'ആന്ധ്രയിലെ ബോസ്'; നിരോധിത നോട്ടിടപാടിലും 'ചതി', നൽകിയത് 2,000-ൻ്റെ കള്ളനോട്ട്; തട്ടിക്കൊണ്ടുപോകൽ

#ന്യൂസ് ഡെസ്ക്
തട്ടിക്കൊണ്ടുപോകൽ കേസിൽ പിടിയിലായ ആന്ധ്രപ്രദേശ് സ്വദേശികളെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നു
തട്ടിക്കൊണ്ടുപോകൽ കേസിൽ പിടിയിലായ ആന്ധ്രപ്രദേശ് സ്വദേശികളെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നു

കാസർകോട്: യുവാവിനെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിരോധിത നോട്ടിടപാടിന്റെ കണ്ണികൾക്കുപിന്നാലെ പോലീസ്. നേരത്തേ സമാന കേസുകളിൽ പിടിയിലായവരെയും കള്ളനോട്ട് കേസുകളുമായി ബന്ധപ്പെട്ടവരെയും ചുറ്റിപ്പറ്റിയാണ് അന്വേഷണം. കാറിലെത്തിയ അഞ്ചംഗസംഘം കാസർകോട് കറന്തക്കാട്ടെ ഹോട്ടലിന്റെ മുന്നിൽ നിൽക്കുകയായിരുന്ന മേൽപ്പറമ്പ് സ്വദേശി ഹനീഫയെയാണ് കഴിഞ്ഞദിവസം തട്ടിക്കൊണ്ടുപോയത്.

വ്യാഴാഴ്ച റിമാൻഡിലായ പാലക്കുന്ന് കോട്ടപ്പാറയിലെ എം.ഷെരീഫ്, ബേവിഞ്ചയിലെ ബി.നൂറുദ്ദീൻ എന്നിവർക്കെതിരെ നേരത്തേ സമാനമായ കേസുകളുണ്ടെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്.

നിരോധിച്ച 2,000 രൂപയുടെ നോട്ടുകൾ റിസർവ് ബാങ്ക് വഴിയാണ് മാറ്റിയെടുക്കാനാകുക. റിസർവ് ബാങ്കിലെ ഉദ്യോഗസ്ഥരുമായി ബന്ധമുള്ള ആന്ധ്രയിലെ ബോസാണ് നോട്ട് വാങ്ങാൻ കാസർകോട്ടേക്ക് അയച്ചതെന്ന് തട്ടിക്കൊണ്ടുപോകൽ കേസിൽ പിടിയിലായ ആന്ധ്ര സ്വദേശികൾ മൊഴിനൽകിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് അന്വേഷണം. ആന്ധ്രാസംഘത്തിന് കാസർകോട്ടെ സംഘം കൈമാറാനിരുന്നത് കള്ളനോട്ടുകളായിരുന്നു.

ആന്ധ്രയിൽനിന്ന് എത്തിയവരിലൊരാൾ നോട്ട് വ്യാജമാണെന്ന് തിരിച്ചറിഞ്ഞതും ഇതേത്തുടർന്ന് അയാളെ തടഞ്ഞുവെച്ച് ഏഴരലക്ഷം കൈപ്പറ്റിയതുമാണ് തട്ടിക്കൊണ്ടുപോകലിനിടയാക്കിയത്. കള്ളനോട്ടാണ് കാണിച്ചതെന്ന് പിടിയിലായ ആന്ധ്ര ചെന്നറെഡ്ഡിപ്പള്ളിയിലെ സിദ്ധാനാ ഓംകാർ മൊഴി നൽകിയിട്ടുണ്ട്. പാലക്കുന്ന് കോട്ടപ്പാറയിലെ ഷെരീഫാണ് 2,000-ന്റെ കള്ളനോട്ട് കാണിച്ചത്. ഇയാൾക്ക് കള്ളനോട്ട് എവിടെനിന്ന് കിട്ടിയെന്ന് തിരിച്ചറിയുന്നതിനൊപ്പം കൈവശമുള്ള കള്ളനോട്ടുകൾ കണ്ടെത്തുകയും വേണം.

അമ്പലത്തറയിൽ പിടിച്ചത് ചാക്കിൽകെട്ടി സൂക്ഷിച്ച നോട്ട്

കാസർകോട് അമ്പലത്തറ പാറപ്പള്ളി ഗുരുപുരത്തെ വാടകവീട്ടിൽ നിന്ന് 2024 മാർച്ച് 20-ന് 7.25 കോടിയുടെ കള്ളനോട്ടുകൾ പിടിച്ചിരുന്നു. വീട്ടിലെ പൂജാമുറിയിലും ഹാളിലും ചാക്കിൽകെട്ടി സൂക്ഷിച്ച നിലയിലായിരുന്നു നോട്ടുകൾ. കേസിൽ പിടിയിലായ പാണത്തൂർ പനത്തടിയിലെ അബ്ദുൾ റസാഖ്, മൗവ്വൽ പരയങ്ങാനത്തെ സുലൈമാൻ എന്നിവർക്ക് ഇപ്പോൾ പിടിയിലായ ഷെരീഫുൾപ്പെടെയുള്ളവരുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

മംഗളൂരുവിലെ കള്ളനോട്ട് കേസിൽ കാസർകോട് ചെർക്കളയിൽ പ്രസ് നടത്തിയിരുന്നയാളെ കർണാടക പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രസിൽനിന്ന് സ്വന്തമായി നോട്ട് അച്ചടിച്ചായിരുന്നു ഇടപാടുകൾ. ഇതിനുപിന്നാലെ ബേക്കലിലും പരിസരങ്ങളിലും കള്ളനോട്ട് ലഭിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിൽ കർണാടക പോലീസ് പിടിച്ചയാളിന്റെ ബന്ധുവിനെയും അറസ്റ്റ് ചെയ്തിരുന്നു.

തട്ടിക്കൊണ്ടുപോയതിന് പിന്നിൽ നിരോധിത നോട്ടിടപാട്; എട്ടുപേർ അറസ്റ്റിൽ

കാസർകോട്: നഗരത്തിൽനിന്ന് പകൽ യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ തെളിയുന്നത് നിരോധിത നോട്ടിടപാട്. സംഭവത്തിൽ പിടിയിലായ ആന്ധ്രപ്രദേശ് സ്വദേശികളെ കാസർകോട്ടെത്തിച്ച് ചോദ്യംചെയ്തപ്പോഴാണ് നിരോധിച്ച 2000 രൂപ നോട്ടിടപാടിലെ വിവരങ്ങൾ പുറത്തുവന്നത്. ഇതോടെ തട്ടിക്കൊണ്ടുപോകലിൽ കേസ് രജിസ്റ്റർചെയ്ത ടൗൺ പോലീസ് രണ്ട് സംഭവങ്ങളിലായി എട്ട് പേരെ അറസ്റ്റ് ചെയ്തു.

തട്ടിക്കൊണ്ടുപോകൽ, തടഞ്ഞുവെക്കൽ, നിരോധിത നോട്ടിടപാട് തുടങ്ങിയ സംഭവങ്ങളിൽ രണ്ടുകേസുകളിലായി ആന്ധ്രപ്രദേശ് സ്വദേശികളായ നാലുപേരെയും തട്ടിക്കൊണ്ടുപോയ മേൽപ്പറമ്പ് വള്ളിയോട്ടെ മുഹമ്മദ് ഹനീഫ ഉൾപ്പടെ സർകോട് സ്വദേശികളായ നാല് പേരെയുമാണ് അറസ്റ്റ് ചെയ്തത്. .

ആന്ധ്രപ്രദേശ് ചെന്നറെഡ്ഡിപ്പള്ളിയിലെ സിദ്ധാനാ ഓംകാർ (25), ഗംഗനപ്പള്ളിയിലെ മാരുതിപ്രസാദ് റെഡ്ഡി (33), കഡപ്പ സ്വദേശികളായ എ.ശ്രീനാഥ് (26), പൃഥ്വിരാജ് റെഡ്ഡി (31), ഹനീഫ (36), പാലക്കുന്ന് കോട്ടപ്പാറയിലെ എം.ഷെരീഫ് (44), ചെർക്കള ബേവിഞ്ചയിലെ ബി.നൂറുദ്ദീൻ (42), ചട്ടഞ്ചാൽ ബെണ്ടിച്ചാലിലെ കെ.വിജയൻ (55) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കാസർകോട് ഒന്നാംക്ലാസ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയശേഷം റിമാൻഡ് ചെയ്തു.

കാസർകോട് സ്വദേശികളുടെ കൈയിലെ നിരോധിച്ച 2000 രൂപയുടെ നോട്ടുകൾ വാങ്ങാൻ ആന്ധ്രയിൽനിന്നുള്ള സംഘമെത്തിയത് മുതലുള്ള പ്രശ്‌നങ്ങളാണ് തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചത്. കാസർകോട്ടെത്തിയ ആന്ധ്രാസംഘത്തിലെ സിദ്ധാനാ ഓംകാർ ഡിസംബർ 16-നാണ് ഷെരീഫിന്റെ പക്കലുള്ള നോട്ട് വാങ്ങാൻ പോയത്. എന്നാൽ നോട്ട് വ്യാജമാണെന്ന് ഓംകാർ മനസ്സിലാക്കി. ഇത് തിരിച്ചറിഞ്ഞ ഷെരീഫും സംഘവും ഇയാളെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തി. ഇയാളുടെ സംഘത്തിലെ മറ്റുള്ളവരെ വിളിച്ച് ഓംകാറിനെ വിട്ടുകിട്ടാൻ ഏഴരലക്ഷം രൂപയാണ് ഷെരീഫ് ആവശ്യപ്പെട്ടത്. തുടർന്ന് ആദ്യം ഒരുലക്ഷവും പിന്നീട് 6.50 ലക്ഷവും ഓൺലൈനായി ഷെരീഫിന്റെ അക്കൗണ്ടിൽ നൽകിയാണ് ഓംകാറിനെ മോചിപ്പിച്ചത്.

ഇങ്ങനെ കൊടുത്ത പണം തിരിച്ചു പിടിക്കാനായാണ് ഷെരീഫിന്റെ സംഘത്തിലുണ്ടായിരുന്ന ഹനീഫയെ തട്ടിക്കൊണ്ടു പോയതെന്നാണ് ആന്ധ്ര സ്വദേശികൾ പോലീസിന് നൽകിയ മൊഴി. നോട്ടിടപാട് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കാൻ പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.

ബുധനാഴ്ച ഉച്ചയോടെയാണ് മേൽപ്പറമ്പിലെ ഹനീഫയെ ആന്ധ്രപ്രദേശ് രജിസ്ട്രേഷനിലുള്ള കാറിയിൽ ദേശീയപാതയോരത്ത് കറന്തക്കാട് വെച്ച് തട്ടിക്കൊണ്ടുപോയത്. സ്ഥലത്തുണ്ടായവരിൽനിന്ന് വിവരം ലഭിച്ച പോലീസ് ഉണർന്ന് പ്രവർത്തിച്ചതോടെയാണ് പ്രതികളെ വേഗത്തിൽ പിടിക്കാനായത്. കാറിന്റെ നമ്പർ ഉപയോഗിച്ച് ആർസി ഉടമയുടെ മൊബൈൽനമ്പറും ട്രാക്ക് ചെയ്തു.

അരമണിക്കൂറിനുള്ളിൽ വാഹനം തലപ്പാടി ചെക്പോസ്റ്റ് കടന്നതായി വിവരം ലഭിച്ചു. മംഗളൂരു പമ്പ്വെൽ കവലയിൽനിന്ന് ബെംഗളൂരു പാതയിലേക്കാണ് കാർ പോയത്. തുംകൂരു വഴി ആന്ധ്രയിലേക്ക് കടക്കാനായിരുന്നു പദ്ധതി. ദക്ഷിണ കന്നഡ, ഹാസൻ ജില്ലകളിലെ പോലീസ് ഓരോ പ്രദേശത്തും വാഹനത്തെ കാത്തിരുന്നു. ഹാസൻ സകലേശ്പുരയിലെത്തിയപ്പോൾ റോഡിൽ വാഹനം തടഞ്ഞ് കസ്റ്റഡിയിലെടുത്തത്. പ്രതികളെ ബുധനാഴ്ച രാത്രിയോടെ കാസർകോട്ടെത്തിച്ചു. വിശദമായ ചോദ്യം ചെയ്യലിലാണ് കാസർകോട്ടെ നോട്ടിടപാട് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്.

കാർ മൂന്നുദിവസവും ജില്ലയിൽ

യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച ആന്ധ്രാപ്രദേശ് രജിസ്‌ട്രേഷനുള്ള കാർ 14-ന് ജില്ലയിലെത്തിയതായി വിവരം. ദേശീയപാതയിൽ സ്ഥാപിച്ച ക്യാമറയിലാണ് മൂന്നുദിവസം രാവിലെ 9.45-നും പത്തിനും ഇടയിലും ഒരുദിവസം ഉച്ചയോടെയും തലപ്പാടി അതിർത്തി കടന്നുവന്നതായി വ്യക്തമായത്.

അതേസമയം പിടിയിലായ കാസർകോട് സ്വദേശികളായ ശരീഫ്, നുറുദ്ദീൻ എന്നിവർക്കെതിരേ നേരത്തേയും സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് കേസുണ്ടെന്ന് പോലീസ് പറഞ്ഞു.

നിരോധിത നോട്ട് മാറ്റുന്നതിന് നിശ്ചിത തുകയിൽ ഡീൽ ഉറപ്പിച്ച് ആന്ധ്രാസംഘത്തെ കാസർകോട് സ്വദേശികളായ പ്രതികൾ വിളിച്ചുവരുത്തുകയായിരുന്നു. ആദ്യമേ 7.5 ലക്ഷത്തിൽ ഒരുലക്ഷം രൂപ കാസർകോട്ടെ സംഘത്തിന് ഓൺലൈൻ വഴി കൈമാറിയെന്ന മൊഴി സൂചിപ്പിക്കുന്നതും അതാണ്.

Content Highlights: Police uncover banned note dealings behind Kasaragod youth kidnapping. Investigation links to fake currency and interstate crime network. Read more.