തിന്റെ മേല്‍നോട്ടത്തിലുള്ള അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവിയാണ് നേതൃത്വം നല്‍കുന്നത്. ആദ്യമെടുത്ത കേസിലെ അഞ്ചാംപ്രതി എസ്.സുധി പത്തനംതിട്ട പോലീസ് കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ചെയ്ത പോക്‌സോ കേസില്‍ ജയിലിലാണ്.
ജില്ലയിലെ നാല് സ്റ്റേഷനുകളിലായി ആകെ 30 കേസുകളാണ് പെണ്‍കുട്ടിയുടെ മൊഴിപ്രകാരം രജിസ്റ്റര്‍ചെയ്തത്. പത്തനംതിട്ടയില്‍ 11, ഇലവുംതിട്ടയില്‍ 17, പന്തളം, മലയാലപ്പുഴ സ്റ്റേഷനില്‍ ഓരോന്നുവീതം എന്നിങ്ങനെയാണിത്. ഇതില്‍ പന്തളം കേസിലെ രണ്ട് പ്രതികളെ കേസെടുത്ത അന്നുതന്നെ അറസ്റ്റുചെയ്തു. മലയാലപ്പുഴ പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ പ്രതിയെ പിടികൂടിയത് ചെന്നൈയില്‍നിന്നാണ്. പിടിയിലായവരുടെ കൂട്ടത്തില്‍ പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പേരുണ്ട്. പ്രതികളെയെല്ലാം പിടിച്ചശേഷം തിരിച്ചറിയല്‍ പരേഡ് നടത്തും.
അന്വേഷണം കാര്യക്ഷമമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംഭവത്തില്‍ കാര്യക്ഷമമായ അന്വേഷണമാണ് നടക്കുന്നത്. പ്രശ്‌നം അറിഞ്ഞപ്പോള്‍ത്തന്നെ സര്‍ക്കാര്‍ കൃത്യമായ തുടര്‍നടപടി സ്വീകരിച്ചുവെന്നും അവര്‍ വ്യക്തമാക്കി.
Content Highlights: kerala dalit girl rape case arrests