നിയമസഭാ കയ്യാങ്കളി കേസ്: പ്രതികളെ തിരിച്ചറിഞ്ഞ് സാക്ഷി; വിചാരണ നടപടികൾക്ക് തുടക്കമായി

#ന്യൂസ് ഡെസ്ക്
2015-ല്‍ ബജറ്റ് അവതരണത്തിനിടെ നിയമസഭയിലുണ്ടായ കയ്യാങ്കളി | PHOTO: UNI
2015-ല്‍ ബജറ്റ് അവതരണത്തിനിടെ നിയമസഭയിലുണ്ടായ കയ്യാങ്കളി | PHOTO: UNI

തിരുവനന്തപുരം: വിവാദമായ നിയമസഭാ കയ്യാങ്കളി കേസിൽ, 11 വർഷങ്ങൾക്ക് ശേഷം, വിചാരണ നടപടികൾക്ക് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ തുടക്കമായി. വിചാരണയുടെ ആദ്യദിനം തന്നെ കേസിലെ പ്രധാന സാക്ഷികളിലൊരാളായ സിസ്റ്റം എൻജിനീയർ ശ്യാം ആറ് പ്രതികളെയും കോടതിയിൽ തിരിച്ചറിഞ്ഞു.

മുൻമന്ത്രിമാരായ വി. ശിവൻകുട്ടി, കെ.ടി. ജലീൽ, ഇ.പി. ജയരാജൻ അടക്കമുള്ള ആറു പ്രതികളും നിയമസഭാ ഹാളിനുള്ളിൽ അതിക്രമം കാണിക്കുന്നത് താൻ നേരിട്ട് കണ്ടതായി ശ്യാം കോടതിയിൽ വിസ്താരത്തിനിടെ മൊഴി നൽകി. നിയമസഭയ്ക്കുള്ളിലുണ്ടായിരുന്ന എട്ട് സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ ഡിവിഡികളിലേക്ക് റെക്കോർഡ് ചെയ്തത് ശ്യാമായിരുന്നു.

കേസിലെ ഏറ്റവും പ്രധാനപ്പെട്ട തെളിവായ ഈ ഡിവിഡികൾ അദ്ദേഹം കോടതിയിൽ തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം, ഒന്നാം സാക്ഷിയായ ശാരംഗധരനെ വിസ്തരിക്കുന്നതിന് മുൻപ് ശ്യാമിനെ വിസ്തരിക്കരുതെന്ന പ്രതിഭാഗത്തിന്റെ എതിർപ്പ് കോടതി തള്ളി. പരാതിക്കാരൻ കൂടിയായ അന്നത്തെ നിയമസഭാ സെക്രട്ടറിയാണ് ശാരംഗധരൻ.

തനിക്ക് നേരിട്ട് ഹാജരാകാൻ കഴിയില്ലെന്നും വിസ്താരം ഓൺലൈനായി നടത്തണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ, ഒന്നാം സാക്ഷി നേരിട്ട് ഹാജരാകണമെന്ന് പ്രോസിക്യൂഷനും പ്രതിഭാഗവും ഒരുപോലെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേക്കുറിച്ച് കോടതി അടുത്ത ദിവസം തീരുമാനമെടുക്കും എന്നാണ് വിവരം.

Content Highlights: The trial for the controversial legislative assembly brawl case began in the Thiruvananthapuram Chief Judicial Magistrate Court after 11 years, with key witness System Engineer Shyam identifying all six accused in court. Shyam testified that he witnessed the accused, including former ministers V. Sivankutty, K.T. Jaleel, and E.P. Jayarajan, engaging in violence inside the assembly hall and identified crucial CCTV footage recorded onto DVDs. The court rejected the defense's objection to Shyam's testimony before the first witness, Sharangadharan, who requested to testify online due to inability to appear in person; the court will decide on this request soon.