വീടിന് പെയിന്റടിക്കാൻ വന്നയാളുമായി പ്രണയം; ഭർത്താവിനെ കൊന്ന് അപകടമരണമാക്കി മാറ്റി, ഭാര്യയും കാമുകനും അറസ്റ്റിൽ

വിജയപുര: 10 വർഷത്തെ ദാമ്പത്ത്യത്തിന്റെ അടുത്ത പടിയായി, തങ്ങളുടെ ഇരട്ടക്കുട്ടികൾക്കൊപ്പം സന്തോഷത്തോടെ ജീവിക്കാനായി കെട്ടിപ്പടുത്ത ആ വീട്, തന്റെ ജീവനില്ലാതാക്കാൻ തന്നെ കാരണമാകുമെന്ന് രാജശേഖർ സ്വപ്നത്തിൽപോലും വിചാരിച്ചിരിക്കില്ല. വീടിന്റെ പെയിന്റിങ് പണിവരെ, എല്ലാം നല്ലനിലയിലായിരുന്നു, എന്നാൽ പെയിന്റിങ് ജോലിക്കായി എത്തിയ ആനന്ദ് എന്ന യുവാവുമായി രാജശേഖറിന്റെ ഭാര്യ അശ്വിനി അടുപ്പത്തിലായതോടെ എല്ലാം തകിടംമറിഞ്ഞു.
അശ്വിനിയും കാമുകനും ചേർന്ന് രാജശേഖറിന്റെ ജീവനെടുക്കുന്നതുവരെ എത്തി കാര്യങ്ങൾ. എന്നാൽ, കൊലപാതകം ഒരു റോഡപകടമാക്കി രക്ഷപ്പെടാനുള്ള അവരുടെ ശ്രമം പോലീസ് പൊളിച്ചടുക്കി. അതോടെ നാടിനെ നടുക്കിയ ഒരു കൊലപാതകത്തിന്റെ കഥ പുറത്തുവന്നു. കർണാടകയിലെ വിജയപുരയിലുള്ള ഏകതാ നഗറിലായിരുന്നു രാജശേഖറും (42) അശ്വിനിയും (30) കുട്ടികളോടൊപ്പം താമസിച്ചിരുന്നത്. ആറുവയസുള്ള, ഇരട്ടകളായ രണ്ട് ആൺമക്കളാണ് ഇവർക്കുണ്ടായിരുന്നത്.
ഇക്കഴിഞ്ഞ ഒക്ടോബർ നാലിനാണ് രാജശേഖർ അജ്ഞാത വാഹനമിടിച്ച് കൊല്ലപ്പെട്ടത്. രാവിലെ 5-നും 5:30-നും ഇടയിൽ പ്രഭാതനടത്തത്തിനായി പോയ ഭർത്താവിനെ തിരിച്ചറിയാത്ത വാഹനം ഇടിച്ചുവീഴ്ത്തുകയായിരുന്നു എന്നാണ് അശ്വിനി പോലീസിന് നൽകിയ മൊഴി. അതുകൊണ്ടുതന്നെ, ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 281 (അശ്രദ്ധമായി വാഹനമോടിക്കൽ), 106 (1) (അശ്രദ്ധമൂലം മരണം സംഭവിക്കൽ), മോട്ടോർ വാഹന നിയമത്തിലെ വകുപ്പുകൾ എന്നിവ പ്രകാരം വിജയപുര ട്രാഫിക് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
തുടക്കത്തിൽ ഇതൊരു സാധാരണ റോഡപകടമായാണ് പോലീസിന് തോന്നിയത്. എന്നാൽ, മരണത്തിലെ സാഹചര്യങ്ങളിൽ സംശയം തോന്നിയ അന്വേഷണസംഘം അപകടത്തെക്കുറിച്ച് കൂടുതൽ പരിശോധന നടത്താൻ തീരുമാനിച്ചു. അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അശ്വിനിയേയും ആനന്ദിനേയും ചോദ്യംചെയ്തതിൽ നിന്നാണ് പ്രതികൾ കൊലപാതകത്തെ കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയത് എന്ന് വിജയപുര എസ്.പി. ലക്ഷ്മൺ നിംബർഗി പറഞ്ഞു.
അന്വേഷണത്തിൽ, ഏഴു മാസം മുൻപാണ് രാജശേഖറും അശ്വിനിയും പുതിയ വീട് വച്ചതെന്നും വീടിന്റെ പെയിന്റിങ് ജോലികൾക്കായി ആനന്ദ് റൗത്തപ്പ കല്ലൂർ (25) എന്നയാളെയാണ് ഏൽപ്പിച്ചതെന്നും പോലീസ് മനസിലാക്കി. പിന്നാലെ ഇവരെ ചുറ്റിപ്പറ്റിയും അന്വേഷണം വ്യാപിപ്പിച്ചു. അങ്ങനെയാണ്, ജോലിക്കായി വീട്ടിലെത്തിയ ആനന്ദ് അശ്വിനിയുമായി അടുപ്പത്തിലാവുകയും ഇത് പ്രണയമായി മാറുകയുമായിരുന്നു എന്ന വിവരം പോലീസിന് ലഭിച്ചത്.
രാജശേഖറിനെ കൊലപ്പെടുത്തിയ ശേഷം അതൊരു അപകടമാക്കി മാറ്റാനായിരുന്നു അശ്വിനിയുടെയും ആനന്ദിന്റെയും പദ്ധതി. കൊലപാതകം നടത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായി, ഭർത്താവുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം അശ്വിനി ആനന്ദിന് കൈമാറിയിരുന്നു. സംഭവദിവസം രാവിലെ 5:30-ഓടെ, പതിവുപോലെ രാജശേഖർ വീട്ടിൽ നിന്ന് പ്രഭാത നടത്തത്തിനായി ഇറങ്ങി. നേരത്തെ നിശ്ചയിച്ചത് പ്രകാരം ഈ വിവരവും അശ്വിനി കൃത്യമായി ആനന്ദിനെ അറിയിച്ചു.
പിന്നാലെ, ആനന്ദ് ബൈക്കിൽ രാജശേഖറിനെ പിന്തുടരുകയും കൂട്ടാളികളായ സച്ചിനും പ്രായപൂർത്തിയാകാത്ത മറ്റൊരാൾക്കും സന്ദേശം നൽകുകയും ചെയ്തു. അപ്പോഴേക്കും രാജശേഖർ വിജയപുരയിലെ ജുമനാൽ റോഡിലുള്ള കാർ ഷോറൂമിന് സമീപമെത്തിയിരുന്നു. ഈ സമയം, നമ്പർ പ്ലേറ്റില്ലാത്ത കറുത്ത എസ്.യു.വി. കാറിൽ ഇവിടെയെത്തിയ സച്ചിനും കൂട്ടാളിയും ചേർന്ന് നടന്നുപോവുകയായിരുന്നു രാജശേഖറിന പിന്നിൽനിന്ന് ഇടിച്ച് തെറിപ്പിച്ച ശേഷം നിർത്താതെ പോയി.
രാജശേഖർ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. അശ്വിനി, ആനന്ദ്, സച്ചിൻ, പ്രായപൂർത്തിയാകാത്ത കൂട്ടാളുയുമടക്കം നാലു പ്രതികളെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
Content Highlights: Rajasekhar was murdered by his wife Ashwini and her lover Anand, who attempted to disguise the crime as a road accident in Vijayapura, Karnataka. The police initially registered the case as a road accident but later uncovered the murder plot after further investigation revealed suspicious circumstances. Ashwini, Anand, and two accomplices were arrested for their involvement in the murder, which was planned to appear as an accident.