ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്: തമിഴ്‌നാട് സ്വദേശിയെ പരാതിക്കാരനും പോലീസുംചേർന്ന് നാടകീയമായി പിടികൂടി

പിടിയിലായ തമിഴ്‌നാട് സ്വദേശി രമേശ്
പിടിയിലായ തമിഴ്‌നാട് സ്വദേശി രമേശ്

വളയം: ക്രിപ്റ്റോ കറൻസി നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ച തമിഴ്നാട് സ്വദേശിയെ പരാതിക്കാരനായ വാണിമേൽ സ്വദേശി പോലീസിന്റെ സഹായത്താൽ നാടകീയമായി പിടികൂടി. വാണിമേൽ സ്വദേശിയെ വഞ്ചിച്ച് ആറര ലക്ഷം രൂപ തട്ടിപ്പ് നടത്തിയ പ്രതി തമിഴ്നാട് സ്വദേശി രമേശ് (38) നെയാണ് വളയം ഇൻസ്പെക്ടർ എം.കെ. അനിൽകുമാർ, എസ്ഐ എൻ. രമേശൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഓൺലൈൻ തട്ടിപ്പിനിരയായ വാണിമേൽ സ്വദേശികൾ നൽകിയ പരാതിയിലാണ് പോലീസ് നടപടി. കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി പിടിക്കാനുണ്ട്.

വാണിമേൽ നിടുമ്പറമ്പ് സ്വദേശി നടുത്തറേമ്മൽ അർഷാദ് ആണ് 6.5 ലക്ഷം രൂപ നഷ്ടമായതായി വളയം പൊലീസിൽ പരാതി നൽകിയത്. 2024 ഡിസംബർ 28-നാണ് പ്രതികളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് തുക അയച്ചുനൽകിയത്. തുടർന്ന് ക്രിപ്റ്റോ കറൻസിയോ പണമോ തിരിച്ച് ലഭിക്കാതായതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് അന്വേഷണം നടത്തിവരവെ പരാതിക്കാരൻ പുതിയ മൊബൈൽ നമ്പർ സംഘടിപ്പിക്കുകയും പ്രതികളുടെ ടെലഗ്രാം ഗ്രൂപ്പിൽ പുതിയ ഇടപാടുകാരനായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു.

ചെറിയ ഇടപാടുകൾ നടത്തി വിശ്വാസം നേടിയെടുത്ത ശേഷം ഏഴുലക്ഷത്തിന്റെ ക്രിപ്റ്റോ കറൻസി ആവശ്യപ്പെടുകയായിരുന്നു. ഇടപാടിനായി കണ്ണൂർ ജില്ലയിലെ പാനൂരിൽ എത്താൻ പ്രതികൾ ആവശ്യപ്പെട്ടതോടെ ഈ വിവരം പരാതിക്കാരൻ വളയം ഇൻസ്പെക്ടർക്ക് കൈമാറുകയും പാനൂരിൽ എത്തിയ ഉടൻ പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

നാദാപുരം കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ്‌ ചെയ്തു. കേസിലെ മറ്റ് രണ്ട് പ്രതികൾക്കുവേണ്ടി അന്വേഷണം ഊർജിതമാക്കിയതായി വളയം പോലീസ് അറിയിച്ചു.

Content Highlights: A Tamil Nadu man was arrested in Kerala for cheating a local resident of in a crypto currency scam.