ദുരൂഹത നിറയുന്ന ജയേഷിന്റെ വീട്, ചോര കണ്ടപ്പോൾ തലകറങ്ങിയ രശ്മി; കേട്ടത് വിശ്വസിക്കാനാകാതെ നാട്ടുകാർ

പുല്ലാട്: ബുധനാഴ്ച വൈകീട്ട് ആറുമണിയോടുകൂടി ആറന്മുള പോലീസ് സ്റ്റേഷനിലെ മൂന്ന് പോലീസുകാര്‍ ജയേഷിന്റെ വീട് തിരക്കി അന്താലിമണ്ണില്‍ എത്തി. കോയിപ്രം പഞ്ചായത്ത് നാലാം വാര്‍ഡില്‍ക്കൂടി പോകുന്ന പരുത്തിമുക്ക്-കള്ളിപ്പാറ റോഡില്‍ നിന്ന് 100 മീറ്റര്‍ ദൂരമുള്ള മൂന്നടി പാതയാണ് ജയേഷിന്റെ വീട്ടിലേക്കുള്ളത്.
പോലീസുകാര്‍ ആരെയോ തിരക്കിവന്ന രീതിയിലാണ് വീട്ടിലുണ്ടായിരുന്ന ജയേഷിനോട് സംസാരിച്ചത്. ''സാറന്മാര്‍ പൊക്കോ ഞാന്‍ പുറകെ വരാം'' എന്ന് ജയേഷ് പറയുന്നതേ അടുത്തുള്ള വീട്ടുകാര്‍ കേട്ടുള്ളൂ. എന്താണ് സംഭവിക്കുന്നതെന്ന് നാട്ടുകാര്‍ക്ക് പിടികിട്ടിയില്ല. വീണ്ടും അടുത്തദിവസം ചെന്ന പോലീസുകാരാണ് രശ്മിയെ കൂട്ടിക്കൊണ്ടുപോകുന്നത്. നാട്ടുകാര്‍ ചോദിച്ചപ്പോള്‍ അടുത്തദിവസം വാര്‍ത്താമാധ്യമങ്ങളിലൂടെ നിങ്ങളെല്ലാം അറിയും ഇപ്പോള്‍ ഞങ്ങള്‍ ഒന്നും പറയുന്നില്ലെന്ന് പറഞ്ഞ് അവര്‍ പോയി.
പ്രധാന വാതിലിന് പൂട്ടില്ല; പക്ഷേ, സിസിടിവി ഉണ്ട്
ദുരൂഹത നിറഞ്ഞതാണ് ജയേഷിന്റെയും രശ്മിയുടെയും വീട്. സിമന്റ് കട്ടയില്‍ തീര്‍ത്ത് ആസ്ബസ്റ്റോസ് ഷീറ്റിട്ട് രണ്ടു മുറിയുള്ള വീട്ടിലാണ് ഇവര്‍ കുടുംബസമേതം താമസിച്ചിരുന്നത്. പുറത്തേക്കുള്ള രണ്ടു വാതിലിനും പൂട്ടില്ല. കിടപ്പുമുറിയിലേക്ക് തിരിച്ചു വെച്ചിട്ടുള്ള നിലയില്‍ ഒരു സിസിടിവി പ്രധാന വാതിലിന് മുകളില്‍ സ്ഥാപിച്ചിട്ടുണ്ട്. ജയേഷ് നേരത്തെ കുറച്ചുനാള്‍ ബെംഗളൂരുവിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യ ചെട്ടിമുക്കിന് സമീപമുള്ള ഒരു സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരി ആയിരുന്നു. കുട്ടികളെ അയല്‍പക്കങ്ങളില്‍ വിടാറില്ല. അവരുമായിട്ട് സംസാരിക്കുന്നതുപോലും ഭാര്യയ്ക്കും ഭര്‍ത്താവിനും ഇഷ്ടമല്ല. സമീപത്തുള്ള വീടിനേക്കാള്‍ പത്തടിത്താഴ്ചയിലാണ് ഇവരുടെ വീട്.
ഇവരുടെ വീട്ടിലേക്കുള്ള അയല്‍പക്കക്കാരുടെ കാഴ്ച മറയ്ക്കുവാന്‍ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയിട്ടുണ്ട്. ഓണത്തിന് ദിവസങ്ങള്‍ക്കുമുമ്പ് ജയേഷ് ഭാര്യയെ ക്രൂരമായി മര്‍ദിച്ചിരുന്നു. അയല്‍പക്കങ്ങളില്‍ പോകരുതെന്ന് ശക്തമായ താക്കീത് നല്‍കി. രശ്മിയുടെ വീട്ടാവശ്യത്തിനുള്ള വെള്ളം എടുത്തിരുന്നത് സമീപത്തുള്ള വീട്ടില്‍നിന്നാണ്. അവരോടുപോലും ഒന്നും സംസാരിക്കാന്‍ താത്പര്യം കാണിക്കാറില്ലായിരുന്നു.
വീട്ടിലേക്ക് രണ്ടുവഴി
ജയേഷിന്റെ വീടിനുമുമ്പില്‍ അഞ്ചേക്കറില്‍ അധികമുള്ള റബ്ബര്‍ത്തോട്ടമാണ്. റബ്ബര്‍ത്തോട്ടം കുറുകേ കടന്നാല്‍ പരുത്തിമുക്ക്-കള്ളിപ്പാറ റോഡാണ്. ഈ ഭാഗത്തൊന്നും വേറെ വീടുകളില്ല. റാന്നി സ്വദേശിയെ മര്‍ദിച്ചശേഷം റബ്ബര്‍ത്തോട്ടത്തില്‍ കൂടിയാണ് ഇരുവരും റോഡില്‍ എത്തിച്ചത്. അവിടെനിന്നാണ് സ്‌കൂട്ടറില്‍ റാന്നി ഭാഗത്തേക്ക് ഓടിച്ചുപോകുന്നത്. സാധാരണ ഇവര്‍ നടന്നുവരുന്ന മൂന്നടിപ്പാതയ്ക്കുസമീപം വീടുകള്‍ ഉള്ളതിനാല്‍ രാത്രിയില്‍ റബ്ബര്‍ത്തോട്ടം വഴിയാണ് യാത്ര.
ചോര കണ്ടു, രശ്മി തലകറങ്ങിവീണു
ജൂണ്‍ ആദ്യവാരം സമീപത്തുള്ള ഒരു യുവാവിന് ബൈക്ക് അപകടത്തില്‍ പരിക്ക് പറ്റിയിരുന്നു. രശ്മി അവരുടെ വീട്ടിലേക്ക് പോകുന്ന വഴി പരിക്കേറ്റയാളുടെ കാലില്‍ നിന്ന് ചോര ഒലിക്കുന്നതുകണ്ട് ബോധംകെട്ടുവീണു. പിന്നീട് സമീപവാസികളാണ് വീട്ടില്‍ കൊണ്ടാക്കിയത്. ചോര കണ്ടപ്പോള്‍ തലകറങ്ങിയ ആള്‍ ആണോ നഖം പിഴുതെടുക്കാന്‍ ശ്രമിച്ചതും വിരലുകളില്‍ മൊട്ടുസൂചി അടിക്കാന്‍ തയ്യാറായതെന്നും വിശ്വസിക്കാന്‍ നാട്ടുകാര്‍ക്ക് ആവുന്നില്ല.
കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ ക്ലീനിങ് ജോലി കൊടുക്കാമെന്ന് പറഞ്ഞെങ്കിലും കുറച്ചുദിവസംമാത്രം പോയി. സ്‌കൂള്‍ അധികൃതര്‍ തന്നെ അടുത്തുള്ള ഹോട്ടലില്‍ ജോലി ശരിയാക്കി കൊടുത്തെങ്കിലും അവിടെയും കുറച്ചുദിവസംമാത്രം ജോലി ചെയ്തു. രണ്ടുപേര്‍ക്കും കാര്യമായ ജോലി ഉള്ളതായി ആര്‍ക്കും അറിയില്ല. പക്ഷേ കുറച്ചുനാളായി വിലകൂടിയ മൊബൈല്‍ ഉപയോഗിക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
ജനനേന്ദ്രിയത്തില്‍ സ്റ്റേപ്ലര്‍ പിന്‍ അടിച്ചത് രശ്മി
പത്തനംതിട്ട: ''മുറിയില്‍ കെട്ടിത്തൂക്കിയിട്ടശേഷം വിവസ്ത്രനാക്കി ജനനേന്ദ്രിയത്തില്‍ രശ്മിയാണ് സ്റ്റേപ്ലര്‍ പിന്‍ അടിച്ചത്. വേദനകൊണ്ട് പുളഞ്ഞു. കാല്‍വിരലിലെ നഖം കട്ടിങ് പ്ലെയര്‍ ഉപയോഗിച്ച് പറിച്ചെടുക്കാന്‍ ശ്രമിച്ചപ്പോള്‍ കുതറി. വലതുകാല്‍ ബലമായി പിടിച്ചുവെച്ച് നഖത്തിനിടയില്‍ രശ്മി മൊട്ടുസൂചി അടിച്ചുകയറ്റി. കമ്പിവടികൊണ്ട് എന്റെ കാലിലും ശരീരത്തും ജയേഷ് അടിച്ചുകൊണ്ടിരുന്നു. കാല്‍മുട്ട് പൊട്ടി ചോര ഒലിച്ചു. ആഴത്തിലുള്ള മുറിവിനകത്തേക്ക് പെപ്പര്‍ സ്‌പ്രേ അടിച്ചു.'' കേട്ടാല്‍ വിശ്വസിക്കാനാകാത്ത ക്രൂരകൃത്യങ്ങളാണ് തിരുവോണദിവസം വൈകീട്ട് കോയിപ്രം ആന്താലിമണ്ണിലെ വീട്ടില്‍ നടന്നത്. ഇത് വിവരിക്കുമ്പോള്‍ മര്‍ദനത്തിനിരയായി, ജീവന്‍ തിരിച്ചുകിട്ടിയ റാന്നി അത്തിക്കയം സ്വദേശിയായ 29-കാരന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.
ജയേഷുമായി 2018 മുതലുള്ള പരിചയമാണെന്ന് യുവാവ് പറയുന്നു; ''ബെംഗളൂരുവിലെ ക്രഷര്‍ കമ്പനിയില്‍ ജോലിയായിരുന്നു ജയേഷും താനും. അവിടെവെച്ചാണ് പരിചയപ്പെടുന്നത്. ജയേഷുമായി മുന്‍വിരോധമില്ല. ജയേഷിനെ വിളിച്ചിട്ട് കിട്ടാതാകുമ്പോള്‍ രശ്മി തന്റെ ഫോണില്‍ വിളിക്കുമായിരുന്നു. അങ്ങനെയാണ് രശ്മിയുമായുള്ള പരിചയം.
തിരുവോണദിവസം വൈകീട്ട് രശ്മിയാണ് വിളിച്ച് വീട്ടിലേക്ക് വരാന്‍ പറയുന്നത്. തിരുവോണത്തിന് വീട്ടിലേക്ക് ക്ഷണിക്കുന്നത് സ്വാഭാവികമായതിനാല്‍ ചെന്നു. വീട്ടില്‍ കയറി സംസാരിച്ചിരുന്നതിനിടെ ജയേഷ് പെപ്പര്‍ സ്‌പ്രേ അടിച്ചു. പിന്നീട് അടിച്ചുതാഴെയിട്ട ശേഷം ബ്ലേഡ് കഴുത്തിനുവെച്ച് ഭീഷണിപ്പെടുത്തി. ഇരുവരും ചേര്‍ന്ന് ഷാള്‍ ഉപയോഗിച്ച് കൈകള്‍ കെട്ടിയശേഷം ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ജനനേന്ദ്രിയത്തിലും പുറത്തും സ്റ്റേപ്ലര്‍ പിന്‍ അടിച്ചു. കാലില്‍നിന്ന് ചോര ഒലിക്കുമ്പോള്‍ അവര്‍ ചിരിക്കുകയായിരുന്നു. മാത്രമല്ല, ആഭിചാരക്രിയപോലെ എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. മര്‍ദനത്തിനുശേഷം എട്ടുമണിയോടെ സ്‌കൂട്ടറില്‍ പുതമണ്‍ പാലത്തില്‍ തള്ളി. അതുവഴിവന്ന ഓട്ടോറിക്ഷക്കാരനാണ് ആദ്യം റാന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലും കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചത്. അവിടെവെച്ചാണ് സ്റ്റേപ്ലര്‍ പിന്‍ ഊരിയത്. കാലിനും ആറ് വാരിയെല്ലിനും നട്ടെല്ലിനും പൊട്ടലേറ്റിട്ടുണ്ടെന്നും ശരീരമാസകലം വേദനയാണെന്നും യുവാവ് പറയുന്നു.
Content Highlights: A Kerala couple has been arrested for the brutal torture of a 29-year-old man