കരുവാറ്റ കൊലപാതകം; പെൺകുട്ടിയെ ചോദ്യംചെയ്യാൻ അനുമതി, കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികൾക്കും ജാമ്യം

കൊല്ലപ്പെട്ട ശിവൻകുട്ടി, കൊലപാതകം നടന്ന കരുവാറ്റയിലെ വീട്
കൊല്ലപ്പെട്ട ശിവൻകുട്ടി, കൊലപാതകം നടന്ന കരുവാറ്റയിലെ വീട്

ചേർത്തല: കരുവാറ്റ കൊലപാതകക്കേസിൽ കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികൾക്കും ജാമ്യം. ജുവനൈൽ ജസ്റ്റിസ് ബോർഡ് സിറ്റിങ്ങിലാണ് അപേക്ഷ പരിഗണിച്ച് ജാമ്യം നൽകി ഉത്തരവായത്. കുറ്റാരോപിതയായ പെൺകുട്ടിയെ ചോദ്യംചെയ്യാൻ അന്വേഷണസംഘത്തിന് അനുമതിയും നൽകി.

രക്ഷിതാക്കളുടെ സംരക്ഷണച്ചുമതലയിലാണ് മൂന്നു പേരെയും വിടുന്നത്. ചൊവ്വാഴ്ച ഇവരെ മായിത്തറയിലെ സംരക്ഷണ കേന്ദ്രത്തിൽനിന്നു വിടും. കൗൺസലിങ് അടക്കമുള്ള നടപടികൾ തുടരാൻ ബോർഡ് നിർദേശം നൽകി.

കുറ്റാരോപിതർ പിടിയിലായി 40 ദിവസത്തിലേറെ പിന്നിടുകയും ചോദ്യംചെയ്യലും തെളിവെടുപ്പും പൂർത്തിയായ സാഹചര്യത്തിലുമാണ് ജാമ്യം അനുവദിച്ചത്. നിയമചരിത്രത്തിൽ അപൂർവമാണ് പ്രായപൂർത്തിയാകാത്തവർ മാത്രം കുറ്റാരോപിതരായ കേസ്.

കൊലപാതകത്തിന്റെ ആസൂത്രണത്തിലടക്കം പെൺകുട്ടിയും പങ്കാളിയാണെന്നതിനാൽ ചോദ്യംചെയ്യൽ അനിവാര്യമാണെന്ന നിലപാടിലായിരുന്നു പ്രോസിക്യൂഷനും അന്വേഷണസംഘവും. നീണ്ട വാദങ്ങൾക്കൊടുവിലാണ് ചോദ്യംചെയ്യലിന് അനുമതി നൽകിയത്.

പ്രോസിക്യൂഷനു വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ മനു കല്ലമ്പള്ളി ഹാജരായി. ചോദ്യംചെയ്യൽ രഹസ്യമായിരിക്കും എന്നതിനാൽ സമയം വ്യക്തമാക്കിയിട്ടില്ല.