കിടപ്പുരോഗിയായ ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസ്; ഭാര്യയ്ക്കും ബന്ധുവിനും ജീവപര്യന്തം, രണ്ടുലക്ഷം രൂപ വീതം പിഴ

#ന്യൂസ് ഡെസ്ക്

കാസർകോട്: അറുപത്തേഴുകാരനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യയെയും ബന്ധുവിനെയും ജീവപര്യന്തം തടവിനും രണ്ടുലക്ഷം രൂപ വീതം പിഴയുമടയ്ക്കാൻ ശിക്ഷിച്ചു.

പിലിക്കോട് മഡിവയലിൽ പത്താനത്ത് കുഞ്ഞമ്പുവിനെ കൊലപ്പെടുത്തിയ കേസിലാണ് ഒന്നാം പ്രതിയും കൊല്ലപ്പെട്ട കുഞ്ഞമ്പുവിന്റെ ഭാര്യയുമായ ജാനകി എന്ന വെമ്പിരിച്ചി ജാനകി (55), രണ്ടാം പ്രതി രാജേഷ് എന്ന ഉണ്ട രാജേഷ് (40) എന്നിവരെ അഡീഷണൽ ജില്ലാ സെഷൻസ് കോടതി രണ്ട് ജഡ്ജി രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ നാലുമാസംവീതം അധികതടവ് അനുഭവിക്കണം. കുഞ്ഞമ്പുവിനെ വീട്ടിനുള്ളിൽ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

രണ്ടാംപ്രതി രാജേഷിന് 10 വർഷം അധികതടവും ഒരുലക്ഷംരൂപ പിഴയും കോടതി വിധിച്ചു. മൂന്നാം പ്രതിയായ അനിൽ എന്ന അനിമാമൻ വിചാരണയ്ക്കിടെ ആത്മഹത്യ ചെയ്തിരുന്നു.

2021 ജൂലായ് 21-ന് രാത്രിയായിരുന്നു സംഭവം. കോവിഡ് ബാധയെത്തുടർന്ന് ശരീരത്തിന്റെ ഒരുഭാഗത്തിന് ശേഷിക്കുറവുണ്ടായി ശാരീരിക അവശതകൾ അനുഭവിച്ചിരുന്ന കുഞ്ഞമ്പു വീട്ടിലെ ഹാൾമുറിയിൽ കട്ടിലിൽ കിടക്കുകയായിരുന്നു.

ഇയാളെ പരിചരിച്ചിരുന്ന ഭാര്യ ജാനകിക്ക് അതിൽ ബുദ്ധിമുട്ടുണ്ടായിരുന്നതും ഭർത്താവുമായുള്ള നിരന്തരമായ അഭിപ്രായവ്യത്യാസങ്ങളും കൊലപാതകത്തിന് കാരണമായെന്നാണ് പ്രോസിക്യൂഷൻ വാദം. ജാനകിയുടെ നിർദേശപ്രകാരം അവരുടെ സാന്നിധ്യത്തിൽ രണ്ടാംപ്രതി രാജേഷും മൂന്നാംപ്രതി അനിലും ചേർന്ന് കുഞ്ഞമ്പുവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

കുഞ്ഞമ്പുവിന്റെ ബന്ധുവായ പ്രമോദ് നൽകിയ പരാതിയിൽ ചന്തേര പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് വ്യക്തമായത്. അന്നത്തെ ചന്തേര എസ്.ഐ.യും നിലവിൽ കാസർകോട് വിജിലൻസ് ഇൻസ്‌പെക്ടറുമായ എം.വി.ശ്രീദാസാണ് ആദ്യം കേസന്വേഷിച്ചത്. തുടരന്വേഷണം പൂർത്തിയാക്കി പ്രതികൾക്കെതിരേ കുറ്റപത്രം സമർപ്പിച്ചത് ചന്തേര പോലീസ് ഇൻസ്‌പെക്ടറും നിലവിൽ കണ്ണൂർ ൈക്രംബ്രാഞ്ച് ഡിവൈ.എസ്.പി.യുമായ പി.നാരായണനാണ്.? പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ജി.ചന്ദ്രമോഹനൻ ഹാജരായി.

Content Highlights: Wife and relative sentenced to life imprisonment for the murder of 67-year-old Kunjampu., Court imposed a fine of Rs 2 lakh each with additional imprisonment for default., Incident occurred in July 2021 at Pilicode Madivayal in Kasaragod.