ബൈക്കിലെത്തി സ്കൂട്ടർ യാത്രക്കാരിയെ അടിച്ചുവീഴ്‌ത്തി മൂന്നുപവൻ കവർന്നു

കറ്റാനം: ബൈക്കിലെത്തിയ യുവാവ് സ്കൂട്ടർ യാത്രക്കാരിയെ അടിച്ചുവീഴ്‌ത്തി മൂന്നു പവന്റെ താലിമാല പൊട്ടിച്ചെടുത്ത് കടന്നു. കറ്റാനം ചാത്തവന അബുവിന്റെ ഭാര്യ വസന്തകുമാരി (50)യുടെ മാലയാണ് കവർന്നത്. ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിൽനിന്നുള്ള വീഴ്ചയിൽ വസന്തകുമാരിയുടെ കൈക്കും തലയ്ക്കും പരിക്കേൽക്കുകയും പല്ലിളകുകയും ചെയ്തു. ഇവർ വെട്ടിക്കോട്ടുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.
ശനിയാഴ്ച ഉച്ചയ്ക്ക് 12-ഓടെ കറ്റാനം-മാവേലിക്കര റോഡിൽ ഭരണിക്കാവ് ഇല്ലത്തുമുക്കിനു സമീപമാണ് സംഭവം. സമീപത്തുള്ള വീടുകളിലെ സി.സി.ടി.വി. ക്യാമറകളിൽ പതിഞ്ഞ മോഷ്ടാവിന്റെ ചിത്രങ്ങൾ കുറത്തികാട് പോലീസ് ശേഖരിച്ചു. മാവേലിക്കര കല്ലുമലയിലുള്ള കുടുംബവീട്ടിൽ പോയി സ്കൂട്ടറിൽ വീട്ടിലേക്കു മടങ്ങിയ വസന്തകുമാരിയുടെ പിന്നാലെ ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തിയ യുവാവ് ഇവരുടെ കഴുത്തിനു പിന്നിലടിച്ചശേഷം മാല പറിച്ചെടുക്കുകയായിരുന്നു.
അടിയേറ്റ് നിയന്ത്രണംവിട്ട് ഇവർ സ്കൂട്ടറിൽനിന്നു റോഡിലേക്കു വീണു. ശബ്ദംകേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും മോഷ്ടാവ് ബൈക്കിൽ രക്ഷപ്പെട്ടു. പരിക്കേറ്റ് റോഡിൽ വീണുകിടന്ന വസന്തകുമാരിയെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. വീഴ്ചയിൽ സ്കൂട്ടറിനു കേടുപാടുണ്ടായി. സംഭവത്തിനു തൊട്ടുമുൻപ് മോഷ്ടാവ് കറ്റാനത്തുനിന്ന് വടക്കോട്ട് ബൈക്കിൽ പോകുന്നതടക്കമുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസിനു ലഭിച്ചതായി പറയുന്നു. വസന്തകുമാരിയുടെ മൊഴിയെടുത്ത് കുറത്തികാട് പോലീസ് കേസെടുത്തു. സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളുമായി മോഷ്ടാവിനായി പോലീസ് അന്വേഷണം തുടങ്ങി.
Content Highlights: Incident occurred near Bharanikavu Illathumukku on Saturday., Victim sustained injuries to head and arm after being knocked off her scooter., Three sovereigns of gold chain stolen by a helmet-clad bike rider., Kurathikad police have registered a case and are analyzing CCTV footage.